ആലപ്പുഴ: സ്വകാര്യ ബസിൽനിന്ന് വീണ് ആലപ്പുഴയിൽ വിദ്യാർഥിനിക്ക് പരിക്കേറ്റ സംഭവത്തിൽ ഡ്രൈവറുടെയും കണ്ടക്ടറുടെയും ലൈസൻസ് സസ്പെൻഡ് ചെയ്തു. അൽ അമീൻ എന്ന ബസിന്‍റെ ഡ്രൈവർ ജയകുമാർ, കണ്ടക്ടർ സുഭാഷ് എന്നിവരുടെ ലൈസൻസ് മൂന്നു മാസത്തേക്കാണ് മോട്ടോർ വാഹന വകുപ്പ് സസ്പെൻഡ് ചെയ്തത്.
പുന്നപ്ര കോ-ഓപ്പറേറ്റീവ് എൻജിനീയറിങ് കോളജിലെ അവസാനവർഷ ബി.ടെക് സിവിൽ വിദ്യാർഥിനി ദേവീ കൃഷ്ണയ്ക്കാണ് പരിക്കേറ്റത്. കഴിഞ്ഞ വെള്ളിയാഴ്ച 3.20ന് ആലപ്പുഴ വലിയ ചുടുകാട് ജങ്ഷനും തിരുവമ്പാടി ജങ്ഷനും ഇടയിലായിരുന്നു അപകടം. ഇറങ്ങാനുള്ള വലിയ ചുടുകാട് ജങ്ഷന്‍ എത്തിയപ്പോള്‍ ബസ് നിര്‍ത്തിയില്ല. ബസ് നിര്‍ത്താന്‍ വിദ്യാർഥിനി ആവശ്യപ്പെട്ടതോടെ തിരുവമ്പാടി എത്തുന്നതിന് മുന്‍പ് നിര്‍ത്തി.
ഇറങ്ങാന്‍ തുടങ്ങിയപ്പോള്‍ ബസ് പെട്ടെന്ന് മുന്നോട്ടെടുക്കുകയായിരുന്നു. ഇതോടെ വിദ്യാർഥിനി പുറത്തേക്ക് തെറിച്ചുവീഴുകയും റോഡിലെ വൈദ്യുതി തൂണിൽ തലയിടിക്കുകയുമായിരുന്നു. വിദ്യാർഥിനി ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. ഡോർ തുറന്ന് സർവീസ് നടത്തിയതിനും നടപടി ഉണ്ടാകുമെന്നാണ് വിവരം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.