അതിജീവിതക്കെതിരെ അധിക്ഷേപ പോസ്റ്റോ കമന്‍റോ ഇടുന്നവർക്കെതിരെ കർശന നടപടി; സംസ്ഥാനത്ത് 36 കേസുകൾ

തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എക്കെതിരെ പീഡന പരാതി നൽകിയ അധിജീവിതയെ സൈബർ അധിക്ഷേപം നടത്തിയതിന് സംസ്ഥാനത്ത് 36 കേസുകൾ രജിസ്റ്റർ ചെയ്തു. വിവിധ ജില്ലകളിലാണ് കേസുകൾ രജിസ്റ്റർ ചെയ്തിരിക്കുന്നത്. അധിക്ഷേപ പോസ്റ്റോ കമന്‍റോ ഇടുന്നവർക്കെതിരെ ശക്തമായ നടപടിയെടുക്കുമെന്ന് എ.ഡി.ജി.പി എസ്. ശ്രീജിത്ത് അറിയിച്ചു.

രാഹുൽ മാങ്കൂട്ടത്തിൽ ലൈംഗികമായി അതിക്രമിച്ചുവെന്ന് മുഖ്യമന്ത്രിക്ക് പരാതി നൽകിയതിന് പിന്നാലെയാണ് അതിജീവിതക്കെതിരെ സൈബർ ആക്രമണം രൂക്ഷമായത്. രാഹുലിന്‍റെ അനുയായികളും കോൺഗ്രസ് അനുകൂല ചില ഡിജിറ്റൽ മീഡിയ സെൽ അംഗങ്ങളുമായിരുന്നു പിന്നിൽ. കോൺഗ്രസ് നേതാവ് സന്ദീപ് വാര്യരുടെ ഫേസ്ബുക്ക് പേജിലെ ഒരു വർഷം മുമ്പുള്ള ചിത്രം പ്രചരിപ്പിച്ചായിരുന്നു കൂടുതലും അധിക്ഷേപം. തുടർന്നാണ് സന്ദീപ് വര്യരെയും രാഹുൽ ഈശ്വറിനെയും ഉൾപ്പെടെ പ്രതിയാക്കി സൈബർ പൊലീസ് കേസ് രജിസ്റ്റർ ചെയ്തതത്. ആദ്യഘട്ടത്തിൽ അഞ്ചുപേർക്കെതിരെയായിരുന്നു കേസ്. ഒരാഴ്ചകൊണ്ട് പാലക്കാട്, തൃശ്ശൂർ, കൊല്ലം തുടങ്ങിയ വിവിധ ജില്ലകളിൽനിന്നുള്ള 36 പേർക്കെതിരെ കേസെടുത്തിരിക്കുന്നത്. വ്യാഴാഴ്ചയും രണ്ട് പേർക്കെതിരെ കേസെടുത്തിട്ടുണ്ട്. സൈബർ ഗ്രൂപ്പുകളും നിരീക്ഷണത്തിലാണ്.

അതിജീവിതയുടെ പേര്, മറ്റു വിവരങ്ങൾ എന്നിവ പുറത്തുപറയുന്നത് കുറ്റകരമാണ്. അഭിപ്രായ സ്വാതന്ത്ര്യത്തിന്‍റെ പേരിൽ മറ്റൊരാളുടെ സ്വകാര്യതാ ലംഘനത്തിന് ആർക്കും അവകാശമില്ലെന്നും അത്തരം വിവരങ്ങള്‍ വെളിപ്പെടുന്ന വിധം നവമാധ്യങ്ങളിൽ പോസ്റ്റിട്ടാൽ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുക്കുമെന്നും എ.ഡി.ജി.പി എസ്. ശ്രീജിത്ത് വ്യക്തമാക്കി. അതിജീവിതകളെ അപമാനിക്കുന്നവരുടെ ഡിജിറ്റൽ ഉപകരണങ്ങൾ പിടിച്ചെടുക്കാന്‍ ജില്ല പൊലീസ് മേധാവിമാർക്ക് പൊലീസ് മേധവിയും നിർദേശം നല്‍കിയിട്ടുണ്ട്.

Tags:    
News Summary - Strict action against those who post abusive posts or comments against survivors

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.