തെരുവുനായ്; വാക്സിനേഷനും വന്ധ്യംകരണവും കടമ്പകളേറെ

തിരുവനന്തപുരം: സംസ്ഥാനത്തെ നാലുലക്ഷത്തോളം വരുന്ന തെരുവുനായ്ക്കളെ 'മെരുക്കാൻ' കടമ്പകളേറെ. നായ്ക്കളുടെ എണ്ണം ഉയർന്ന സാഹചര്യത്തിൽ പേവിഷബാധക്കെതിരെ വാക്സിനേഷനും വംശവർധന തടയാനുള്ള വന്ധ്യംകരണ പദ്ധതിയും പ്രായോഗികമാകില്ലെന്ന വാദവും ശക്തമാണ്. വാക്സിനേഷൻ ഓരോവർഷവും ആവർത്തിക്കണം. ഏതൊക്കെ നായ്ക്കൾക്ക് ഏതൊക്കെ തീയതികളിലാണ് വാക്സിൻ നൽകിയതെന്ന കാര്യം എങ്ങനെ മനസ്സിലാക്കാനാകുമെന്നതിൽ വ്യക്തതയില്ല.

വാക്സിനേഷനായി പിടിക്കുന്ന നായ്ക്കളിൽ പേവിഷബാധയുണ്ടോയെന്ന് എങ്ങനെ മനസ്സിലാക്കാമെന്നതും ചോദ്യമാണ്. നായ്ക്കളെ പിടിക്കാന്‍ പരിശീലനം നേടിയവരുടെ അഭാവം തദ്ദേശസ്ഥാപനങ്ങള്‍ നേരിടുന്ന വലിയ വെല്ലുവിളിയാണ്. നായ്ക്കള്‍ക്കുപിന്നാലെ പായാന്‍ നല്ല കായികക്ഷമത വേണം. ചിലതിനെ പിടികൂടാന്‍ വെളുപ്പിനുതന്നെ നിരത്തില്‍ ഇറങ്ങുകയും വേണം. പിടികൂടാനാണ് വരുന്നതെന്ന് നായ്ക്കള്‍ക്ക് തോന്നിയാല്‍ അവ പ്രദേശത്തുനിന്ന് മുങ്ങും. മറ്റൊരിടത്തുനിന്ന് അതിനെ പിടികൂടാന്‍ പുതിയ സംഘത്തെ നിയോഗിക്കേണ്ടിവരും. ഇതിനൊക്കെ ആളെവിടെയെന്ന ചോദ്യം ബാക്കിയാകുന്നു. വന്ധ്യംകരണവുമായി ബന്ധപ്പെട്ട ക്രമീകരണങ്ങളാണ് ഏറ്റവും വലിയ വെല്ലുവിളി.

വന്ധ്യംകരണത്തിന് ഏറ്റവും പ്രധാനം ഷെൽട്ടർ ഹോമാണ്. തെരുവുനായ്ക്കള്‍ക്കും ഉപേക്ഷിക്കപ്പെട്ട നായ്ക്കള്‍ക്കുമായുള്ള ഈ അഭയകേന്ദ്രങ്ങളുടെ നടത്തിപ്പിന് ദുരന്തനിവാരണനിയമപ്രകാരം കെട്ടിടങ്ങള്‍ ഏറ്റെടുക്കുമെന്നാണ് സർക്കാർ അറിയിച്ചിരിക്കുന്നത്. ഏറ്റെടുത്താലും ഇവയുടെ നടത്തിപ്പിന് പ്രായോഗിക പ്രശ്‌നങ്ങള്‍ ഒട്ടേറെ. നായ്ക്കളെ ആവാസ വ്യവസ്ഥയിൽനിന്ന് മാറ്റുമ്പോഴുണ്ടാകുന്ന പ്രശ്‌നമാണ് ഏറ്റവും പ്രധാനം. വൃദ്ധസദനംപോലെ നടത്താവുന്നതല്ല നായ്ക്കളുടെ അഭയകേന്ദ്രങ്ങളെന്നാണ് മൃഗസംരക്ഷണ വിഭാഗം ഡോക്ടര്‍മാര്‍ ചൂണ്ടിക്കാട്ടുന്നത്.

തെരുവുനായ്ക്കള്‍ക്ക് അവയുടേതായ ആവാസ കേന്ദ്രങ്ങളുണ്ട്. ഒരുസ്ഥലത്ത് സ്ഥിരമാകുന്ന നായ്ക്കളുടെ കൂട്ടത്തിലേയ്ക്ക് മറ്റൊരുകൂട്ടം എത്തുന്നത് അവ അംഗീകരിക്കില്ല. അതിനാല്‍ അഭയകേന്ദ്രങ്ങളില്‍ നായ്ക്കളുടെ ഏറ്റുമുട്ടല്‍ ഉറപ്പാണ്. ആവാസമേഖല പ്രധാനമായതിനാലാണ് നായ്ക്കളുടെ ജനനനിയന്ത്രണത്തിനുള്ള എ.ബി.സി പ്രോഗ്രാമിനുശേഷം അവയെ പിടിച്ച സ്ഥലത്തുതന്നെ കൊണ്ടുവിടുന്നത്. അഭയകേന്ദ്രങ്ങളില്‍ നായ്ക്കളെ കൂട്ടത്തോടെയിടുന്നത് കേന്ദ്ര ഡോഗ് റൂളിന് വിരുദ്ധമാണെന്നും ഡോക്ടര്‍മാര്‍ പറയുന്നു.

Tags:    
News Summary - street dog Vaccination and sterilization

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.