തെരുവുനായ് ശല്യം: നടപടികൾക്ക് തുടക്കമിട്ട് തദ്ദേശ സ്ഥാപനങ്ങള്‍

തിരുവനന്തപുരം: തെരുവുനായ് വിഷയത്തില്‍ നടപടികൾക്ക് തുടക്കമിട്ട് ബഹുഭൂരിപക്ഷം തദ്ദേശ സ്ഥാപനങ്ങളും. സെപ്റ്റംബര്‍ 20 മുതലാണ് തീവ്ര വാക്സിനേഷൻ ഡ്രൈവ് ഔദ്യോഗികമായി തീരുമാനിച്ചതെങ്കിലും അതിനേക്കാള്‍ മുമ്പുതന്നെ മിക്ക തദ്ദേശസ്ഥാപനങ്ങളും വാക്സിനേഷൻ യജ്ഞം ആരംഭിക്കുമെന്ന് മന്ത്രി എം.ബി. രാജേഷ് അറിയിച്ചു. കൊല്ലം കോര്‍പറേഷൻ 16നും തിരുവനന്തപുരം കോര്‍പറേഷൻ 18നും തെരുവുനായ്ക്കള്‍ക്ക് വാക്സിൻ വിതരണം ചെയ്യാനുള്ള തീവ്രയജ്ഞം ആരംഭിക്കും. കൊല്ലത്ത് വെള്ളിയാഴ്ച നടക്കുന്ന പരിപാടിയില്‍ മന്ത്രി പങ്കെടുക്കും. ഗുരുവായൂര്‍ മുൻസിപ്പാലിറ്റിയില്‍ വ്യാഴാഴ്ച മുതല്‍ വാക്സിനേഷൻ തീവ്രയജ്ഞം ആരംഭിക്കും.

വ്യാഴാഴ്ചക്കും തിങ്കളാഴ്ചക്കും ഇടയില്‍ എല്ലാ തദ്ദേശസ്ഥാപനങ്ങളിലും ഭരണസമിതി യോഗം ചേര്‍ന്ന് തെരുവുനായ് ശല്യം പരിഹരിക്കുന്നത് സംബന്ധിച്ച് ചര്‍ച്ച ചെയ്യും. ഈ യോഗത്തില്‍ പ്രോജക്ട് ഭേദഗതിയും ആക്ഷൻ പ്ലാനും തീരുമാനിക്കും. എം.എൽ.എമാരുടെ നേതൃത്വത്തില്‍ മണ്ഡലാടിസ്ഥാനത്തില്‍ ജനപ്രതിനിധികളുടെയും സര്‍വകക്ഷി പ്രതിനിധികളുടെയും യോഗവും വിളിച്ചുചേര്‍ക്കും. എല്ലാ ബ്ലോക്കിലും പട്ടികൾക്കായി എ.ബി.സി സ്റ്റെറിലൈസേഷൻ കേന്ദ്രങ്ങള്‍ ആരംഭിക്കാനുള്ള ശ്രമങ്ങളും തുടരുകയാണ്. നിലവില്‍ സജ്ജമായ എ.ബി.സി കേന്ദ്രങ്ങള്‍ ഉടൻ തുറക്കും.

നായ്ക്കുഞ്ഞുങ്ങളെ പിടികൂടി ചെറുപ്രായത്തില്‍ തന്നെ വാക്സിനേഷനും എ.ബി.സിയും നടത്താനും‍ നടപടിയും സ്വീകരിക്കും. നായ്ക്കളെ പിടികൂടാന്‍ സന്നദ്ധ പ്രവര്‍ത്തകരെ ഉപയോഗിക്കാനുള്ള ശ്രമവും തുടരുകയാണ്. കുടുംബശ്രീ ഇത്തരത്തില്‍ താൽപര്യമുള്ളവരുടെ എണ്ണമെടുക്കുന്ന പ്രവര്‍ത്തി ആരംഭിച്ചിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.

തെരുവുനായ്ക്കളെ പാര്‍പ്പിച്ച് പരിപാലിക്കുന്നതിന് ഷെല്‍ട്ടറുകള്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ ആരംഭിക്കാനുള്ള നിര്‍ദേശവും നല്‍കിയിട്ടുണ്ട്. ഇതിനായി ഒഴിഞ്ഞുകിടക്കുന്ന സ്ഥലങ്ങൾ ജനകീയ ഇടപെടലിലൂടെ കണ്ടെത്തും. തെരുവുനായ്ക്കളുടെ വൻകൂട്ടമുള്ള ഹോട്ട്സ്പോട്ടുകള്‍ നിര്‍ണയിച്ച് നിരന്തര ഇടപെടല്‍ നടത്തി നായ്ശല്യം പരിഹരിക്കാൻ നടപടികളെടുക്കും. മൃഗങ്ങളെയും മനുഷ്യരെയും പട്ടികള്‍ കടിച്ചതിന്‍റെ വിശദാംശങ്ങള്‍ മൃഗസംരക്ഷണ വകുപ്പില്‍നിന്നും ആരോഗ്യവകുപ്പില്‍നിന്നും ലഭ്യമാക്കിയാണ്‌ ഈ ഹോട്ട്സ്പോട്ടുകള്‍ നിര്‍ണയിക്കുന്നത്‌.

Tags:    
News Summary - Street dog nuisance: Local bodies initiate action

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.