മാധ്യമങ്ങളെ താക്കീത് ചെയ്ത് കോടതി; ഒന്ന് മുതല്‍ ആറ് വരെ പ്രതികള്‍ക്കുള്ള ശിക്ഷ ഇങ്ങനെ...

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ ശിക്ഷാവിധിക്ക് മുമ്പ് മാധ്യമങ്ങളെ താക്കീത് ചെയ്ത് ജഡ്ജി. കോടതി നടപടികളെക്കുറിച്ച് വളച്ചൊടിച്ച് വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനെതിരെയാണ് എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് ജഡ്ജി ഹണി എം. വര്‍ഗീസ് മാധ്യമങ്ങള്‍ക്കും അഭിഭാഷകര്‍ക്കും മുന്നറിയിപ്പ് നല്‍കിയത്. കോടതിയെ മോശമായി ചിത്രീകരിക്കുന്നത് കോടതിയലക്ഷ്യ നടപടികള്‍ക്ക് കാരണമാകും. വളച്ചൊടിച്ചുള്ള റിപ്പോര്‍ട്ടിങ്ങുകള്‍ ഗൗരവമായി കൈകാര്യം ചെയ്യും.

കോടതി നടപടികള്‍ റെക്കോഡ് ചെയ്യുകയോ മറ്റൊരിടത്തേക്ക് കൈമാറുകയോ ചെയ്യുന്നവര്‍ക്കെതിരെ നടപടി സ്വീകരിക്കും. ലൈംഗികാതിക്രമത്തിന് ഇരയായവരുടെ വിവരങ്ങള്‍ വെളിപ്പെടുത്തുന്നത് വിലക്കുന്ന നിപുണ്‍ സക്‌സേന വേഴ്സസ് യൂനിയന്‍ ഓഫ് ഇന്ത്യ കേസില്‍ സുപ്രീംകോടതി നല്‍കിയ മാര്‍ഗനിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കേണ്ട കേസായിരുന്നു ഇതെന്നും റിപ്പോര്‍ട്ടിങ്ങില്‍ പലപ്പോഴും ഇത് ലംഘിക്കപ്പെട്ടെന്നും ജഡ്ജി നിരീക്ഷിച്ചു.

ഒന്ന് മുതല്‍ ആറ് വരെ പ്രതികള്‍ക്കുള്ള ശിക്ഷ...

•ഇന്ത്യന്‍ ശിക്ഷ നിയമത്തിലെ 376 (ഡി) വകുപ്പ് പ്രകാരം കൂട്ട ബലാത്സംഗ കുറ്റത്തിന് 20 വര്‍ഷം കഠിന തടവ്. ഓരോരുത്തരും 50,000 രൂപ വീതം പിഴയും അടക്കണം. പിഴ അടച്ചില്ലെങ്കില്‍ ഒരുവര്‍ഷം അധിക തടവ്.

• 120 (ബി) വകുപ്പ് പ്രകാരം ഗൂഢാലോചനക്കുറ്റത്തിന് 20 വര്‍ഷം കഠിന തടവും ഓരോരുത്തരും 50,000 രൂപ വീതം പിഴയും അടക്കണം. പിഴ അടച്ചില്ലെങ്കില്‍ ഒരുവര്‍ഷം അധിക തടവ് അനുഭവിക്കണം

• 366ാം വകുപ്പ് പ്രകാരം തട്ടിക്കൊണ്ടുപോകലിന് 10 വര്‍ഷം കഠിനതടവും 25,000 രൂപ വീതം പിഴയും ശിക്ഷ. പിഴ അടച്ചില്ലെങ്കില്‍ ആറ് മാസം തടവ് അധികം അനുഭവിക്കണം

• 342ാം വകുപ്പ് പ്രകാരം അന്യായമായി തടവില്‍ പാര്‍പ്പിക്കലിന് ഒരുവര്‍ഷം തടവ്

• 357ാം വകുപ്പ് പ്രകാരം അന്യായമായി തടവിലിടാനുള്ള ശ്രമത്തിനിടെ ആക്രമണം നടത്തുകയോ ക്രിമിനല്‍ ബലപ്രയോഗം നടത്തുകയോ ചെയ്തെന്ന കുറ്റത്തിന് ഒരുവര്‍ഷം തടവ്.

ഒന്നാംപ്രതിക്ക് പ്രത്യേകമായുള്ള ശിക്ഷ

•ഐ.ടി ആക്ട് 66(ഇ) പ്രകാരം സ്വകാര്യത ലംഘിച്ച് അപകീര്‍ത്തികരമായ ചിത്രമെടുക്കലിന് മൂന്ന് വര്‍ഷം കഠിന തടവും ഒരുലക്ഷം രൂപ പിഴയും. പിഴ അടച്ചില്ലെങ്കില്‍ ആറുമാസംകൂടി തടവ് അനുഭവിക്കണം

•ഐ.ടി ആക്ട് 67 (എ) പ്രകാരം ലൈംഗിക ചൂഷണ ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചെന്ന കുറ്റത്തിന് അഞ്ച് വര്‍ഷം കഠിന തടവും ഒരുലക്ഷം രൂപ പിഴയും. പിഴ അടച്ചില്ലെങ്കില്‍ ആറ് മാസം തടവ് അനുഭവിക്കണം.

രണ്ടാം പ്രതിക്ക് മാത്രമായുള്ള ശിക്ഷ

•ഇന്ത്യന്‍ ശിക്ഷ നിയമം 201 വകുപ്പ് പ്രകാരം തെളിവ് നശിപ്പിച്ച കുറ്റത്തിന് മൂന്ന് വര്‍ഷം കഠിന തടവും 25,000 രൂപ പിഴയും. പിഴ അടച്ചില്ലെങ്കില്‍ ആറുമാസം തടവ് അനുഭവിക്കണം.

ഊമക്കത്തുകൾ അയച്ചത് പള്ളിമുക്കിൽ നിന്ന്

നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട് ഹൈകോടതിയിലെ റിട്ട. ജസ്റ്റിസ് കെമാൽ പാഷ, ഹൈകോടതി അഡ്വക്കേറ്റ് അസോസിയേഷൻ എന്നിവർക്ക് സമാനമായ ഊമക്കത്തുകൾ അയച്ചത് എറണാകുളം എം.ജി റോഡിലെ പള്ളിമുക്ക് പോസ്റ്റ് ഓഫിസിൽനിന്നാണെന്ന് കണ്ടെത്തൽ.

ഡിസംബർ മൂന്നിന് വൈകീട്ട് 3.30നാണ് സ്പീഡ് പോസ്റ്റായി കത്തുകൾ അയച്ചിരിക്കുന്നത്. എന്നാൽ, കത്തിൽ രേഖപ്പെടുത്തിയിരുന്ന തീയതി ഡിസംബർ രണ്ടാണ്. ഒരു ചെറുപ്പക്കാരനാണ് കത്തുകൾ പോസ്റ്റ് ചെയ്തതെന്നാണ് വിവരം. കത്തിന്‍റെ എൻവലപ്പിൽ അയച്ചയാളുടെ സ്ഥാനത്ത് ‘അഡ്വ. പി. രാംകുമാർ’ എന്നും ഉള്ളിൽ ‘ഇന്ത്യൻ പൗരൻ’ എന്നുമാണ് രേഖപ്പെടുത്തിയിട്ടുള്ളത്. കത്തിൽ വിധി ന്യായങ്ങളെക്കുറിച്ചും ഹൈകോടതിയിലെ മുതിർന്ന മൂന്ന് ജില്ല ജഡ്ജിമാരുടെ പേരുകളും പരാമർശിച്ചിട്ടുണ്ട്.

ഉള്ളടക്കത്തിൽ ദുരൂഹതയും ദുരുദ്ദേശ്യവും സംശയിക്കുന്ന സാഹചര്യത്തിൽ അഡ്വക്കേറ്റ് അസോസിയേഷൻ പ്രസിഡന്‍റ് യശ്വന്ത് ഷേണായി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ, ഹൈകോടതി അന്വേഷണത്തിന് ഉത്തരവിടുമെന്നാണ് സൂചന.

Tags:    
News Summary - Here's the punishment for the accused from one to six years...

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.