തെരുവുനായ്ക്കളുടെ ആക്രമണത്തിൽ ചത്ത മാനുകൾ

തെരുവുനായ ആക്രമണത്തിൽ മാനുകൾ ചത്ത സംഭവം: വാതിൽ തുറന്നിട്ടോ എന്ന് പരിശോധിക്കുമെന്ന് ചീഫ് വൈൽഡ് ലൈഫ് വാർഡൻ; സുരക്ഷാ പ്രശ്നങ്ങൾ പരിഹരിക്കും

തൃശ്ശൂർ: തെരുവുനായ ആക്രമണത്തിൽ പുത്തൂർ സുവോളജിക്കൽ പാർക്കിലെ മാനുകൾ ചത്ത സംഭവത്തിൽ ജീവനക്കാരുടെ വീഴ്ച അടക്കമുള്ള കാര്യങ്ങൾ പരിശോധിക്കുമെന്ന് ചീഫ് വൈൽഡ് ലൈഫ് വാർഡൻ പ്രമോദ് ജി. കൃഷ്ണൻ. ജീവനക്കാർ തീറ്റ കൊടുക്കാനുള്ള വാതിൽ തുറന്നിട്ടോ എന്നും പരിശോധിക്കും അദ്ദേഹം വ്യക്തമാക്കി.

കാപ്ച്ചർ മയോപതി എന്ന സാഹചര്യത്തിലാണ് മാനുകൾ ചത്തതെന്നാണ് ചീഫ് ഫോറസ്റ്റ് വെറ്റിനറി ഓഫിസര്‍ അരുൺ സക്കറിയ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ കണ്ടെത്തിയത്. പാർക്കിലെ സുരക്ഷാ പ്രശ്നങ്ങൾ പരിഹരിക്കുമെന്നും ചീഫ് വൈൽഡ് ലൈഫ് വാർഡൻ മാധ്യമങ്ങളോട് പറഞ്ഞു.

സംഭവത്തെ കുറിച്ച് വിശദമായ അന്വേഷണം നടത്താൻ പ്രമോദ്​ ജി. കൃഷ്ണന്‍, വനം വിജിലന്‍സ് വിഭാഗം സി.സി.എഫ് ജോര്‍ജ്​ പി. മാത്തച്ചന്‍, ചീഫ് ഫോറസ്റ്റ് വെറ്റിനറി ഓഫിസര്‍ ഡോ. അരുണ്‍ സഖറിയ എന്നിവരടങ്ങിയ സമിതിയെ നിയോഗിച്ചിട്ടുണ്ട്. നാല് ദിവസത്തിനകം പ്രാഥമിക റിപ്പോര്‍ട്ടും രണ്ടാഴ്ചക്കകം അന്തിമ റിപ്പോര്‍ട്ടും സമര്‍പ്പിക്കാനാണ്​ നിർദേശം​.

ചൊവ്വാഴ്ച രാവിലെയാണ് പുത്തൂർ സുവോളജിക്കൽ പാർക്കിലെ 10 മാനുകൾ തെരുവുനായ്ക്കളുടെ ആക്രമണത്തിൽ ചത്തനിലയിൽ കണ്ടെത്തിയത്. മൃഗങ്ങളെ സംരക്ഷിക്കുന്ന ജീവനക്കാരാണ് മൃഗങ്ങൾ ചത്തതായി ആദ്യം കണ്ടത്. ഇതിന് പിന്നാലെ ചൊവ്വാഴ്ച രാവിലെ മുതൽ സുവോളജിക്കൽ പാർക്കിലേക്കുള്ള പ്രവേശനം തടഞ്ഞിരിക്കുകയാണ്. വിവരമറിഞ്ഞെത്തിയ മാധ്യമപ്രവർത്തകരെയും ഗേറ്റിൽ തടഞ്ഞു. സുവോളജിക്കൽ പാർക്കിലെ മൃഗാശുപത്രിയിൽ വനം വകുപ്പ് ഉദ്യോഗസ്ഥരും വെറ്ററിനറി ഡോക്ടർമാരും ചേർന്ന് പോസ്റ്റ്മോർട്ടം നടത്തി. പോസ്റ്റ്മോർട്ടം റിപ്പോർട്ട് കൂടി ലഭിച്ചാൽ മാത്രമേ മരണകാരണം സംബന്ധിച്ച് ഔദ്യോഗിക വിശദീകരണം ഉണ്ടാവുകയുള്ളൂ.

തെരുവുനായ്ക്കളുടെ ആക്രമണത്തിൽ മാനുകൾ ചത്ത വിവരം പുറത്തുവന്നതിന് പിന്നാലെ പ്രതിഷേധവുമായി കോൺഗ്രസ് പ്രവർത്തകർ രംഗത്തെത്തി. മൃഗങ്ങളെ ആക്രമിക്കാൻ അകത്തു കയറിയ നായ്ക്കൾ സുരക്ഷിതമായി പുറത്തേക്കു കടന്ന വഴിയിലൂടെ മാനുകളും പുറത്തുകടക്കാനുള്ള സാധ്യതയാണ് ചോദ്യം ചെയ്യുന്നത്. 2024 വരെയുള്ള നിർമാണ പ്രവർത്തനങ്ങൾ വിലയിരുത്തി നൽകിയ നിർദേശങ്ങൾ നടപ്പാക്കാൻ കഴിയാത്തതിനാലാണ് സെൻട്രൽ പി.ഡബ്ല്യു.ഡി ഫിറ്റ്നസ് നൽകാത്തതെന്ന് കെ.പി.സി.സി സെക്രട്ടറി ഷാജി കോടങ്കണ്ടത്ത് ആരോപിച്ചു. നിർമാണം പൂർത്തിയാക്കി സുരക്ഷ ഓഡിറ്റിങ് നടത്താത്തതും നിർമാണത്തിനിടെ രണ്ടു പേർ മരിക്കാനിടയായതും അന്വേഷിക്കണമെന്നും ആവശ്യപ്പെട്ടു.

കഴിഞ്ഞ ദിവസം ഒരു കേഴമാൻ ചത്തത് ഉൾപ്പെടെ 11 മാനുകൾ ഇതിനകം ചത്തത് സംബന്ധിച്ചും അന്വേഷണം നടത്തിയിട്ടില്ലെന്ന് ആരോപണമുണ്ട്. 67 താൽകാലിക ജീവനക്കാരിൽ ഒരാളെ പോലും എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് വഴി നിയമിക്കാതെ പിൻവാതിലിലൂടെയാണ് നിയമിച്ചതെന്നും ഇവർക്ക് മൃഗപരിപാലനം സംബന്ധിച്ച അറിവില്ലാത്തതും മൃഗങ്ങൾ ചാവാൻ ഇടയാകുന്നതായി ആരോപണമുണ്ട്. ഇത്തരം വിഷയങ്ങൾ കാണിച്ച് സെൻട്രൽ സുവോളജിക്കൽ പാർക്ക് മെംബർ സെക്രട്ടറിക്ക് ഷാജി കോടങ്കണ്ടത്ത് പരാതി നൽകി.

സുവോളജിക്കൽ പാർക്കിൽ സുരക്ഷ ഓഡിറ്റിങ് നടപ്പാക്കണമെന്നും ഇതുവരെയുള്ള നിർമാണ പുരോഗതി വിദഗ്ധ സമിതിയെ നിയോഗിച്ച് വിലയിരുത്തണമെന്നും ഫ്രണ്ട്സ് ഓഫ് സൂ ആവശ്യപ്പെട്ടെങ്കിലും ഇതുവരെ പരിഗണിച്ചിട്ടില്ലെന്നും കോൺഗ്രസ് നേതാവ് എം. പീതാംബരൻ പറഞ്ഞു.

അതേസമയം, തെരുവ് നായ ആക്രമണത്തെ തുടർന്ന്​ പുള്ളിമാനുകൾ ചത്തതിനെ സംബന്ധിച്ച്​ വിശദമായ അന്വേഷണം നടത്തുമെന്നും ഇതിന്​ സമിതിയെ നിയോഗിച്ചതായും വനം മന്ത്രി എ.കെ. ശശീന്ദ്രൻ പറഞ്ഞു. പുള്ളിമാനുകളെ പാര്‍പ്പിച്ച സ്ഥലത്തേക്ക് തെരുവ് നായ്ക്കൾ എത്തുകയായിരുന്നു. ഈ കാര്യം ഗുരുതരമായി കാണും. ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ പ്രമോദ്​ ജി. കൃഷ്ണന്‍ സ്ഥലത്തെത്തി സ്ഥിതിഗതികള്‍ വിലയിരുത്തും. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാൻ ആവശ്യമായ കര്‍ശന നടപടികള്‍ സ്വീകരിക്കാനും മന്ത്രി നിർദേശം നൽകിയെന്നും മന്ത്രി എ.കെ. ശശീന്ദ്രൻ വ്യക്തമാക്കി.

Tags:    
News Summary - Stray dogs attack at Puttur Zoological Park: Chief Wildlife Warden says security issues will be resolved

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.