പുത്തൂർ (തൃശൂർ): പുത്തൂർ സുവോളജിക്കൽ പാർക്കിലെ 10 മാനുകൾ തെരുവുനായ്ക്കളുടെ ആക്രമണത്തിൽ ചത്തു. ചൊവ്വാഴ്ച രാവിലെ മൃഗങ്ങളെ സംരക്ഷിക്കുന്ന ജീവനക്കാരാണ് മൃഗങ്ങൾ ചത്തതായി കണ്ടെത്തിയത്. ഇവർ ഉദ്യോഗസ്ഥരെ വിവരമറിയിക്കുകയായിരുന്നു. എന്നാൽ, ഇതുസംബന്ധിച്ച് ഔദ്യോഗിക പ്രതികരണം ഉണ്ടായിട്ടില്ല.
ചൊവ്വാഴ്ച രാവിലെ മുതൽ സുവോളജിക്കൽ പാർക്കിലേക്കുള്ള പ്രവേശനം തടഞ്ഞിരിക്കുകയാണ്. വിവരമറിഞ്ഞെത്തിയ മാധ്യമപ്രവർത്തകരെയും ഗേറ്റിൽ തടഞ്ഞു. സുവോളജിക്കൽ പാർക്കിലെ മൃഗാശുപത്രിയിൽ വനം വകുപ്പ് ഉദ്യോഗസ്ഥരും വെറ്ററിനറി ഡോക്ടർമാരും ചേർന്ന് പോസ്റ്റ്മോർട്ടം നടത്തുകയാണെന്നാണ് അറിയുന്നത്. ഈ റിപ്പോർട്ടുകൂടി ലഭിച്ചാൽ മാത്രമേ മരണസംഖ്യയും മരണകാരണവും സംബന്ധിച്ച് ഔദ്യോഗിക വിശദീകരണം ഉണ്ടാവുകയുള്ളൂ.
സംഭവമറിഞ്ഞതോടെ പ്രതിഷേധവുമായി കോൺഗ്രസ് പ്രവർത്തകർ രംഗത്തുവന്നു. മൃഗങ്ങളെ ആക്രമിക്കാൻ അകത്തു കയറിയ നായ്ക്കൾ സുരക്ഷിതമായി പുറത്തേക്കു കടന്ന വഴിയിലൂടെ മാനുകളും പുറത്തുകടക്കാനുള്ള സാധ്യതയാണ് ചോദ്യംചെയ്യുന്നത്. 2024 വരെയുള്ള നിർമാണപ്രവർത്തനങ്ങൾ വിലയിരുത്തി നൽകിയ നിർദേശങ്ങൾ നടപ്പാക്കാൻ കഴിയാത്തതിനാലാണ് സെൻട്രൽ പി.ഡബ്ല്യു.ഡി ഫിറ്റ്നസ് നൽകാത്തതെന്ന് കെ.പി.സി.സി സെക്രട്ടറി ഷാജി കോടങ്കണ്ടത്ത് ആരോപിച്ചു. നിർമാണം പൂർത്തിയാക്കി സുരക്ഷ ഓഡിറ്റിങ് നടത്താത്തതും നിർമാണത്തിനിടെ രണ്ടു പേർ മരിക്കാനിടയായതും അന്വേഷിക്കണമെന്നും ആവശ്യപ്പെട്ടു.
കഴിഞ്ഞ ദിവസം ഒരു കേഴമാൻ ചത്തത് ഉൾപ്പെടെ 11 മാനുകൾ ഇതിനകം ചത്തത് സംബന്ധിച്ചും അന്വേഷണം നടത്തിയിട്ടില്ലെന്ന് ആരോപണമുണ്ട്. 67 താൽക്കാലിക ജീവനക്കാരിൽ ഒരാളെപ്പോലും എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് വഴി നിയമിക്കാതെ പിൻവാതിലിലൂടെയാണ് നിയമിച്ചതെന്നും ഇവർക്ക് മൃഗപരിപാലനം സംബന്ധിച്ച അറിവില്ലാത്തതും മൃഗങ്ങൾ ചാവാൻ ഇടയാകുന്നതായി ആരോപണമുണ്ട്.
ഇത്തരം വിഷയങ്ങൾ കാണിച്ച് സെൻട്രൽ സുവോളജിക്കൽ പാർക്ക് മെംബർ സെക്രട്ടറിക്ക് ഷാജി കോടങ്കണ്ടത്ത് പരാതി നൽകി. സുവോളജിക്കൽ പാർക്കിൽ സുരക്ഷ ഓഡിറ്റിങ് നടപ്പാക്കണമെന്നും ഇതുവരെയുള്ള നിർമാണ പുരോഗതി വിദഗ്ധ സമിതിയെ നിയോഗിച്ച് വിലയിരുത്തണമെന്നും ഫ്രണ്ട്സ് ഓഫ് സൂ ആവശ്യപ്പെട്ടെങ്കിലും ഇതുവരെ പരിഗണിച്ചിട്ടില്ലെന്നും കോൺഗ്രസ് നേതാവ് എം. പീതാംബരൻ പറഞ്ഞു.
തിരുവനന്തപുരം: തൃശൂര്‍ സുവോളജിക്കല്‍ പാര്‍ക്കിലെ തെരുവ് നായ ആക്രമണത്തെ തുടർന്ന് പുള്ളിമാനുകൾ ചത്തതിനെ സംബന്ധിച്ച് വിശദമായ അന്വേഷണം നടത്തുമെന്നും ഇതിന് സമിതിയെ നിയോഗിച്ചതായും വനം മന്ത്രി എ.കെ. ശശീന്ദ്രൻ. പുള്ളിമാനുകളെ പാര്‍പ്പിച്ച സ്ഥലത്തേക്ക് തെരുവ് നായ്ക്കൾ എത്തുകയായിരുന്നു. ഈ കാര്യം ഗുരുതരമായി കാണും. ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ പ്രമോദ് ജി. കൃഷ്ണന്‍ സ്ഥലത്തെത്തി സ്ഥിതിഗതികള്‍ വിലയിരുത്തും.
പ്രമോദ് ജി. കൃഷ്ണന്‍, വനം വിജിലന്‍സ് വിഭാഗം സി.സി.എഫ് ജോര്‍ജ് പി. മാത്തച്ചന്‍, ചീഫ് ഫോറസ്റ്റ് വെറ്റിനറി ഓഫിസര്‍ ഡോ. അരുണ്‍ സഖറിയ എന്നിവരാണ് സമിതിയംഗങ്ങള്‍. നാല് ദിവസത്തിനകം പ്രാഥമിക റിപ്പോര്‍ട്ടും രണ്ടാഴ്ചക്കകം അന്തിമ റിപ്പോര്‍ട്ടും സമര്‍പ്പിക്കാനാണ് നിർദേശിച്ചത്. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാൻ ആവശ്യമായ കര്‍ശന നടപടികള്‍ സ്വീകരിക്കാനും മന്ത്രി നിർദേശം നൽകി. പുള്ളിമാനുകളുടെ ജഡം പോസ്റ്റ്മാര്‍ട്ടം നടത്തിയ ശേഷം തുടര്‍നടപടി സ്വീകരിക്കുമെന്നും മന്ത്രി എ.കെ. ശശീന്ദ്രൻ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.