'ആ വൈറൽ നായ മടങ്ങി, തൊണ്ടയിൽ നിന്ന് എല്ലെടുത്ത് മാറ്റിയ നസീറയെ തേടി അവനെത്തി, പക്ഷേ, ആരോ അവന്റെ ഭക്ഷണത്തിൽ വിഷം കലർത്തിയിരുന്നു'; നെഞ്ചുലക്കുന്ന കുറിപ്പ്

കൽപറ്റ: തൊണ്ടയിൽ എല്ലിൻ കഷണം കുടുങ്ങി പ്രാണനോട് മല്ലിട്ട തെരുവ്നായയും രക്ഷകയായെത്തിയ നസീറ എന്ന വീട്ടമ്മയേയും അത്ര പെട്ടെന്ന് മലയാളി മറക്കില്ല. ഉറവവറ്റാത്ത കാരുണ്യത്തിന്റെ കഥ അത്രയേറെ നമ്മൾ ആഘോഷിച്ചതാണ്. ആഴ്ചകൾക്ക് മുൻപ് സമൂഹമാധ്യമങ്ങളിൽ നിറഞ്ഞുനിന്ന ആ 'വൈറൽനായ' മടങ്ങിയെന്ന ദുഃഖകരമായ വാർത്തയാണ് പുറത്തുവരുന്നത്. 'ആരോ ഭക്ഷണത്തിൽ വിഷം കലർത്തി കൊന്നുവെന്ന്..' സുബൈർ. പി.എം എന്നയാൾ ഫേസ്ബുക്കിലിട്ട പോസ്റ്റിലൂടെയാണ് മനുഷ്യന്റെ കരുണയും ക്രൂരതയും കണ്ടനുഭവിച്ച നായയുടെ വാർത്ത പുറത്തു വരുന്നത്.

"പിണങ്ങോട് ലക്ഷം വീട് അംഗൻവാടിക്ക് സമീപം നാല് ദിവസം മരണത്തോട് മല്ലിട്ട് കിടന്നു ഈ പാവം... സുബൈർക്കാ.. നിങ്ങളുടെ നായയുണ്ടിവിടെ വിഷം കഴിച്ചു ചാവാൻ കിടക്കുന്നു,എന്ന് മേപ്പാടി മകളുടെ വീട്ടിൽ പോയിരുന്ന എന്നെ ഒരു സുഹൃത്ത് വിളിച്ചു പറഞ്ഞു, അയച്ചു തന്ന വീഡിയോ യിൽ കാലും കൺ പോളകളും ചെറുതായ് അനക്കുന്നുണ്ടെങ്കിലും,ശരീര ഭാഗങ്ങളിൽ ഈച്ചയരിച്ചു തുടങ്ങിയിരുന്നു.. എന്നിട്ടും ജീവൻ പോകാതെ ആ തെരുവ് നായ ഒരിക്കൽ കൂടെ നസീറാത്തയെ കാണാൻ എന്നോണം കണ്ണ് തുറന്ന് തന്നെ കിടന്നു.... ഒരാഴ്ച്ച കഴിഞ്ഞ് ഇന്ന് ഞാനും ഭാര്യയും വീട്ടിൽ തിരിച്ചെത്തിയാണ്,മനുഷ്യന്റെ കരുണയും ക്രൂരതയും കണ്ടനുഭവിച്ച ആ വൈറൽ തെരുവ് നായയെ ഇന്ന് മണ്ണിനടിയിലാക്കിയത്. അപ്പോഴും, ആ മിണ്ടാപ്രാണി കണ്ണടച്ചിരുന്നില്ല.."-സുബൈർ കുറിച്ചു.

സുബൈർ. പി.എം ഫേസ്ബുക്കിൽ കുറിച്ച പോസ്റ്റ്

" ആ വൈറൽ നായ മടങ്ങി.
അന്ന് അണ്ണാക്കിൽ കുടുങ്ങിയ എല്ലിൻ കഷ്ണം എടുത്ത് മാറ്റി തന്റെ ജീവൻ രക്ഷിച്ചു തന്ന നസീറത്തയെ തേടി ഒരിക്കൽ കൂടി ആ വൈറൽ തെരുവ് നായയെത്തി, പക്ഷേ, ഇക്കുറി നസീറ വാതിൽ തുറന്നില്ല, അടഞ്ഞ വാതിലിന് മുമ്പിൽ അത് അരമുറിയൻ വാല് പോലും ഇളക്കാൻ കഴിയാതെ കുറേ നേരം കുഴഞ്ഞു നിന്നു, തെന്റെ തൊണ്ടയിൽ കുടുങ്ങിയ എല്ലെടുത്ത് തന്ന നസീറത്തയോട് എല്ലാം പറയണം.. നസീറ വീട് പൂട്ടി പോയത് കൊണ്ട് ഭക്ഷണം തേടി പോയ എനിക്ക് ആരോ തന്ന ഭക്ഷണത്തിൽ വിഷം ചേർത്തിരുന്നുവെന്നും വിശന്നു വലഞ്ഞ ഞാൻ അത് കഴിച്ച് പോയെന്നും, എന്നെ രക്ഷിക്കണമെന്നും നസീറത്തയോട് പറയണം...

നസീറ അടിവാരത്തുള്ള തന്റെ മകളുടെ വീട്ടിൽ പോയിരുന്നത് കൊണ്ട് ആളില്ലാത്ത വീടിന്റെ അടഞ്ഞ വാതിലുകൾ മുമ്പിൽ ആ പാവം മിണ്ടാപ്രാണി ആശ നശിച്ച് നിന്നു...,ഇനി ആരോട് പറയാൻ..ഇപ്പോൾ അണ്ണാക്കിൽ അസ്ഥി പെട്ട അസ്‌ക്യതയല്ല, ആന്തരാസ്ഥികൾ ഒന്നായ് പൊട്ടുന്ന അസഹനീയത, ആമാശയം ചുട്ട് പൊള്ളുന്ന നീറ്റൽ... കുടൽ കരിഞ്ഞു തീരുന്നു... രക്തം തിളച്ചു പൊള്ളുന്നു..തൊണ്ട വരളുന്നു.. കണ്ണിൽ ഇരുട്ട് കേറുന്നു....
അങ്ങിനെ കഴിഞ്ഞാഴ്ച പത്ത് ലക്ഷത്തിലധികം ആളുകൾ കണ്ട ആ വൈറൽ നായ ഇപ്പോഴിതാ അന്ന് എല്ലെടുത്ത് ജീവൻ വീണ്ടു കിട്ടിയ അതേ അണ്ണാക്കിൽ ഇന്ന് ഒരു തുള്ളി വെള്ളം കിട്ടാതെ,തന്നെ ജീവിതത്തിലേയ്ക്ക് നയിച്ച ആ വീട്ട് മുറ്റത്ത് നിന്ന് തന്നെ മരണത്തിലേയ്ക്ക് പടിയിറങ്ങി നടന്നു..

അവസാനമായി ഒരിക്കൽ കൂടെ ആ മുറിയൻ വാലൊന്നനക്കി തന്റെപ്രിയപ്പെട്ട നസീറാത്തയോട് ഒരു നന്ദി പറയുവാൻ കഴിയാത്ത ദുഃഖം ബാക്കി വെച്ച്..മനുഷ്യന്റെ ആസുരവും ഭാസുരവുമായ ഭാവങ്ങളിലൂടെ ആരോടും പരിഭവമില്ലാതെ ആ മിണ്ടാ പ്രാണി മരണത്തിലേയ്ക്കിറങ്ങി നടന്നു

മൃഗ സ്നേഹികളും..വൈറൽ ആഘോഷമാക്കിയവരും.. ആ അനാഥ ജീവിയുടെ പ്രാണന് മേൽ വഴി നടന്നു.. പിണങ്ങോട് ലക്ഷം വീട് അംഗൻവാടിക്ക് സമീപം നാല് ദിവസം മരണത്തോട് മല്ലിട്ട് കിടന്നു ഈ പാവം... സുബൈർക്കാ.. നിങ്ങളുടെ നായയുണ്ടിവിടെ വിഷം കഴിച്ചു ചാവാൻ കിടക്കുന്നു,എന്ന് മേപ്പാടി മകളുടെ വീട്ടിൽ പോയിരുന്ന എന്നെ ഒരു സുഹൃത്ത് വിളിച്ചു പറഞ്ഞു, അയച്ചു തന്ന വീഡിയോ യിൽ കാലും കൺ പോളകളും ചെറുതായ് അനക്കുന്നുണ്ടെങ്കിലും,ശരീര ഭാഗങ്ങളിൽ ഈച്ചയരിച്ചു തുടങ്ങിയിരുന്നു.. എന്നിട്ടും ജീവൻ പോകാതെ ആ തെരുവ് നായ ഒരിക്കൽ കൂടെ നസീറാത്തയെ കാണാൻ എന്നോണം കണ്ണ് തുറന്ന് തന്നെ കിടന്നു....
ഒരാഴ്ച്ച കഴിഞ്ഞ് ഇന്ന് ഞാനും ഭാര്യയും വീട്ടിൽ തിരിച്ചെത്തിയാണ്,മനുഷ്യന്റെ കരുണയും ക്രൂരതയും കണ്ടനുഭവിച്ച ആ വൈറൽ തെരുവ് നായയെ ഇന്ന് മണ്ണിനടിയിലാക്കിയത്. അപ്പോഴും, ആ മിണ്ടാപ്രാണി കണ്ണടച്ചിരുന്നില്ല.."


Full View


Tags:    
News Summary - Stray dog ​​poisoned to death

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.