‘മോദി ഉലകം ചുറ്റിയിട്ട് എന്ത് ഗുണം? ഓഡിറ്റ് ചെയ്യേണ്ടത് രാഹുലിനെയല്ല, ആ യാത്രകൾ; എംഎ ബേബിയുടെ നിലപാടിന് അഭിവാദ്യം’ -അഡ്വ. ഷിബു മീരാൻ
കൊച്ചി: രാഹുൽ ഗാന്ധി വിദേശ സന്ദർശനം നടത്തുന്നതിനെ വിമർശിക്കുകയും പരിഹസിക്കുകയും ചെയ്യുന്ന ബി.ജെ.പി നേതൃത്വത്തിനെതിരെ രൂക്ഷവിമർശനവുമായി യൂത്ത് ലീഗ് ദേശീയ ജനറൽ സെക്രട്ടറി അഡ്വ ഷിബു മീരാൻ. ആയിരം കോടിയിലേറെ ചിലവഴിച്ച് മോദി നടത്തിയ വിദേശ യാത്രകൾ കൊണ്ട് രാജ്യത്തിന് എന്താണ് ഗുണമുണ്ടായതെന്ന് ഓഡിറ്റ് ചെയ്യണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
2021 മുതൽ 2026 വരെയുള്ള കാലയളവിൽ പ്രധാനമന്ത്രിയുടെ വിദേശയാത്രകൾക്കായി 557 കോടി രൂപ ചെലവായെന്ന രാജ്യസഭയിലെ കണക്കുകൾ ചൂണ്ടിക്കാട്ടിയാണ് ഷിബു മീരാന്റ വിമർശനം. കഴിഞ്ഞ 12 വർഷത്തെ ആകെ ചെലവ് 1,000 കോടി രൂപ കവിയും. വിദേശയാത്രകൾ കൊണ്ട് സാധാരണക്കാരായ ഇന്ത്യക്കാർക്ക് എന്ത് പ്രയോജനമാണ് ലഭിച്ചത്?. ഓപറേഷൻ സിന്ദൂർ നിർത്തിവെച്ചത് താനാണെന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് പലതവണ അവകാശപ്പെട്ടിട്ടും പ്രധാനമന്ത്രി നരേന്ദ്ര മോദി പരസ്യമായി പ്രതികരിച്ചില്ല. ഇന്ത്യയുടെ എണ്ണ ഇറക്കുമതി തീരുമാനങ്ങളിൽ പോലും അമേരിക്കയുടെ സ്വാധീനം വർധിക്കുന്നതാണ് യാത്ര കൊണ്ടുണ്ടായ ഒരു ഗുണം.
ഏതെങ്കിലും രാജ്യത്തു മോദി പോയി വന്നാൽ ഉടനെ അദാനിക്ക് അവിടെ ഒരു കരാർ ഒത്തുകിട്ടുന്നതും, ഇന്ന് വരെ കേൾക്കാത്ത രാജ്യങ്ങളുടെ പേര് പഠിക്കാൻ ഇന്ത്യക്കാർക്ക് അവസരം ഉണ്ടായതും ഒഴിച്ചാൽ, പാവപ്പെട്ട ഇന്ത്യക്കാരന് പത്തു പൈസയുടെ ഉപകാരം ഈ യാത്രകൾ കൊണ്ടുണ്ടായിട്ടില്ല. വിദേശ മാധ്യമങ്ങളുടെ ചോദ്യങ്ങൾക്ക് പ്രധാനമന്ത്രി മറുപടി നൽകാത്തതും മാധ്യമങ്ങൾ ഗൗരവമായി പരിശോധിക്കേണ്ട വിഷയമാണെന്ന് കുറിപ്പിൽ പറയുന്നു.
ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ സ്വകാര്യജീവിതവും യാത്രകളും ചർച്ചയാക്കുന്നതിനെ മാധ്യമപ്രവർത്തനമായി കാണാനാകില്ല. മോദിയുടെ വിദേശയാത്രകളുടെ നേട്ടങ്ങളും ചെലവുകളും സംബന്ധിച്ച ചോദ്യങ്ങൾക്ക് മറുപടി തേടിയശേഷം മാത്രമേ രാഹുൽ ഗാന്ധിക്കെതിരായ ചോദ്യങ്ങളിലേക്ക് കടക്കാവൂ എന്നും അദ്ദേഹം ഫേസ്ബുക് കുറിപ്പിൽ പറഞ്ഞു.
രാഹുൽ ഗാന്ധിയുടെ യാത്ര ചർച്ചയാക്കി നിലവിലെ പ്രതിപക്ഷ ഐക്യം തകർക്കാൻ ആഗ്രഹിക്കുന്നില്ലെന്ന സി.പി.എം നേതാവ് എം.എ. ബേബിയുടെ നിലപാടിനെ ഷിബു മീരാൻ അഭിനന്ദിച്ചു.
കുറിപ്പിന്റെ പൂർണരൂപം:
557 കോടി രൂപ...
2021 -26 വരെ പ്രധാന മന്ത്രിയുടെ വിദേശ യാത്രകളുടെടെ ചിലവ് രാജ്യ സഭയിൽ വന്നതാണ്...
കഴിഞ്ഞ 12 വർഷത്തെ കണക്കു ഏതാണ്ട് 1000 കോടി കവിയും...
ഈ പോക്കുകൊണ്ട് രാജ്യത്തിനുണ്ടായ ഗുണമെന്ത് എന്നു ചോദിച്ചാൽ ഇന്ത്യൻ സൈന്യം എപ്പോൾ യുദ്ധം അവസാനിപ്പിക്കും എന്ന് ട്രമ്പ് പറയുന്ന അവസ്ഥയിൽ രാജ്യത്തെ എത്തിച്ചു എന്നതാണ് മറുപടി... ഓപ്പറേഷൻ സിന്ദൂർ നിർത്തിച്ചത് ഞാൻ ആണെന്ന് ട്രമ്പ് 100 തവണ പറഞ്ഞിട്ടും നമ്മുടെ പ്രധാനമന്ത്രി വാ തുറന്നിട്ടില്ല...
നമ്മൾ ആരോടൊക്കെ എണ്ണ വാങ്ങണം, ഇപ്പോൾ എത്ര വാങ്ങണം എന്നൊക്കെ അമേരിക്ക തീരുമാനിക്കുന്ന അവസ്ഥയാണ്...
ഏതെങ്കിലും രാജ്യത്തു മോദി പോയി വന്നാൽ ഉടനെ അദാനിക്ക് അവിടെ ഒരു കരാർ ഒത്തുകിട്ടും എന്നതും, ഇന്ന് വരെ കേൾക്കാത്ത രാജ്യങ്ങളുടെ പേര് പഠിക്കാൻ ഇന്ത്യക്കാർക്ക് അവസരം ഉണ്ടായി എന്നതും ഒഴിച്ചാൽ, ജനസംഖ്യയുടെ പാതി വരുന്ന പാവപ്പെട്ട ഇന്ത്യക്കാരന് പത്തു പൈസയുടെ ഉപകാരം ഈ യാത്രകൾ കൊണ്ടുണ്ടായിട്ടില്ല...
വിദേശ മാധ്യമങ്ങളുടെ ഒരു ചോദ്യത്തിനെങ്കിലും നമ്മുടെ പ്രധാന മന്ത്രി മറുപടി പറയുന്നത് കേൾക്കാനും നമുക്ക് യോഗമുണ്ടായില്ല.. ചോദ്യം വരുമ്പോൾ അദ്ദേഹം എണീറ്റു ഓടുന്നത് കണ്ട് പലവട്ടം നമ്മൾ നാണംകെടുകയും ചെയ്തു... ഈ രാജ്യത്തെ മാധ്യമങ്ങൾ ഓഡിറ്റ് ചെയ്യേണ്ടത് ആ യാത്രകളെയാണ്...
രാഹുൽ ഗാന്ധിയുടെ വ്യക്തി ജീവിതത്തിലേക്കുള്ള ഒളിഞ്ഞു നോട്ടം മാധ്യമ പ്രവർത്തനമല്ല.... നിലവാരമില്ലാത്ത പാപ്പരാസി പണിയാണ്... മോദിയുടെ ഉലകം ചുറ്റലിനു മറുപടി പറഞ്ഞിട്ടു മതി രാഹുലിനോടുള്ള ചോദ്യങ്ങൾ...
പിൻകുറി :രാഹുലിന്റെ യാത്ര ചർച്ചയാക്കി ഇപ്പോഴുള്ള ഐക്യം തകർക്കാനില്ല എന്ന എംഎ ബേബിയുടെ രാഷ്രീയ നിലപാടിനു അഭിവാദ്യം...
രാഹുലിനെ പരിഹസിക്കുന്ന 2024 ലോക്സഭ തിരഞ്ഞെടുപ്പിന്റെ സമയത്തു കുടുംബ സമേതം വിനോദയാത്ര പോയ പിണറായി സഖാവിന്റെ ഭക്തസംഘത്തിന് നല്ല നമസ്കാരം...
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.