ആലക്കോട് (കണ്ണൂർ): ആലക്കോട് നിവാസികൾ ഇപ്പോഴും ഞെട്ടലിൽനിന്ന് മുക്തരായിട്ടില്ല. നാട്ടുകാരോടൊക്കെ സൗമ്യമായി പെരുമാറുന്ന, മാന്യനായ ബിസിനസുകാരൻ ഒറ്റരാത്രി കൊണ്ട് പെരുങ്കള്ളനാണെന്നറിഞ്ഞതിെൻറ ട്വിസ്റ്റ് ഉണ്ടാക്കിയ അദ്ഭുതം എങ്ങനെ അവസാനിക്കാനാണ്. ആലക്കോട് കൊട്ടപ്പറമ്പിൽ കെ.യു. മുഹമ്മദിെൻറ ആഡംബര വീടിനു മുന്നിലേക്ക് വാർത്ത അറിഞ്ഞതുമുതൽ ജനങ്ങളുടെ ഒഴുക്കാണ്. രഹസ്യ അറകളും തൊണ്ടിമുതലുകൾ സൂക്ഷിക്കുന്ന കേന്ദ്രങ്ങളുമൊക്കെ കാണാൻ കുതിച്ചെത്തിയവർക്ക്, പക്ഷേ അടച്ചിട്ട വീടാണ് കാണാൻ സാധിച്ചത്. കോഴിക്കോട് ജില്ലയിലെ കാരന്തൂരിലും മറ്റു നടന്ന മോഷണത്തിെൻറ അന്വേഷണത്തിനിടെ പൊലീസ് പിടികൂടിയതോടെയാണ് കെ.യു. മുഹമ്മദ് മോഷ്ടാവാണെന്ന് നാട്ടുകാർ അറിയുന്നത്.
ധനാഢ്യൻ, മാന്യൻ
കോടികളുടെ ആസ്തിയാണ് കെ.യു. മുഹമ്മദിനുള്ളത്. വീടിനുതന്നെ രണ്ട് കോടിയോളം രൂപയാണ് വിലമതിക്കുക. കൂത്തുപറമ്പിനടുത്ത് 15 ഏക്കർ സ്ഥലമുണ്ട്. ഇതുകൂടാതെ ഭാര്യയുടെ പേരിൽ എട്ട് ഏക്കർ സ്ഥലം വേറെയുമുണ്ട്. ഫർണിച്ചർ ബിസിനസ്, പെട്രോൾ പമ്പ് എന്നിവയും ഇയാൾക്ക് സ്വന്തമായുണ്ട്. മറ്റുള്ളവരുടെ പേരുകളിൽ സ്ഥലം വാങ്ങിയിട്ടുണ്ടോ എന്നുള്ള അന്വേഷണവും നടക്കുന്നുണ്ട്. ഇയാൾക്ക് റിയൽ എസ്റ്റേറ്റ് ബിസിനസാണെന്നാണ് നാട്ടുകാർക്ക് അറിവുള്ളത്. തിരക്കുള്ള ബിസിനസുകാരനെന്ന നിലയിലാണ് ജീവിതവും. ഏക്കർകണക്കിന് സ്ഥലമുള്ളതും തോട്ടമുള്ളതും ഇതുെകാണ്ടു തന്നെയാണെന്ന് നാട്ടുകാർ വിശ്വസിച്ചു. മിക്ക ദിവസങ്ങളിലും ഇയാൾ പകൽസമയങ്ങളിൽ വീട്ടിലുണ്ടാകാറുമുണ്ടെന്ന് സമീപത്തെ പലചരക്കു വ്യാപാരി പറയുന്നു.
ഒറ്റയാൻ, വ്യത്യസ്തൻ
മാന്യനായ മുഹമ്മദ് മോഷ്ടാവാണെന്ന് അറിഞ്ഞതോടെ ഇതുവരെയുള്ള അയാളുടെ നീക്കങ്ങളെല്ലാം മറ്റൊരു കണ്ണിലൂടെ നാട്ടുകാർ കാണുകയാണ്. വീട്ടുകാരോടൊപ്പം കുറേസമയം ചെലവഴിക്കുമെങ്കിലും നാട്ടിൽ അടുത്ത സുഹൃത്തുക്കളൊന്നുമില്ലെന്ന് അയൽവാസികൾ പറയുന്നു. മോഷണത്തിൽ സ്വന്തമായി ചില രീതികളുള്ളയാളാണ് മുഹമ്മദെന്നും അതുകൊണ്ടുതന്നെ തന്ത്രം മെനയുന്നതും നടപ്പാക്കുന്നതുമെല്ലാം ഒറ്റക്കാണെന്നും പൊലീസും വിശദീകരിക്കുന്നു. ആലക്കോെട്ട വീട്ടിൽനിന്ന് സ്വന്തം വാഹനത്തിൽ രാത്രി എട്ടുമണിയോടെ കണ്ണൂരിലെത്തുന്ന ഇയാൾ ബസിലോ ട്രെയിനിലോ കോഴിക്കോട്ടും മലപ്പുറത്തും എത്തിയാണ് മോഷണം നടത്തുന്നത്. സ്ഥലങ്ങൾ ചിലപ്പോൾ നേരത്തേ കണ്ടുെവച്ചിരിക്കും. റിയൽ എസ്റ്റേറ്റ് ബിസിനസ് എന്ന പേരിൽ സ്ഥലങ്ങൾ അന്വേഷിച്ച് നടക്കുന്നതിനാൽ പകൽ സമയങ്ങളിൽ സൈറ്റ് പരിശോധന നടത്തുേമ്പാൾ ആർക്കും സംശയമുണ്ടാവില്ല. പുലർച്ചെയോടെ മോഷണം നടത്തേണ്ട സ്ഥലത്തെത്തി കൃത്യം നടത്തി മടങ്ങുകയും ചെയ്യും.
ആളുകളുള്ള വീടുകൾ ഇഷ്ടം
ആളൊഴിഞ്ഞ വീടുകളും പൂട്ടിക്കിടക്കുന്ന വീടുകളും കള്ളന്മാർ ലക്ഷ്യംവെക്കുേമ്പാൾ നിറയെ ആളുകളുള്ള വീടുകളിൽ മോഷ്ടിക്കുന്നതാണ് മുഹമ്മദിെൻറ രീതി. മോഷണകലയിലുള്ള ഇയാളുടെ വൈദഗ്ധ്യവും ആളുകളെ മനസ്സിലാക്കുന്നതിനുള്ള ശേഷിയുമാണ് ഇതിനു കാരണമെന്ന് പൊലീസ് പറയുന്നു. ആളുകൾ കൂടുതലുള്ള വീടുകളിൽ പൊതുവേ ജാഗ്രത കുറവായിരിക്കും. ചെറിയ ശബ്ദം കേട്ടാൽ അടുത്ത മുറിയിലുള്ള ആരെങ്കിലുമായിരിക്കുമെന്നാണ് കരുതുക. ഇതു മുതലെടുത്ത് ഇയാൾ കൃത്യം നടത്തിയിരിക്കും. പണം, സ്വർണം, മൊബൈൽ ഫോണുകൾ, വാച്ചുകൾ, ലാപ്ടോപ്പ് തുടങ്ങിയവയൊക്കെ ഇങ്ങനെ അടിച്ചുമാറ്റിയിട്ടുണ്ട്. മോഷണത്തിനിടയിൽ വീട്ടുകാർ അറിയുകയോ ശബ്ദമുണ്ടാക്കുകയോ ചെയ്താൽ ഉടൻ രക്ഷപ്പെടും. പുറത്തേക്കു പോകുന്നതിനുള്ള വഴികൾ ആദ്യമേ ഒരുക്കിയിരിക്കും. ഇൗ വീടിനു സമീപത്തു തന്നെയുള്ള മറ്റൊരു വീട്ടിലായിരിക്കും അടുത്തതായി മോഷണം നടത്തുക. കള്ളൻ ഒാടിരക്ഷപ്പെട്ടിരിക്കുമെന്ന ചിന്തയിൽ അടുത്ത വീട്ടുകാരും അശ്രദ്ധയിലായിരിക്കുമെന്നതാണ് ഇതിനു കാരണം. ഒരു പ്രശ്നവുമുണ്ടായില്ലെങ്കിൽ രണ്ടും മൂന്നും വീടുകളിൽ മോഷണം നടത്തും.
കള്ളയറകൾ നിരവധി;
നിർമിച്ചതും മോഷ്ടാവ് തന്നെ
ആലക്കോെട്ട ആഡംബര വീട് രൂപകൽപന ചെയ്തതും നിർമാണത്തിന് മേൽനോട്ടം വഹിച്ചതുമെല്ലാം മുഹമ്മദ് തന്നെ. വീട്ടിനുള്ളിൽ രഹസ്യ അറകൾ നിർമിക്കുന്നതിനായിരുന്നു ഇത്. 20 വർഷത്തോളമായി പ്രദേശത്ത് മുഹമ്മദും കുടുംബവും താമസിക്കുന്നുണ്ടെന്നാണ് നാട്ടുകാർ പറഞ്ഞത്. പുതിയ വീട് നിർമിച്ചത് അഞ്ചുവർഷം മുമ്പാണ്. മലപ്പുറം, കോഴിക്കോട് ജില്ലകളിൽ നൂറുകണക്കിന് മോഷണങ്ങൾ നടത്തിയതായി പൊലീസിന് വ്യക്തമായിട്ടുണ്ടെങ്കിലും കണ്ണൂരിൽ ഇയാൾ മോഷണം നടത്തിയതായി പൊലീസിന് വിവരമില്ല. ഇയാൾ ഉൾപ്പെട്ട മോഷണങ്ങൾ ജില്ലയിൽ ഉണ്ടോയെന്ന് പരിശോധിച്ചുവരുകയാണെന്ന് കണ്ണൂർ ജില്ല പൊലീസ് മേധാവി ജി. ശിവവിക്രം ‘മാധ്യമ’ത്തോടു പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.