കൊച്ചി: പി.എസ്.സിയുമായി ബന്ധപ്പെട്ട വാർത്തയുടെ പേരിൽ ’മാധ്യമം’ ചീഫ് എഡിറ്റർ ഒ. അബ്ദുറഹ്മാൻ, സീനിയർ റിപ്പോർട്ടർ അനിരു അശോകൻ എന്നിവർക്ക് ക്രൈംബ്രാഞ്ച് അയച്ച നോട്ടീസിലെ തുടർ നടപടികളിലെ സ്റ്റേ ഹൈകോടതി മൂന്നുമാസം കൂടി നീട്ടി. വാർത്തയുടെ സ്രോതസ്സ് വെളിപ്പെടുത്താനും ലേഖകന്‍റെ വിവരങ്ങൾ ലഭ്യമാക്കാനും നിർദേശിച്ച് ചീഫ് എഡിറ്റർക്കും ഫോൺ പരിശോധനക്ക് ഹാജരാക്കണമെന്നതടക്കം നിർദേശിച്ച് ലേഖകനും തിരുവനന്തപുരം ക്രൈംബ്രാഞ്ച് ഡെപ്യൂട്ടി സൂപ്രണ്ട് ജി. ബിജു നൽകിയ നോട്ടീസുകളിലെ നടപടിയിലെ സ്റ്റേയാണ് ജസ്റ്റിസ് വി.ജി. അരുൺ നീട്ടിയത്.
നോട്ടീസുകൾ ചോദ്യം ചെയ്ത് ഇരുവരും നൽകിയ ഹരജി നേരത്തേ രണ്ടാഴ്ചത്തേക്ക് സ്റ്റേ ചെയ്തിരുന്നു. ഹരജി വീണ്ടും ഏപ്രിൽ ഒമ്പതിന് പരിഗണിക്കാൻ മാറ്റി.
അതീവ രഹസ്യ സ്വഭാവത്തിലുള്ള രേഖ ചോർന്നതിൽ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് പി.എസ്.സി സെക്രട്ടറി നൽകിയ പരാതിയിൽ ഡിജിറ്റൽ ഇമേജിന്‍റെ സ്രോതസ്സ്, റിപ്പോർട്ടറുടെ ഫോൺ നമ്പർ, ഇ-മെയിൽ എന്നിവ ആരാഞ്ഞ് ചീഫ് എഡിറ്റർക്ക് ഡിസംബർ 19ന് ക്രൈംബ്രാഞ്ച് നോട്ടീസ് അയച്ചിരുന്നു. സ്രോതസ്സ് കണ്ടെത്താനുള്ള അന്വേഷണഭാഗമായി ഫോൺ ഹാജരാക്കണമെന്ന് ആവശ്യപ്പെട്ട് അനിരുവിനും നോട്ടീസ് അയച്ചു. ഈ രണ്ട് നോട്ടീസുകളിലെയും തുടർനടപടികളാണ് സ്റ്റേ ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.