മാസപ്പടി കേസ്; എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യണമെന്ന സിംഗിൾ ബെഞ്ച് ഉത്തരവിന് അടിയന്തര സ്റ്റേ ഇല്ല

കൊച്ചി: സി.എം.ആർ.എൽ - എക്സാലോജിക് മാസപ്പടി വിവാദവുമായി ബന്ധപ്പെട്ട് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യാനുള്ള ഉത്തരവ് അടിയന്തരമായി സ്റ്റേ ചെയ്യാൻ ഹൈക്കോടതി വിസമ്മതിച്ചു. പ്രത്യേക അനുമതി തേടിയ ശേഷം മാത്രമേ സ്റ്റേ ഹരജി പരിഗണിക്കാനാകൂ എന്ന് ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി. അപ്പീൽ സ്വീകരിക്കുന്ന കാര്യത്തിൽ പിന്നീട് തീരുമാനമറിയിക്കാമെന്നും കോടതി വ്യക്തമാക്കി. ഇതിനിടെ, കേസിൽ മുൻ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായ പിണറായി വിജയന്റെ നിലപാടിനെ സർക്കാർ ഹൈക്കോടതിയിൽ വീണ്ടും പിന്തുണച്ചു.

ലഭിച്ച ഡയറി രേഖകൾ മാത്രം ഉപയോഗിച്ച് നേരിട്ട് കേസെടുക്കാൻ സാധിക്കില്ലെന്നും, പ്രാഥമിക അന്വേഷണം നടത്തണമെന്ന നിലപാടാണ് സർക്കാരിന്റേതെന്നും അഡ്വക്കേറ്റ് ജനറൽ കോടതിയെ അറിയിച്ചു. വിജിലൻസിന് മാത്രമായി അന്വേഷണം ചുരുക്കാനാകില്ലെന്നും പൊലീസിന് പ്രാഥമികാന്വേഷണം നടത്താമെന്നും സർക്കാർ വാദിച്ചു. എന്നാൽ, സിംഗിൾ ബെഞ്ചിന്റെ ഉത്തരവിനെതിരെ പ്രതികൾ അപ്പീൽ നൽകിയതിനെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) കോടതിയിൽ ശക്തമായി എതിർത്തു.

കേസിൽ പ്രതികൾക്കെതിരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യുന്നതിൽ എന്താണ് തടസ്സമെന്ന് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ആവർത്തിച്ചു ചോദിച്ചു. സിംഗിൾ ബെഞ്ചിന്റെ പ്രത്യേക ഉത്തരവുകൾ ഇല്ലെങ്കിൽ പോലും പൊലീസിന് സ്വന്തം നിലയ്ക്ക് എഫ്.ഐ.ആർ ഇടാമല്ലോ എന്ന് കോടതി ചൂണ്ടിക്കാണിച്ചു. ഇ.ഡി നൽകിയ തെളിവുകൾ കേസെടുക്കാൻ പര്യാപ്തമല്ലെന്നായിരുന്നു സർക്കാരിന്റെ മറുപടി. അതേസമയം, ഹർജിക്കാരനായ കെ.എം ഷാജഹാൻ സത്യസന്ധനായ ഹർജിക്കാരനല്ലെന്നും സർക്കാർ കോടതിയിൽ ആരോപിച്ചു.

ഇതിനിടെ, പിണറായി വിജയനും മുൻ മന്ത്രി പി.എ മുഹമ്മദ് റിയാസിനുമെതിരെയുള്ള സാമ്പത്തിക ആരോപണങ്ങളിൽ വിജിലൻസ് അന്വേഷണത്തിനായി രണ്ട് പ്രത്യേക സംഘങ്ങളെ (എസ്.ഐ.ടി) നിയോഗിക്കാൻ ആഭ്യന്തര വകുപ്പ് ഒരുങ്ങുന്നു. ഇ.ഡി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ വ്യത്യസ്ത കാലഘട്ടങ്ങളിലെ ഇടപാടുകൾ പരിശോധിക്കുന്നതിനാണ് രണ്ട് കേസുകളിലായി പ്രത്യേക സംഘങ്ങളെ രൂപീകരിക്കുന്നത്. രണ്ട് എസ്.പിമാരുടെ നേതൃത്വത്തിലായിരിക്കും അന്വേഷണം. എന്നാൽ വിജിലൻസിൽ പ്രധാനപ്പെട്ട എസ്.പി തസ്തികകൾ ഒഴിഞ്ഞുകിടക്കുന്നതിനാൽ അന്തിമ ഉത്തരവ് ഉടൻ ഉണ്ടാകുമെന്നാണ് സൂചന. കേസിൽ അപ്പീൽ ഹർജിയിൽ കോടതിയിൽ വാദം തുടരുകയാണ്.

Tags:    
News Summary - Kerala HC Denies Immediate Stay on FIR in CMRL-Exalogic Case

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.