ച​ന്ദ്ര​ശേ​ഖ​ര​ൻ നാ​യ​ർ സ്റ്റേ​ഡി​യ​ത്തി​ൽ പ​രി​ശീ​ലി​ക്കു​ന്ന മ​ല​പ്പു​റം ക​ട​ക​ശേ​രി ഐ​ഡി​യ​ൽ ഇം​ഗ്ലീ​ഷ് മീ​ഡി​യം ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ ടീം  

ഓൾ സെറ്റ്... കുതിച്ചുയരാൻ കായിക കൗമാരം

തിരുവനന്തപുരം: ഫുട്ബാൾ ആവേശത്തിൽ ലോകമാകെ ഇളകിമറിയുമ്പോൾ പുതിയ ദൂരവും സമയവും ഉയരവും തേടി കൗമാരകേരളം തലസ്ഥാനനഗരിയിൽ ഇന്നിറങ്ങും. കോവിഡ് മഹാമാരി തീർത്ത പ്രതിസന്ധികളോട് 'ബൈ ബൈ' പറഞ്ഞ് രണ്ടുവർഷത്തെ ഇടവേളക്ക് ശേഷമാണ് 64ാമത് സംസ്ഥാന സ്കൂൾ കായികമേളക്ക് ഇന്ന് തുടക്കമാകുന്നത്.

നാലു വർഷത്തിനുശേഷം തലസ്ഥാനത്ത് എത്തുന്ന മേള പകലും രാത്രിയുമായാണ് സംഘടിപ്പിച്ചിട്ടുള്ളത്. വെള്ളിയാഴ്ച വൈകുന്നേരം പെയ്ത മഴ ആവേശം കെടുത്തുമോയെന്ന ആശങ്കയും നിലവിലുണ്ട്.

ചന്ദ്രശേഖരൻനായർ സ്റ്റേഡിയം, യൂനിവേഴ്സിറ്റി സ്റ്റേഡിയങ്ങളിലായാണ് മത്സരം. അത്ലറ്റിക്സ്, ജംപ് ഇനങ്ങൾ ചന്ദ്രശേഖരൻനായർ സ്റ്റേഡിയത്തിലും ത്രോ ഇനങ്ങൾ യൂനിവേഴ്സിറ്റി സ്റ്റേഡിയത്തിലുമായാണ് നടക്കുക. രാവിലെ ഏഴിന് സീനിയർ ആൺകുട്ടികളുടെ 3000 മീറ്റർ ഓട്ടമത്സരത്തോടെയാണ് മത്സരങ്ങൾക്ക് തുടക്കം.

23 ഫൈനൽ മത്സരങ്ങളാണ് ആദ്യദിനം നടക്കുക. വൈകുന്നേരം ആറിന് ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം നിർവഹിക്കും. തുടർന്ന് നാല് ദിവസങ്ങളിൽ ട്രാക്കിനെയും ഫീൽഡിനെയും തീപിടിപ്പിക്കുന്ന പൊരിഞ്ഞ പോരാട്ടത്തിനാകും അനന്തപുരി സാക്ഷ്യം വഹിക്കുക.

മത്സര ഫലത്തിന്‍റെ കൃത്യതക്കായി സാങ്കേതികവിദ്യയുടെ കൂടുതൽ സാധ്യതകളും മേളയിൽ പരീക്ഷിക്കും. ചാമ്പ്യൻപട്ടം നിലനിർത്താനായി പാലക്കാടും തിരിച്ചുപിടിക്കാൻ എറണാകുളത്തിന്‍റെയും അട്ടിമറിക്കായി കോഴിക്കോടിന്‍റെയും ചുണക്കുട്ടികൾ ഇന്നലെതന്നെ തലസ്ഥാനത്തെത്തി.

ജില്ലകളെക്കാൾ സ്കൂളുകൾ തമ്മിലുള്ള പൊരിഞ്ഞ പോരാട്ടത്തിനാകും ഈ മേള സാക്ഷ്യം വഹിക്കുക. സബ് ജൂനിയർ, ജൂനിയർ, സീനിയർ വിഭാഗങ്ങളിൽ ആറ് കാറ്റഗറികളിലായി 2737 കുട്ടിത്താരങ്ങളാണ് മേളയിൽ മാറ്റുരക്കുന്നത്. ഇതിൽ 1443 ആൺകുട്ടികളും 1294 പെൺകുട്ടികളും ഉൾപ്പെടും. 86 വ്യക്തിഗത ഇനങ്ങളും രണ്ട് ക്രോസ് കൺട്രി ഉൾപ്പെടെ പത്ത് ടീം ഇനവുമടക്കം 98 ഇനങ്ങളിലാണ് മത്സരം.

മേളക്കെത്തുന്ന കുട്ടികളെ സ്വീകരിക്കാനും അവരുടെ താമസത്തിനുമായി വിപുലമായ സജ്ജീകരണങ്ങളാണ് ഒരുക്കിയിട്ടുള്ളത്. കുട്ടികളുടെ രജിസ്ട്രേഷൻ നടപടികൾ എസ്.എം.വി.എച്ച്.എസ്.എസിൽ നടന്നു. സെന്‍റ് ജോസഫ്സ് എച്ച്.എസ്.എസിൽ ഭക്ഷണശാലയും തയാറായി. വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടി ഒരുക്കങ്ങൾ വിലയിരുത്തി. രാവിലെ ആദ്യമെത്തിയ വയനാട് ടീമിനെ മന്ത്രി സ്വീകരിച്ചു.

Tags:    
News Summary - State school sports fair begins

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.