കോഴിക്കോട് : സംസ്ഥാനത്ത് പുതിയ ബയോമെഡിക്കൽ മാലിന്യം (ബി.എം.ഡബ്ല്യ) അല്ലെങ്കിൽ ആശുപത്രി മാലിന്യം സംസ്കരണ സൗകര്യം സ്ഥാപിക്കുന്നതിന് സത്വരവും സമയബന്ധിതവുമായ നടപടി സ്വീകരിക്കണമെന്ന് സി.എ.ജി റിപ്പോർട്ട്. എല്ലാ ബി.എം.ഡബ്ല്യുവും ശരിയായ രീതിയിൽ നിർമാർജനം ചെയ്യുന്നതിന് തക്ക സംലിധാനം സംസ്ഥാനത്ത് വേണം. സംസ്ഥാനത്ത് ഉല്പാദിപ്പിക്കപ്പെടുന്ന ബി.എം.ഡബ്ല്യുവിന്റെ അളവ് നിർണയിക്കുന്നതിന് സംവിധാനം നിലവിലുണ്ടെന്നും സർക്കാർ ഉറപ്പുവരുത്തണമെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടി.
നിലവിൽ ബയോമെഡിക്കൽ മാലിന്യം സംസ്കരിക്കുന്നത് മതിയായ അടിസ്ഥാന സൗകര്യങ്ങളില്ല. മാലിന്യനിർമാർജന ശേഷിയുടെയും അഭാവമാണ് പരിശോധനയിൽ കണ്ടെത്തിയത്. 2019-ലെ സി.പി.സി.ബിയുടെ ബി.എം.ഡബ്ല്യൂ.എമ്മിനെക്കുറിച്ചുള്ള വാർഷികറിപ്പോർട്ട് പ്രകാരം നിലവിലുള്ള പൊതു അടിസ്ഥാന സൗകര്യങ്ങളുടെ വിനിയോഗശേഷി 75 ശതമാനം കടന്നിട്ടുള്ള ആറ് സംസ്ഥാനങ്ങൾ/കേന്ദ്ര ഭരണ പ്രദേശങ്ങളിലൊന്നാണ് കേരളം. അതിനാൽ അധിക സൗകര്യങ്ങൾ നിർമിക്കേണ്ടതിന്റെ ആവശ്യകത സംസ്ഥാനം പരിശോധിക്കണമെന്ന് സി.പി.സി.ബി ശിപാർശ ചെയ്തിരുന്നു.
സി.പി.സി.ബിയുടെ വാർഷിക റിപ്പോർട്ടിൽ പ്രസിദ്ധീകരിച്ച 35 സംസ്ഥാനങ്ങൾ- കേന്ദ്ര പ്രദേശങ്ങളുടെ സ്ഥിതിവിവര കണക്കുകൾ (2019) അനുസരിച്ച് 30 സംസ്ഥാനങ്ങൾ/ കേന്ദ്ര ഭരണ പ്രദേശങ്ങൾ പ്രതിദിനം 0.10 മുതൽ 41.60 ടൺ വരെ ബി.എം.ഡബ്ല്യു ഉല്പാദിപ്പിച്ചിരുന്നു. അവയിൽ 16 സംസ്ഥാനങ്ങൾ മാലിന്യ നിർമാർജനത്തിനായി രണ്ട് മുതൽ 20 വരെ സി.ബി.ഡബ്ല്യു.ടി.എഫുകൾ പ്രവർത്തിക്കുന്നു.
എന്നാൽ, കേരളം പ്രതിദിനം 42.90 ടൺ മാലിന്യം ഉല്പാദിപ്പിക്കുമ്പോൾ 2021 മേയ് വരെ മാലിന്യനിർമാർജനം നടത്താനായി ഉണ്ടായിരുന്നത് ഒരു സി.ബി.ഡബ്ല്യു.ടി.എഫ് മാത്രമാണ്. കേരളം പ്രതിദിനം 42.90 ടൺ ബയോമെഡിക്കൽ മാലിന്യം ഉല്പാദിപ്പിച്ചപ്പോൾ പ്രതിദിനം 40,270 കിലോഗ്രാം മാലിന്യമാണ് സംസ്കരിച്ച് നിർമാർജനം ചെയ്തത്.
നിലവിലുള്ള സി.ബിഡ.ബ്ല്യു.ടി.എഫിൻറെ അപര്യാപ്തത കാരണം കുറഞ്ഞ പക്ഷം നാല് സി.ബി.ഡബ്ല്യു.ടിഎഫുകൾ എങ്കിലും സ്ഥാപിക്കേണ്ടതിന്റെ ആവശ്യകത കെ.എസ്.പി.സി.ബിയുടെ ചെയർമാൻ സംസ്ഥാനതല ഉപദേശകസമിതി യോഗത്തിൽ (2019 സെപ്റ്റംബർ) ചൂണ്ടിക്കാണിച്ചിരുന്നു. 2019 സെപ്റ്റംബറിൽ തന്നെ കുറഞ്ഞത് നാല് സി.ബി.ഡബ്ല്യു.ടി.എഫുകളുടെ ആവശ്യകത ചൂണ്ടിക്കാണിച്ചുവെങ്കിലും ഒരു സി.ബി.ഡബ്ല്യു.ടി.എഫ് മാത്രമേ 2021 മേയ് വരെ പ്രവർത്തിച്ചിരുന്നുള്ളു. 2022ന് രണ്ടാമത്തൊന്നുകൂടി തുടങ്ങി. എന്നാൽ അപര്യാപ്തത തുടരുകയാണ്.
സംസ്ഥാനത്ത് 27 രക്ത ബാങ്കുകൾ- രക്ത സംവരണ കേന്ദ്രങ്ങളിൽ ലൈസൻസ് ഇല്ലാതെയാണ് പ്രവർത്തിക്കുന്നതെന്നും എ.ജി പരിശോധയിൽ കണ്ടത്തി. നിയമവും ചട്ടങ്ങളും അനുസരിച്ചുള്ള നിലവാരം നേടിയെടുത്താണ് ഈ സ്ഥാപനങ്ങൾ പ്രവർത്തിക്കേണ്ടത്.
1945 ലെ ഡ്രഗ്സ് ആൻഡ് കോസ് മെറ്റിക്സ് ചട്ടങ്ങളിൽ വ്യക്തമാക്കിയിട്ടുള്ളുപോലെ അടിസ്ഥാന സൗകര്യങ്ങൾ, സാങ്കേതിക ജീവനക്കാർ, ഉപകരണങ്ങൾ എന്നീ അവശ്യഘടകങ്ങളോടെയാണ് രക്തബാങ്കുകൾ പ്രവർത്തിക്കേണ്ടത്. അതിനു മതിയായ ലൈസൻസ് വേണം. ഒരിക്കൽ നേടുന്ന ലൈസൻസിന് അഞ്ചുവർഷമാണ് കാലാവധി.
സംസ്ഥാന ലൈസൻസിങ് അതോറിറ്റിയും കേന്ദ്ര ലൈസൻസ് അപ്രൂവിങ് അതോറിറ്റിയും സംയുക്തമായിട്ടാണ് രക്തബാങ്കുകൾക്ക് ലൈസൻസ് അനുവദിക്കുന്നത്. അതുപോലെയാണ് പുതുക്കലും. സംസ്ഥാന ഡ്രഗ്സ് കൺട്രോളറുടെ ഓഫീസ് രേഖകൾ പ്രകാരം 93 സർക്കാർ രക്തബാങ്കുകൾ- രക്ത സംവരണ കേന്ദ്രങ്ങൾ എന്നിവയിൽ 27 എണ്ണം (29ശതമാനം) ലൈസൻസ് പുതുക്കുന്നതിനുള്ള രേഖകൾ സമർപ്പിച്ചിട്ടില്ല.
ബ്ലഡ്ബാങ്കുകളുടെ ലൈസൻസിന്റെ സാധുത നിരീക്ഷിക്കുന്നതിനുള്ള സംവിധാനം ഡ്രഗ്ഗ്സ് കൺട്രോളർ നടപ്പിലാക്കണം, ലൈസൻസുകൾ കാലതാമസമില്ലാതെ പുതുക്കുകയും ചെയ്യണമെന്ന് റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.