ആലപ്പുഴയിൽ നിന്ന് തുടക്കം; സി.പി.എം തിരുത്തൽ പ്രക്രിയ ജില്ല സമിതികളിലേക്ക്
തിരുവനന്തപുരം: കോഴിക്കോട്ടെ വിശാല സംസ്ഥാന സമിതിയിലൂടെ തുടക്കമിട്ട സംഘടനാപരമായ തിരുത്തും ഉടച്ചുവാർക്കലും താഴെത്തട്ടിലേക്ക് വ്യാപിപ്പിക്കാൻ സി.പി.എം വിശാല ജില്ല സമിതികൾക്ക് ശനിയാഴ്ച തുടക്കം. പരമ്പരാഗതമായി പാർട്ടിക്ക് ശക്തമായ അടിത്തറയുണ്ടായിട്ടും കനത്ത തിരിച്ചടി നേരിട്ട ആലപ്പുഴയിൽ നിന്നാണ് തിരുത്തിന് തുടക്കമിടുന്നത്. സംസ്ഥാന സെക്രട്ടറിയെ ശാസിക്കുകയും സെക്രട്ടേറിയറ്റ് പുനഃസംഘടിപ്പിക്കുകയും ചെയ്ത പശ്ചാത്തലത്തിൽ വിശാല ജില്ല സമിതികൾ കേവലം റിപ്പോർട്ടിങ് സദസ്സുകൾക്കപ്പുറം സംഘടനയുടെ അടിസ്ഥാന ഘടകങ്ങളെ ആഴത്തിൽ പരിശോധിക്കുകയും അഴിച്ചുപണിയുകയും ചെയ്യുന്ന ശസ്ത്രക്രിയ വേദികളായി മാറും.
കേന്ദ്ര കമ്മിറ്റിയുടെയും സംസ്ഥാന നേതൃത്വത്തിന്റെയും വിലയിരുത്തലുകൾ കേവലം ഉന്നത തലങ്ങളിൽ മാത്രം ഒതുങ്ങിനിൽക്കുന്ന നയരേഖയായി മാറിയാൽ അത് പാർട്ടിയുടെ തിരിച്ചുവരവിന് പര്യാപ്തമാകില്ലെന്ന തിരിച്ചറിവലിാണ് സി.പി.എം നേതൃത്വം. പാർട്ടി വോട്ട് ബാങ്കിലും ജനകീയ അടിത്തറയിലും സംഭവിച്ച വലിയ ചോർച്ച ഭരണവിരുദ്ധ വികാരത്തിനൊപ്പം സംഘടനാപരമായ ജീർണതകളുടെയും ആശയ വ്യതിയാനങ്ങളുടെയും ഫലമാണെന്ന് നേതൃത്വം അടിവരയിട്ടിരുന്നു. ഇതനുസരിച്ച തിരുത്തലുകളാണ് ജില്ലകളിലും നടക്കുക.
നേതാക്കളടക്കം വരുത്തേണ്ട മാറ്റങ്ങളെ കുറിച്ച് വിശാല സംസ്ഥാന സമിതി തയാറാക്കിയ തെറ്റുതിരുത്തൽ മാർഗരേഖ വിശാല ജില്ല സമിതിയിൽ അവതരിപ്പിക്കും. ഒപ്പം, അതാത് ജില്ലകളിലെ സംഘടനാ സ്ഥിതിയും രാഷ്ട്രീയ സാഹചര്യങ്ങളും തോൽവിക്ക് കാരണമായ ഘടകങ്ങളും സംബന്ധിച്ച റിപ്പോർട്ടും വെക്കും. ഇവ അടിസ്ഥാനപ്പെടുത്തിയാകും രണ്ടുദിവസത്തെ ചർച്ചകൾ.
പാർലമെന്ററി വ്യാമോഹങ്ങൾ വെടിയുക, ജനങ്ങളുമായുള്ള നഷ്ടപ്പെട്ട ജൈവ ബന്ധം പുനഃസ്ഥാപിക്കുക, പുതിയ തൊഴിൽ വർഗത്തെ ഉൾക്കൊള്ളുക, ഭൂരിപക്ഷ-ന്യൂനപക്ഷ വർഗീയതകൾക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത മതേതര നിലപാട് സ്വീകരിക്കുക, കേഡർമാർക്ക് നവമാധ്യമങ്ങളിലും ആശയവിനിമയത്തിലും പരിശീലനം നൽകുക എന്നീ ലക്ഷ്യങ്ങളിലേക്കുള്ള പാർട്ടിയുടെ തിരുത്തൽ യാത്ര പൂർണമായും ആശ്രയിച്ചിരിക്കുന്നത് വിശാല ജില്ല സമിതികൾ എത്രത്തോളം സത്യസന്ധമായും കർശനമായും തീരുമാനങ്ങൾ നടപ്പാക്കുന്നുവെന്നതിനെയാണ്.
വിശാല സംസ്ഥാന സമിതി മാതൃകയിൽ ജില്ല തലത്തിലും കടുത്ത വിമർശനങ്ങളും അച്ചടക്ക നടപടികളുമുണ്ടാകുമെന്ന് ഉറപ്പാണ്. പ്രത്യേകിച്ച് പരമ്പരാഗത കോട്ടകളായ കണ്ണൂർ, ആലപ്പുഴ, തിരുവനന്തപുരം ജില്ലകളിൽ. തളിപ്പറമ്പ്, പയ്യന്നൂർ, അമ്പലപ്പുഴ എന്നിവിടങ്ങളിലെ സ്ഥാനാർഥി നിർണയത്തിലെ ഗുരുതര വീഴ്ചകൾ കേന്ദ്ര കമ്മിറ്റിതന്നെ എടുത്തുപറഞ്ഞ സാഹചര്യത്തിൽ, അതാത് ജില്ല നേതൃത്വങ്ങൾ മറുപടി പറയേണ്ടിവരും. സംസ്ഥാന നേതൃത്വത്തിൽ പി. ജയരാജനെ പോലുള്ള ജനകീയ മുഖങ്ങളെ കൊണ്ടുവന്നതിനും എസ്.എഫ്.ഐ, ഡി.വൈ.എഫ്.ഐ നേതാക്കൾക്ക് സംസ്ഥാന സമിതിയിൽ ഇടം നൽകിയതിനും സമാനമായ നീക്കങ്ങൾ ജില്ലകളിലും ഉറപ്പാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.