തിരുവനന്തപുരം: കേരള മോഡൽ എന്ന് പരക്കെ വിശേഷിപ്പിച്ച നേട്ടങ്ങളിൽ ഒരുഘട്ടം കഴിഞ്ഞപ്പോൾ സ്തംഭനാവസ്ഥയുണ്ടായെന്നും ഈ പോരായ്മ കിഫ്ബിയിലൂടെയാണ് മറികടന്നതെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. കിഫ്ബിയുടെ 25ാം വാർഷികം നിശാഗന്ധി ഓഡിറ്റോറിയത്തിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.
നവകേരള നിർമിതിയിലെ ഏറ്റവും വലിയ പങ്കാളിയാണ് കിഫ്ബിയെന്നും മുഖ്യമന്ത്രി പറഞ്ഞു. ഒരു കാലത്തും സംഭവിക്കില്ലെന്ന് കരുതിയ കാര്യങ്ങളാണ് കിഫ്ബിയിലൂടെ യാഥാർഥ്യമായത്. ജനങ്ങളുടെ മനസ്സ് കുളിരും വിധമുള്ള വികസനമാണ് ഇക്കാലയളവിൽ നടന്നത്. പരിമിതമായ സാമ്പത്തികശേഷിയായിരുന്നു കേരള മോഡലിലെ സ്തംഭനാവസ്ഥക്ക് കാരണം.
ഏതൊരു സർക്കാറിനും പദ്ധതി ഏറ്റെടുക്കാനും നടപ്പാക്കാനും കഴിയുന്നത് ബജറ്റ് മുഖേനയാണ്. ഇതിന് ആവശ്യമായ വിഭവം വേണം. ആവശ്യങ്ങൾ വലുതായിരുന്നുവെങ്കിലും ഇവയുടെ വക്കിൽ തൊടാൻ പോലും പറ്റാത്ത പദ്ധതികളാണ് സർക്കാറുകൾ അവതരിപ്പിച്ച് പോന്നിരുന്നത്. കാലാനുസൃത പദ്ധതിയില്ലെങ്കിൽ പിന്തള്ളപ്പെട്ടു പോകും. ഈ സാഹചര്യത്തിലാണ് വേർതിരിവുകളില്ലാതെ എല്ലാ മേഖലയിലും വികസനം കൊണ്ടുവരിക എന്ന ലക്ഷ്യത്തോടെ കിഫ്ബി പുനരുജ്ജീവിപ്പിച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞു.
മന്ത്രി കെ.എൻ. ബാലഗോപാൽ അധ്യക്ഷത വഹിച്ചു. മന്ത്രിമാരായ കെ. രാജൻ, ജി.ആർ. അനിൽ, ജെ. ചിഞ്ചു റാണി, ചീഫ് വിപ്പ് എൻ. ജയരാജ്, വി.കെ. പ്രശാന്ത് എം.എൽ.എ, ചീഫ് സെക്രട്ടറി ഡോ. എ. ജയതിലക്, കിഫ്ബി സി.ഇ.ഒ കെ.എം. എബ്രഹാം, അഡീഷനൽ സി.ഇ.ഒ മിനി ആന്റണി എന്നിവർ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.