ശ്രീനിവാസൻ വധക്കേസിൽ നാല് പ്രതികളെ തിരിച്ചറിഞ്ഞതായി പൊലീസ്

പാലക്കാട്: മേലാമുറിയിൽ ആർ.എസ്.എസ് നേതാവ് ശ്രീനിവാസനെ കൊലപ്പെടുത്തിയ സംഭവത്തിൽ നാല് പ്രതികളെ തിരിച്ചറിഞ്ഞതായി പൊലീസ്. കൊലപാതകത്തിൽ നേരിട്ട് പങ്കെടുത്തവരാണ് ഇവരെന്നാണ് പൊലീസ് നിഗമനം. സി.സി.ടി.വി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് നാല് പ്രതികളെ തിരിച്ചറിഞ്ഞത്.

പോപ്പുലർ ഫ്രണ്ട് നേതാവ് സുബൈർ കൊല്ലപ്പെട്ട് 24 മണിക്കൂർ തികയും മുമ്പായിരുന്നു ആർ.എസ്.എസ് മുൻ ശാരീരിക് ശിക്ഷക് പ്രമുഖ് ശ്രീനിവാസന്റെ കൊലപാതകം. രണ്ട് ബൈക്കിലും ഒരു സ്കൂട്ടറിലുമായാണ് പ്രതികൾ കൊലപാതകത്തിനെത്തിയത്. ബൈക്കുകളിലൊന്ന് തമിഴ്നാട് രജിസ്ട്രേഷനാണെന്നും കണ്ടെത്തിയിട്ടുണ്ട്. ഈ ബൈക്ക് വല്ലപ്പുഴ കടന്നത് സി.സി.ടി.വി ദൃശ്യങ്ങളിൽ നിന്ന് വ്യക്തമാണ്.

എലപ്പുള്ളിയിലെ പോപ്പുലർ ഫ്രണ്ട് നേതാവ് സുബൈറിന്റെ കൊലപാതകത്തിൽ പ്രതികൾക്കായി പൊലീസ് ഇന്ന് കസ്റ്റഡി അപേക്ഷ സമർപ്പിക്കും. അക്രമങ്ങളുടെ പശ്ചാത്തലത്തിൽ ജില്ലയിൽ ഏർപ്പെടുത്തിയ നിരോധനാജ്ഞ ഇന്ന് വൈകീട്ട് അവസാനിക്കും.

സുബൈർ വധക്കേസിൽ അറസ്റ്റിലായ മൂന്ന് പ്രതികൾക്കായി അന്വേഷണ സംഘം ഇന്ന് കസ്റ്റഡി അപേക്ഷ നൽകും. ആർ.എസ്.എസ് പ്രവർത്തകൻ സഞ്ജിതിന്റെ കൊലപാതകത്തിൽ പ്രതികാരമായാണ് സുബൈറിെനെ കൊലപ്പെടുത്തിയതെന്നാണ് പ്രതികളുടെ മൊഴി. സഞ്ജിത്തിന്റെ സുഹൃത്ത് രമേശ്, അറുമുഖൻ, ശരവണൻ എന്നീ ആർ.എസ്.എസ് പ്രവർത്തകരാണ് അറസ്റ്റിലായത്. കൊലപാതകത്തിൽ ഗൂഢാലോചന അടക്കമാണ് പൊലീസ് അന്വേഷണം. 

Tags:    
News Summary - Srinivasan murder case four accused identified says police

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.