ജി.എസ്.എൽ.വി റോക്കറ്റിലൂടെ നൂറാം വിക്ഷേപണത്തിന് ഒരുങ്ങി ശ്രീഹരിക്കോട്ട

തിരുവനന്തപുരം: ജി.എസ്.എൽ.വി റോക്കറ്റിലൂടെ നൂറാം വിക്ഷേപണത്തിന് ഒരുങ്ങുകയാണ് ശ്രീഹരിക്കോട്ട. ഇന്ത്യയുടെ കരുത്തുറ്റ എൽ.വി.എം3 റോക്കറ്റിൽ 2 ദൗത്യങ്ങൾ ഉൾപ്പെടെ തുടർ വിക്ഷേപണങ്ങൾ അടുത്ത മാസങ്ങളിൽ നടക്കും. ഈ മാസം 28 മുതൽ 30 വരെയുള്ള ദിവസങ്ങളാണ് ജി.എസ്.എൽ.വി റോക്കറ്റിൽ നാവിക്02 ഉപഗ്രഹം വിക്ഷേപിക്കാൻ ലക്ഷ്യമിടുന്നത്. പ്രധാനമന്ത്രിയുടെ കൂടി അനുമതി ലഭിക്കുന്നതോടെ തീയതി പ്രഖ്യാപിക്കും.

ഗഗൻയാൻ ദൗത്യത്തിനു മുന്നോടിയായി, യാത്രികരില്ലാതെ വിക്ഷേപിക്കുന്ന ഗഗൻയാൻ1(ജി1) ദൗത്യമാണു തുടർന്നു വരുന്ന പ്രധാന വിക്ഷേപണം. ജി1 മാർച്ചിൽ വിക്ഷേപിച്ചേക്കും. മനുഷ്യയാത്രയ്ക്കു യോജിച്ചവിധം പരിഷ്കരിച്ച ഹ്യൂമൻ റേറ്റഡ് എൽവിഎം3(എച്ച്എൽവിഎം3) റോക്കറ്റിന്റെ ആദ്യപരീക്ഷണം കൂടിയാകും ഇത്. ഇതിനായി റോക്കറ്റ് കൂട്ടിച്ചേർക്കൽ ജോലികൾ ശ്രീഹരിക്കോട്ടയിൽ അവസാനഘട്ടത്തിലാണ്.

ജി1 ദൗത്യത്തിനു മുൻപു ഗഗൻയാൻ ദൗത്യത്തിന്റെ ഭാഗമായുള്ള ഒരു പരീക്ഷണ വാഹന അവതരണ ദൗത്യം കൂടി (ടിവി–ഡി2) നടന്നേക്കും. യുഎസിലെ മൊബൈൽ സർവീസ് കമ്പനിയായ എഎസ്ടി ആൻഡ് സയൻസിന്റെ ബ്ലൂബേഡ് ബ്ലോക് 2 ഉപഗ്രഹം എൽവിഎം 3 റോക്കറ്റ് ഉപയോഗിച്ച് മാർച്ച് 31ന് വിക്ഷേപിക്കാനാണു ലക്ഷ്യം. ഇതിനിടെ, ജി.എസ്.എൽ.വി റോക്കറ്റിൽ ഇന്ത്യയുടെയും യുഎസിന്റെ ബഹിരാകാശ ഏജൻസിയായ നാസയുടെയും സംയുക്ത ഉപഗ്രഹമായ നൈസർ(നാസ–ഐഎസ്ആർഒ സിന്തറ്റിക് അപ്പർചർ റഡാർ) മാർച്ചിനു ശേഷം വിക്ഷേപിക്കും.

Tags:    
News Summary - Sriharikota prepares for 100th launch with GSLV rocket

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.