റിട്ട.ഡി.ജി.പിക്കും രക്ഷയില്ല, ഓൺലൈൻ തട്ടിപ്പിന്​ പരാതി നൽകിയിട്ടും അനങ്ങാതെ പൊലീസ്​; പരിദേവനവുമായി ശ്രീലേഖ സമൂഹമാധ്യമത്തിൽ

ഓൺലൈൻ തട്ടിപ്പിന്​ ഇരയായ റിട്ട: ഡി.ജി.പിയെ പൊലീസ്​ തട്ടിക്കളിക്കുന്നതായി പരാതി. മുൻ ഡി.ജി.പി ശ്രീലേഖയാണ്​ സമൂഹമാധ്യമങ്ങളിൽക്കൂടി​ ഇത്തരമൊരു പരാതി ഉന്നയിച്ചത്​. നാല് മാസം മുമ്പുവരെ ഐ.പി.എസ്​ ഉദ്യോഗസ്ഥയായിരുന്നിട്ടും ഡി.ജി.പി റാങ്കിൽ വിരമിച്ചിട്ടും തന്‍റെ പരാതിയിൽ പൊലീസ്​ യാതൊരു നടപടിയും സ്വീകരിച്ചില്ലെന്നും അവർ ഫേസ്​ബുക്കിൽ കുറിച്ചു. ​ഓൺലൈൻ സ്​റ്റോറിൽ നിന്ന്​ ബ്ലൂടൂത്ത്​ ഹെഡ്​സെറ്റ്​ വാങ്ങിയപ്പോഴാണ്​ തട്ടിപ്പിന്​ ഇരയായത്​. തകരാറിലായ സാധനം നൽകി കബളിപ്പിക്കുകയായിരുന്നെന്ന്​ ശ്രീലേഖ പറയുന്നു.


തട്ടിപ്പ്​ അറിഞ്ഞപ്പോൾതന്നെ തിരുവനന്തപുരം മ്യൂസിയം പൊലീസ്​ സ്​റ്റേഷനിൽ വിളിച്ച്​ പരാതി നൽകി. തുടർന്ന്​ മ്യൂസിയം സി.ഐക്ക് ഇമെയിൽ പരാതിയും അയച്ചു. എന്നാൽ രണ്ടാഴ്​ച്ച കഴിഞ്ഞിട്ടും തന്‍റെ പരാതിയിൽ യാതൊരു നടപടിയും ഉണ്ടായിട്ടില്ലെന്നും ശ്രീലേഖ കുറിച്ചു. മുമ്പും മൂന്നു തവണ ഇതേ പോലീസ് സ്റ്റേഷനിൽ പരാതികൾ നൽകിയിട്ടു​ണ്ടെന്നും ഒന്നിനും പരിഹാരം ലഭിച്ചില്ലെന്നും അവർ കുറിച്ചു. ഫേസ്​ബുക്ക്​ പോസ്റ്റിന്‍റെ പ്രസക്​തഭാഗങ്ങൾ താഴെ.


നാല് മാസം മുൻപ് വരെ ഒരു IPS ഉദ്യോഗസ്ഥ, DGP റാങ്കിൽ വിരമിച്ചു, എന്നിട്ടും മ്യൂസിയം പോലീസ് സ്റ്റേഷനിൽ നിന്നും പരാതി നേരിട്ട് വിളിച്ചു പറഞ്ഞിട്ടും, ഇമെയിൽ മുഖാന്തിരം എഴുതി കൊടുത്തിട്ടും 14 ദിവസം കഴിഞ്ഞും യാതൊരു നടപടിയുമില്ല. ഏപ്രിൽ 6 ന് ഓൺലൈൻ ആയി ഒരു bluetooth earphone ഓർഡർ ചെയ്തു. ക്യാഷ് ഓൺ ഡെലിവറി എന്ന രീതിയിൽ, അത് പൈസ പോകാതിരിക്കാനായി സൂക്ഷിച്ചു ചെയ്തതായിരുന്നു. 14 നു ഒരാൾ ഫോൺ ചെയ്തു പറഞ്ഞു, പാർസൽ ഇപ്പോൾ കൊണ്ട് വരും, രൂപ ഗേറ്റിനടുത്തു കൊണ്ട് വരണം, കോവിഡ് ആയതിനാൽ അകത്തു വരില്ല എന്ന്. ഞാൻ ഒരു ശസ്ത്രക്രിയക്ക് ശേഷം വിശ്രമത്തിലായതിനാൽ രൂപ വീട്ടിലെ സഹായിയെ ഏല്പിച്ച ശേഷം പാർസൽ വന്നാൽ ഉടൻ തന്നെ എനിക്ക് തരണമെന്ന് പറഞ്ഞു.


ഉച്ചക്ക് 12 മണിയോടെ പാർസൽ എനിക്ക് കിട്ടി, അപ്പോൾ തന്നെ എനിക്ക് പന്തികേട് മനസ്സിലായി ഞാൻ ശ്രദ്ധയോടെ അത് തുറന്നു. ഉള്ളിൽ പൊട്ടിയ പഴയ ഹെഡ്ഫോൺ ആയിരുന്നു. അപ്പോഴേക്കും കാശുമായി പയ്യൻ പോയിരുന്നു. ഉടൻ തന്നെ ഞാൻ അവൻ വിളിച്ച നമ്പറിൽ തിരികെ വിളിച്ചു സ്വയം പരിചയപ്പെടുത്തി, പാർസൽ എടുത്തു കാശ് തിരികെ നൽകാൻ പറഞ്ഞു. അവൻ പുച്ഛത്തോടെ മറുപടി പറഞ്ഞു, പോയി പോലീസിൽ പരാതി കൊടുക്കൂ, എന്ന്! കൂട്ടത്തിൽ പറയുകയും ചെയ്തു- എങ്കിലും കാശ് നിങ്ങൾക്ക് തിരികെ കിട്ടില്ല, എന്ന്! നിമിഷനേരത്തിൽ ഞാൻ മ്യൂസിയം ഇൻസ്‌പെക്ടറെ ഫോൺ ചെയ്തു. അദ്ദേഹം ഏതോ വലിയ കേസിന്റെ തിരക്കിലാണ് എന്ന് പറഞ്ഞു.

കുറ്റം പറയരുതല്ലോ, ആ ഉദ്യോഗസ്ഥൻ എന്നെ തിരികെ വിളിച്ചു. ഞാൻ കാര്യങ്ങൾ വിശദീകരിച്ചു. ഉടൻ തന്നെ കാശുമായി പോയവനെ വിളിപ്പിച്ചാൽ അവൻ പാർസൽ എടുത്തു എന്റെ രൂപ തിരികെ നൽകുമെന്നും പറഞ്ഞു. കേരള പോലീസ് വെബ്സൈറ്റ് നോക്കി മ്യൂസിയം CI ക്ക് ഇമെയിൽ പരാതിയും അയച്ചു. അതൊപ്പം earphone ഓർഡർ ചെയ്ത വെബ്സൈറ്റ് -ലേക്കും പാർസൽ ഡെലിവർ ചെയ്ത ekart എന്ന സ്ഥാപനത്തിലേക്കും പരാതികൾ അയച്ചു. അതെല്ലാം വീണ്ടും CI ക്കു അയച്ചു കൊടുത്തു. രണ്ടാഴ്ച ഒരു വിവരവും ഇല്ലാതെ പോയി.

ഇതിനോടകം ബന്ധുക്കളും സുഹൃത്തുക്കളും പലരും പല പല ആവശ്യങ്ങളും ആയി എന്നെ വിളിക്കുന്നു- അവരുടെ പ്രശ്നത്തിന് ഞാൻ പോലീസ് സ്റ്റേഷനിൽ വിളിച്ചു പരിഹാരം ഉണ്ടാക്കണം എന്നൊക്കെ. എന്റെ സ്വന്തം കാര്യത്തിന് പോലും പരിഹാരം ഇല്ല എന്ന് പറഞ്ഞാൽ ആരും വിശ്വസിക്കില്ല.

മുൻപും മൂന്നു തവണ ഇതേ പോലീസ് സ്റ്റേഷനിൽ എനിക്ക് പരാതികൾ നൽകേണ്ടി വന്നിട്ടുണ്ട്. ഒന്നിനും പരിഹാരം ലഭിച്ചിട്ടില്ല. രണ്ടു കേസുകൾ ഉണ്ടായിരുന്നത് പതിയെ എന്നെ അറിയിക്കാതെ എഴുതി തള്ളി. ഇതിലും എനിക്ക് പോയ കാശ് കിട്ടാൻ പോകുന്നില്ല. എന്തായാലും ഇന്ന് ഞാനീ സംഭവം FB യിൽ ഇട്ടതിനു പിന്നാലെ മ്യൂസിയം SHO എന്നെ വിളിച്ചു. E mail കിട്ടിയില്ല എന്ന് പറഞ്ഞു! അദ്ദേഹം തന്ന പുതിയ ഇമെയിൽ അഡ്രസ്സിൽ ഞാൻ പഴയ പരാതി ഇന്ന് വീണ്ടും അയച്ചിട്ടുണ്ട്. എന്തെങ്കിലും നടന്നാൽ കൊള്ളാം!

ഇനി ഇമെയിൽ പരാതി തിരുവനന്തപുരം മ്യൂസിയം പോലീസ് സ്റ്റേഷനിൽ അയക്കേണ്ടവർക്കായി പുതിയ ഇമെയിൽ അഡ്രസ്- shomsmtvm.pol@kerala.gov.in. ദയവായി grimsonz എന്ന വെബ്സൈറ്റിൽ പാതി വിലക്ക് ഇലക്ട്രോണിക് സാധനങ്ങൾ ലഭിക്കുന്നു എന്ന പരസ്യം കണ്ടാൽ വിശ്വസിക്കരുത്. ചതിയാണ്. EKART എന്ന ഡെലിവറി സ്ഥാപനത്തെ വിശ്വസിക്കരുത്. അവർ ചതിക്കും. ഓൺലൈൻ purchase ചെയ്യുമ്പോൾ ദയവായി COD option ഉപയോഗിച്ച്, പാർസൽ തുറന്നു നോക്കിയ ശേഷം മാത്രം കാശ് കൊടുക്കുക. കഴിയുന്നതും card ഉപയോഗിച്ച് മുൻകൂറായി പണം നല്കാതിരിക്കൂ.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.