വടശേരിക്കര (പത്തനംതിട്ട): വർഗീയത പ്രചരിപ്പിക്കാനുള്ള സംഘടിതവും ആസൂത്രിതവുമായ നീക്കങ്ങളെ പ്രതിരോധിക്കാൻ കരുത്തുള്ള ആയുധമാണ് ശ്രീനാരായണ ദർശനങ്ങളെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. 23ാമത് മാടമൺ ശ്രീനാരായണ കൺെവൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
നിലനിന്നിരുന്ന വിഭാഗീയ ചിന്തകളെ അരുവിപ്പുറം പ്രതിഷ്ഠയിലൂടെ വിപ്ലവകരമായി തകർക്കുകയായിരുന്നു ശ്രീനാരായണഗുരു. നമുക്കു ജാതിയില്ല എന്ന വിളംബരത്തിലൂടെ, ഗുരുവിനെ പ്രത്യേക ജാതിയിൽ ഉൾപ്പെടുത്താനുള്ള എക്കാലെത്തയും നീക്കത്തെ തകർത്ത് താൻ വിശ്വമാനവനാണെന്ന് പ്രഖ്യാപിച്ച് യഥാർഥ മതനിരപേക്ഷതയാണ് ഗുരു അവതരിപ്പിച്ചത്. അന്ധവിശ്വാസങ്ങളും വെറുപ്പിെൻറ രാഷ്ട്രീയവും പിടിമുറുക്കുന്ന കാലത്ത് ശ്രീനാരായണ ഗുരുദർശനങ്ങളിലൂന്നിയ സാംസ്കാരിക പ്രതിരോധം വികസിപ്പിച്ചെടുക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഗുരുവിനെ ദുർവ്യാഖ്യാനം ചെയ്ത് വർഗീയത പരത്തുന്ന ശക്തികളെ ചെറുക്കുന്നതിനുതകുന്ന ലോകോത്തര മാനവിക ദർശനമാണ് ശ്രീനാരായണ ദർശനം. മാടമൺ പമ്പാ മണപ്പുറത്ത് നടന്ന സമാപന സമ്മേളനത്തിൽ എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ അധ്യക്ഷത വഹിച്ചു. എം.എൽ.എമാരായ രാജു എബ്രഹാം, വീണ ജോർജ്, യോഗം കൺവീനർ കെ. പദ്മകുമാർ, സി.പി.എം ജില്ല സെക്രട്ടറി കെ.പി. ഉദയഭാനു, പിന്നാക്ക വികസന കോർപറേഷൻ മെംബർ എ.പി. ജയൻ, യോഗം കൗൺസിലർ ടി.പി. സുന്ദരേശൻ, പി.എസ്. മോഹനൻ, സൂസൻ അലക്സ്, ചിഞ്ചു അനിൽ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.