സ്പ്രിൻക്ലർ: ശിവശങ്കർ കുറ്റക്കാരനല്ലെന്ന് കണ്ടെത്തിയത് വിചിത്രം -ചെന്നിത്തല

തിരുവനന്തപുരം: സ്പ്രിൻക്ലർ ക്രമക്കേട് സംബന്ധിച്ച രണ്ടാമത്തെ റിപ്പോർട്ട് മാധവൻ നമ്പ്യാർ അധ്യക്ഷനായ ആദ്യ അന്വേഷണ സമിതിയുടെ കണ്ടെത്തലുകളെ അട്ടിമറിക്കാനെന്ന് മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ആദ്യ റിപ്പോർട്ട് അട്ടിമറിക്കാനാണ് മുൻ നിയമ സെക്രട്ടറിയുടെ നേതൃത്വത്തിൽ രണ്ടാമത്തെ സമിതിയെ നിയോഗിച്ചത്. പ്രതിപക്ഷ നേതാവായിരുന്ന താൻ ഉന്നയിച്ച വസ്തുതകൾ ശരിയാണെന്ന് തെളിഞ്ഞു. സർക്കാറിനെ വെള്ളപൂശാനാണ് ഇപ്പോൾ ശ്രമിക്കുന്നതെന്നും ചെന്നിത്തല ആരോപിച്ചു.

കരാറിൽ ഏർപ്പെട്ട മുൻ ഐ.ടി. പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കർ കുറ്റക്കാരനല്ലെന്ന് കണ്ടെത്തിയത് വിചിത്രമാണ്. ശശിധരൻ നായർ സമിതിയുടെ റിപ്പോർട്ട് ആസൂത്രിതമാണെന്നും വസ്തുതകൾ അട്ടിമറിക്കുകയാണെന്നും ചെന്നിത്തല ആരോപിച്ചു.

ഐ.ടി. മേഖലയുമായി ബന്ധപ്പെട്ട യാതൊരു അറിവുമില്ലാത്ത ശശിധരൻ നായർ സമിതിയുടെ റിപ്പോർട്ട് ജനങ്ങളും സർക്കാറും തള്ളികളയണം. സ്പ്രിൻക്ലർ കരാറിൽ ജുഡീഷ്യൽ അന്വേഷണം നടത്തണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.

സ്പ്രിൻക്ലർ സംബന്ധിച്ച തന്‍റെ കേസ് ഹൈകോടതിയിൽ നിലനിൽക്കുകയാണ്. രണ്ടാം റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിൽ നിയമനടപടി സംബന്ധിച്ച് അഭിഭാഷകരമായി ആലോചിക്കുമെന്നും ചെന്നിത്തല അറിയിച്ചു.

കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ആദ്യഘട്ടത്തിൽ ആയിരക്കണക്കിന് ആളുകളുടെ ആരോഗ്യ വിവരങ്ങൾ കൈമാറാനായി സ്പ്രിൻക്ലർ കമ്പനിയുമായി കരാറിൽ ഏർപ്പെട്ടത് മുഖ്യമന്ത്രി അറിയാതെ ആണെന്നാണ് ശശിധരൻ നായർ സമിതിയുടെ അന്വേഷണ റിപ്പോർട്ടിൽ പറയുന്നത്. സ്പ്രിൻക്ലർ കരാർ സംസ്ഥാന താൽപര്യത്തിന് വിരുദ്ധമെന്ന ആദ്യ അന്വേഷണ സമിതിയുടെ കണ്ടെത്തലാണ് രണ്ടാമത്തെ അന്വേഷണ സമിതി തള്ളിയത്.

ഐ.ടി പ്രിൻസിപ്പൽ സെക്രട്ടറിയായിരുന്ന എം. ശിവശങ്കർ ഏകപക്ഷീയമായി കരാർ നടപ്പാക്കിയത് ജനങ്ങളുടെ വിവരങ്ങൾക്ക് മേൽ കമ്പനിയുടെ സമ്പൂർണ അവകാശം നൽകുന്ന സ്ഥിതി ഉണ്ടാക്കിയെന്ന് ആദ്യ അന്വേഷണ സമിതി കുറ്റപ്പെടുത്തിയിരുന്നു. എന്നാൽ, രണ്ടാമത്തെ സമിതിയുടെ റിപ്പോർട്ടിൽ എം. ശിവശങ്കർ കരാർ ഒപ്പിട്ടതിൽ യാതൊരു തരത്തിലുമുള്ള ദുരുദ്ദേശവുമില്ലെന്നാണ് പറയുന്നത്.

Tags:    
News Summary - Sprinkler: It is strange that Sivasankar was found not guilty - Chennithala

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.