പോത്തുവെട്ടിപ്പാറ രക്തസാക്ഷികളുടെ ഖബറിനരികിൽ നേർച്ചയുടെ ദ്രവിച്ച കൊടിമരവുമായി മൊയ്തീൻകുട്ടി
മലപ്പുറം: സ്വാതന്ത്ര്യസമരപോരാട്ടത്തിലെ ജ്വലിക്കുന്ന ഒരു അധ്യായത്തിന്റെ കഥ പറയുന്നുണ്ട് കാടുപടർന്ന് അനാഥമായിക്കിടക്കുന്ന ഈ കല്ലുവെട്ടുകുഴി. 1921ലെ മലബാർ വിപ്ലവത്തിന്റെ ഭാഗമായി ബ്രിട്ടീഷ് സൈന്യത്തിനെതിരെ പോത്തുവെട്ടിപ്പാറയിൽ നടന്ന യുദ്ധത്തിൽ വീരമൃത്യു വരിച്ച ഒരുകൂട്ടം പോരാളികളുടെ ഖബറുകളാണ് പടുമരങ്ങളും വള്ളിപ്പടർപ്പുകളും നിറഞ്ഞ കല്ലുവെട്ടുകുഴിയിൽ ഉപേക്ഷിക്കപ്പെട്ടുകിടക്കുന്നത്. ദേശീയപാതയിൽ മൊറയൂർ ഹയർസെക്കൻഡറി സ്കൂളിന് പിറകുവശത്ത് മഞ്ചേരിപ്പറമ്പിലാണ് ഈ ഖബറുകൾ.
1921 ഒക്ടോബർ 20ന് ഈ പ്രദേശത്തിന് ഏതാണ്ട് അരക്കിലോമീറ്റർ അകലെ പോത്തുവെട്ടിപ്പാറ ചെമ്പാലക്കുന്നിൽ ബ്രിട്ടീഷ് സൈന്യവുമായുള്ള ഏറ്റുമുട്ടലിൽ രക്തസാക്ഷികളായവരുടെ ഖബറുകളാണ് ഇവിടെയുള്ളത്. കോഴിക്കോടുനിന്ന് മലപ്പുറത്തേക്കുള്ള അധിനിവേശ സൈന്യത്തിന്റെ മാർച്ച് മുൻകൂട്ടിയറിഞ്ഞ വാരിയൻകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ ഗറില്ല സൈന്യാംഗങ്ങളായിരുന്ന പോരാളികൾ ചെമ്പാലക്കുന്നിൽ തക്കം പാർത്തിരുന്നു.
റോഡിലൂടെ വരുന്ന സൈന്യത്തിന് നേരെ ഒളിയാക്രമണമായിരുന്നു പദ്ധതി. എന്നാൽ, വിവരം അധിനിവേശകർക്ക് തലേദിവസം ചോർന്നുകിട്ടുകയും അവർ മലയുടെ പിന്നിലൂടെ വന്ന് പോരാളികളെ ആക്രമിക്കുകയും ചെയ്തു. ഗൂർഖ പട്ടാളത്തിന് പുറമെ മഞ്ചേരിയിൽനിന്ന് വന്ന ഡോർസെറ്റ് റെജിമന്റും ബ്രിട്ടീഷ് പക്ഷത്തുണ്ടായിരുന്നു.
50 പേർ രക്തസാക്ഷികളായെന്നാണ് അക്കാലത്ത് മലബാർ പൊലീസ് സൂപ്രണ്ടായിരുന്ന ആർ.എച്ച്. ഹിച്ച്കോക്കിന്റെയും മദ്രാസ് ഗവ. അണ്ടർസെക്രട്ടറിയായിരുന്ന ജി.ആർ.എഫ് ടോട്ടൻഹാമിന്റെയും വിവരണങ്ങളിലുള്ളത്. അധിനിവേശപക്ഷത്തുനിന്ന് മൂന്നുപേർക്കാണ് പരിക്കേറ്റത്. ഉഗ്രയുദ്ധത്തിൽ അവരുടെ അത്യന്താധുനിക കവചിത വാഹനവും മറ്റു പടക്കോപ്പുകളും പോരാളികൾ തകർത്തു. യുദ്ധം ബ്രിട്ടീഷ് പക്ഷത്തിന് വിജയമായിരുന്നില്ലെന്ന് ഹിച്ച്കോക്ക് തന്നെ രേഖപ്പെടുത്തുന്നുണ്ട്.
‘‘ഇവിടെ 33 പേരുടെ ഖബറാണുള്ളതെന്നും 16 പേരുടെതാണെന്നുമെല്ലാം കേട്ടിട്ടുണ്ട്. എന്റെ കുട്ടിക്കാലം മുതൽ റബീഉൽ അവ്വൽ മാസത്തിൽ രക്തസാക്ഷികളുടെ പേരിൽ ഇവിടെ നേർച്ച നടക്കാറുണ്ട്. എന്റെ പിതാവ് പള്ളിപ്പറമ്പൻ മമ്മദ് ഉണ്ടായിരുന്ന കാലത്ത് അദ്ദേഹവും ശേഷം ഞാനുമാണ് നേർച്ച നടത്തിയിരുന്നത്.
ആദ്യകാലത്ത് വിപുലമായ നേർച്ചയായിരുന്നു. കോവിഡ് കാലത്തിന് ശേഷം എനിക്ക് സ്വന്തം നിലക്ക് നേർച്ച നടത്താനുള്ള സാമ്പത്തിക ശേഷി ഇല്ലാതായി. ഏതാനും വർഷങ്ങളായി നേർച്ച നടക്കുന്നില്ല.’’ -സമീപത്ത് താമസിക്കുന്ന പള്ളിപ്പറമ്പൻ മൊയ്തീൻകുട്ടി പറഞ്ഞു.
പഴയകാലത്തെ നേർച്ചയുടെ കൊടിമരത്തിന്റെ ദ്രവിച്ച ഭാഗം ഇപ്പോഴും ഖബറുള്ള ഭാഗത്തുണ്ട്. രക്തസാക്ഷികളെ കുറിച്ച മാലപ്പാട്ടുകൾ ഉണ്ടായിരുന്നുവെന്നും പഴയ വീട്ടിലെ തീപിടിത്തത്തിൽ അത് നഷ്ടപ്പെട്ടുവെന്നും മൊയ്തീൻകുട്ടിയുടെ ഭാര്യ സുഹ്റാബി ഓർത്തെടുത്തു.
മലബാർ വിപ്ലവത്തിന്റെ നൂറാം വാർഷിക വേളയിൽ ഈ ഖബറുകൾ സംരക്ഷിക്കാനും സ്മാരകം നിർമിക്കാനും നടപടി സ്വീകരിക്കുമെന്ന് മൊറയൂർ പഞ്ചായത്ത് പ്രഖ്യാപിക്കുകയും 2021 ലെ വാർഷിക ബജറ്റിൽ മൂന്ന് ലക്ഷം രൂപ വകയിരുത്തുകയും ചെയ്തിരുന്നു. എന്നാൽ, തുടർന്നുള്ള ബജറ്റ് പുസ്തകങ്ങളിലും ഇടംപിടിച്ചതൊഴിച്ചാൽ ഒന്നും നടന്നില്ല.
സ്ഥലം വിട്ടുകിട്ടാത്തതാണ് പദ്ധതി വൈകാൻ തടസ്സമെന്നാണ് പഞ്ചായത്ത് പ്രസിഡന്റ് പി. സുനീറയുടെ വിശദീകരണം. എന്നാൽ, ഖബറുകൾ മതിൽ കെട്ടി സംരക്ഷിക്കാൻ സ്ഥലം ഏറ്റെടുക്കേണ്ട ആവശ്യമില്ലെന്ന് പരിസരവാസികൾ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.