തിരുവനന്തപുരം: വടകര ലോക്സഭ തെരഞ്ഞെടുപ്പ് പ്രചാരണ വേളയിൽ രാഷ്ട്രീയ കോളിളക്കം സൃഷ്ടിച്ച ‘കാഫിർ സ്ക്രീൻ ഷോട്ട്’ വിവാദവുമായി ബന്ധപ്പെട്ട കേസുകൾ അന്വേഷിക്കാൻ പ്രത്യേക അന്വേഷണ സംഘത്തെ (എസ്.ഐ.ടി) നിയോഗിച്ചു. കോഴിക്കോട് റൂറൽ ക്രൈം ബ്രാഞ്ച് ഡി.വൈ.എസ്.പി ടി. മനോഹരനാണ് മുഖ്യ അന്വേഷണ ഉദ്യോഗസ്ഥൻ.
ഇടതു സർക്കാറിന്റെ കാലത്ത് പ്രതികളെ കണ്ടെത്താൻ കഴിഞ്ഞില്ലെന്ന് പറഞ്ഞ് അന്വേഷണം അവസാനിപ്പിച്ച കേസാണ് സംസ്ഥാനത്ത് ഭരണമാറ്റത്തിന് പിന്നാലെ പുനരന്വേഷിക്കുന്നത്. എസ്.ഐ.ടി രൂപവത്കരിച്ച് കേസ് വീണ്ടും അന്വേഷിക്കണമെന്നാവശ്യപ്പെട്ട് പാറക്കൽ അബ്ദുല്ല എം.എൽ.എ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലക്ക് കത്ത് നൽകിയിരുന്നു.
കണ്ണൂർ റേഞ്ച് ഡി.ഐ.ജിക്കാണ് അന്വേഷണത്തിന്റെ മേൽനോട്ട ചുമതല. കോഴിക്കോട് റൂറൽ ജില്ലാ പൊലീസ് മേധാവിയുടെ നേരിട്ടുള്ള നിയന്ത്രണത്തിലായിരിക്കും സംഘത്തിന്റെ പ്രവർത്തനം. വടകര ഇൻസ്പെക്ടർ എ.വി. ദിനേശ്, എസ്.ഐ കെ.രഞ്ജിത്ത്, ക്രൈബ്രാഞ്ച് എസ്.സി.പി.ഒമാരായ കെ.ബി വിജേഷ്, കെ.സുധീഷ്, വടകര സ്റ്റേഷനിലെ ശ്രീജ, സൈബർ സെല്ലിലെ റിജേഷ്, സരേഷ് എന്നിവരാണ് അന്വേഷണ സംഘത്തിലുള്ളത്.
വടകര പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത 410/2024, 411/2024 എന്നീ രണ്ട് കേസുകളാണ് പ്രത്യേക സംഘം അന്വേഷിക്കുക. വർഗീയ ധ്രുവീകരണം ലക്ഷ്യമിട്ട് സോഷ്യൽ മീഡിയയിലൂടെ സന്ദേശങ്ങൾ പ്രചരിപ്പിച്ചതിനാണ് ഐ.പി.സി 153 എ വകുപ്പ് പ്രകാരമുള്ള ഒരു കേസ്. വ്യാജ സന്ദേശങ്ങൾ നിർമ്മിച്ച് പ്രചരിപ്പിക്കുകയും സമൂഹത്തിൽ ലഹളയും സമാധാന ലംഘനവും ഉണ്ടാക്കാൻ ശ്രമിക്കുകയും ചെയ്തതിനാണ് ഐ.പി.സി 153, കേരള പോലീസ് ആക്ട് 120(ഒ) എന്നീ വകുപ്പുകൾ പ്രകാരമുള്ള രണ്ടാമത്തെ കേസ്.
അന്വേഷണ പുരോഗതി വിലയിരുത്തി ഓരോ രണ്ടാഴ്ച കൂടുമ്പോഴും പൊലീസ് ആസ്ഥാനത്ത് റിപ്പോർട്ട് സമർപ്പിക്കാൻ സംസ്ഥാന പൊലീസ് മേധാവി റവഡ ചന്ദ്രശേഖർ അന്വേഷണ സംഘത്തിന് നിർദ്ദേശം നൽകി.
2024 ലോക്സഭ തെരഞ്ഞെടുപ്പിന്റെ തലേദിവസമായിരുന്നു വിവാദ സ്ക്രീൻഷോട്ട് സമൂഹമാധ്യമങ്ങളിൽ പ്രത്യക്ഷപ്പെട്ടത്. വടകര എൽ.ഡി.എഫ് സ്ഥാനാർഥിയായിരുന്ന കെ.കെ. ശൈലജക്കെതിരെ മത്സരിച്ച യു.ഡി.എഫ് സ്ഥാനാർഥി ഷാഫി പറമ്പിലിനെതിരെ ഇടതുപക്ഷ സൈബർ ഗ്രൂപ്പുകളിലാണ് ‘കാഫിർ സ്ക്രീൻഷോട്ട്’ എന്ന പേരിൽ സന്ദേശം പ്രചരിപ്പിച്ചത്. ‘മറ്റേതോ കാഫിറായ സ്ത്രീ സ്ഥാനാർഥി... ആർക്കാണ് നമ്മൾ വോട്ട് ചെയ്യേണ്ടത്... നമ്മളിൽ പെട്ടവനല്ലേ... ചിന്തിച്ചു വോട്ട് ചെയ്യുക...’ എന്ന രീതിയിലായിരുന്നു സ്ക്രീൻഷോർട്ട് പ്രചരിച്ചത്. പി.കെ. മുഹമ്മദ് കാസിം എന്നയാൾ വാട്സ്ആപ്പിൽ അയച്ചെന്ന് വരുത്തിതീർത്താണ് വ്യാജ സ്ക്രീൻഷോട്ട് പ്രചരിപ്പിച്ചത്.
എൽ.ഡി.എഫ് തെരഞ്ഞെടുപ്പ് കമ്മിറ്റി ഇതു സംബന്ധിച്ച് പൊലീസിന് നൽകിയ പരാതിയിൽ എം.എസ്.എഫ് നേതാവ് മുഹമ്മദ് കാസിമിന്റെ പേരിൽ കേസെടുത്തിരുന്നു. എന്നാൽ, അന്വേഷണം ചെന്നെത്തിയത് ഡി.വൈ.എഫ്.ഐ നേതാവിലേക്കായിരുന്നു. ഇടത് സൈബർ ഗ്രൂപ്പുകളായ ‘പോരാളി ഷാജി’യുടെ അഡ്മിൻ, ‘അമ്പാടിമുക്ക് സാഖാക്കൾ’ പേജിന്റെ അഡ്മിൻ എന്നിവരും സന്ദേശം പ്രചരിപ്പിച്ചെന്ന് കണ്ടെത്തി. ഇവരുടെ ഫോണുകൾ ഫോറൻസിക് പരിശോധന നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ ഹൈകോടതി ഉത്തരവിട്ടെങ്കിലും പൊലീസ് അന്വേഷണം അവസാനിപ്പിക്കുന്നതായി വടകര ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ അന്വേഷണസംഘം റിപ്പോർട്ട് നൽകുകയായിരുന്നു.
ലോക്സഭ തെരഞ്ഞെടുപ്പിൽ വലിയ വിവാദം സൃഷ്ടിച്ച സംഭവത്തിൽ സ്ക്രീൻഷോട്ട് ആര് സൃഷ്ടിച്ചുവെന്നത് കണ്ടെത്താൻ പൊലീസിനായില്ല. ഇതിന് പിന്നിലുള്ള ഗൂഢാലോചന സംബന്ധിച്ചും അന്വേഷണ സംഘത്തിന് കണ്ടെത്താൻ സാധിച്ചില്ല. പുതിയ സാഹചര്യത്തിൽ ഫോണുകളുടെ ഫോറൻസിക് റിപ്പോർട്ട് ലഭിക്കാൻ വീണ്ടും അപേക്ഷ നൽകി കേസിൽ തുടർനടപടികൾ സ്വീകരിക്കാനാണ് പൊലീസ് നീക്കം. സമാനമായ രീതിയിൽ, നിയമസഭ തെരഞ്ഞെടുപ്പിൽ പേരാമ്പ്ര നിയോജക മണ്ഡലത്തിൽ ‘ഖൗമിന്റെ കുട്ടി’ വിവാദവും ഉയർന്നിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.