കലാപമുണ്ടാക്കാൻ ശ്രമമെന്ന് വ്യാജ വാർത്ത; ജനം ടിവിക്കും കർമ ന്യൂസിനുമെതിരെ നിയമ നടപടിയുമായി സോളിഡാരിറ്റി

കോഴിക്കോട്: അസം ബുൾഡോസർ രാജ് ഇരകളെ സന്ദർശിച്ച നേതാക്കൾക്കെതിരെ വ്യാജ വാർത്ത നൽകിയ ജനം ടിവിക്കും കർമ ന്യൂസിനുമെതിരെ നിയമനടപടി സ്വീകരിച്ച് സോളിഡാരിറ്റി യൂത്ത് മൂവ്മെന്റ്. വ്യാജ വാർത്ത പിൻവലിച്ച് മാപ്പുപറയണമെന്നും 50 ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്നുമാവശ്യപ്പെട്ട് വക്കീൽ നോട്ടീസ് അയച്ചു.

ബുൾഡോസർ രാജിന്‍റെ ഇരകളെ സന്ദർശിക്കുന്നതിനും വീടുകൾ നഷ്ടപ്പെട്ടവർക്ക് ഐക്യദാർഢ്യം പ്രകടിപ്പിക്കുന്നതിനുമായി അസം സന്ദർശിച്ച സോളിഡാരിറ്റി സംസ്ഥാന പ്രസിഡന്‍റ് തൗഫീഖ് മമ്പാട്, സെക്രട്ടറിമാരായ ഷബീർ കൊടുവള്ളി, സജീദ് പി.എം എന്നിവർ ഹാഥറസ് മോഡൽ കലാപം സൃഷ്ടിക്കാൻ ശ്രമിച്ചുവെന്നാണ് ജനം ടിവിയും കർമ ന്യൂസും വാർത്ത നൽകിയത്. ആയിരക്കണക്കിന് വീടുകൾ അസമിലെ ഹിന്ദുത്വ സർക്കാർ ബുൾഡോസർ ഉപയോഗിച്ച് തകർത്തിരുന്നു. വിദേശികളെന്ന് മുദ്രകുത്തിയും വനഭൂമിയും പൊതുഭൂമിയും കൈയേറിയെന്നും ആരോപിച്ചാണ് മുന്നറിയിപ്പില്ലാതെ വീടുകൾ തകർത്തത്. ഇരകൾക്ക് നഷ്ടപരിഹാരം നൽകാനോ പുനരധിവസിപ്പിക്കാനോ തയാറാവാത്ത സംഘ്പരിവാർ ഭരണകൂടം മുസ്‌ലിം വംശഹത്യക്ക് കളമൊരുക്കുകയാണെന്ന് അസം പൊലീസിന്‍റെ തടങ്കലിൽനിന്ന് തിരിച്ചെത്തിയ നേതാക്കൾ പറഞ്ഞിരുന്നു.

വ്യാപക വീട് തകർക്കൽ നടന്ന ദുബ്രിയിൽ സന്ദർശിക്കാനെത്തിയപ്പോഴായിരുന്നു നേതാക്കളെ കസ്റ്റഡിയിലെടുത്തത്. ഒരു ദിവസത്തെ തടങ്കലിന് ശേഷം ബംഗാൾ അതിർത്തിയിലേക്ക് നാടുകടത്തുകയായിരുന്നു. ഈ സംഭവത്തെയാണ് ഹാഥറസ് മോഡൽ കലാപ ശ്രമം എന്ന് വാർത്ത നൽകിയത്.

Tags:    
News Summary - Solidarity takes legal action against Janam TV and Karma News for fake news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.