ശോഭ അന്നമ്മ ഈപ്പൻ ഹൈകോടതി അഡീഷനൽ ജഡ്ജി

കൊച്ചി: ഹൈകോടതിയിൽ പുതിയ അഡീഷനൽ ജഡ്ജിയായി ഹൈകോടതി അഭിഭാഷകയായ ശോഭ അന്നമ്മ ഈപ്പനെ രാഷ്ട്രപതി നിയമിച്ച് ഉത്തരവായി. ഇതോടെ ഹൈകോടതിയിലെ വനിത ജഡ്ജിമാരുടെ എണ്ണം ഏഴായി. ഹൈകോടതിയുടെ ചരിത്രത്തിൽ ആദ്യമായാണ് ഇത്രയും വനിത ജഡ്ജിമാരുണ്ടാകുന്നത്.

ഹൈകോടതി ബാറിൽനിന്ന് ജഡ്ജിയായി ഉയർത്തപ്പെടുന്ന നാലാമത്തെ വനിതയാണ് ശോഭ അന്നമ്മ ഈപ്പൻ. ശോഭയുടെ പേര് കഴിഞ്ഞ ഒക്ടോബറിലാണ് സുപ്രീംകോടതി കൊളീജിയം ശിപാർശ ചെയ്തത്. റാന്നി, പള്ളുരുത്തി മണ്ഡലങ്ങളെ പ്രതിനിധാനം ചെയ്ത മുൻ എം.എൽ.എ അന്തരിച്ച തോപ്പുംപടി ഇടത്തിൽ ഈപ്പൻ വർഗീസിന്റെയും അന്നമ്മയുടെയും മകളാണ്. 1991ൽ എറണാകുളം ലോ കോളജിൽനിന്ന് നിയമബിരുദം നേടിയ ശേഷം കൊച്ചി ബാറിൽ അഡ്വ. എ.ബി. പ്രഭുവിന്റെ കീഴിലാണ് പ്രാക്ടീസ് ആരംഭിച്ചത്. 1997 മുതൽ 2002 വരെ എറണാകുളം ഉപഭോക്തൃ തർക്ക പരിഹാര ഫോറം അംഗമായിരുന്നു.

2002ൽ അഡ്വ. ചന്ദ്രമോഹൻദാസിന്റെ കീഴിൽ ഹൈകോടതിയിൽ പ്രാക്ടീസ് ആരംഭിച്ചു. ഒരുവർഷത്തിന് ശേഷം സ്വതന്ത്രമായി പ്രാക്ടീസ് തുടങ്ങി. നികുതി, ബാങ്കിങ് നിയമങ്ങളിൽ പ്രാഗല്ഭ്യം തെളിയിച്ചു. ഉമ്മൻ ചാണ്ടി സർക്കാറിന്റെ കാലത്ത് സീനിയർ ഗവ. പ്ലീഡർ ആയിരുന്നു. ലിസ് വുഡ് പ്രോഡക്ട്സ് ഉടമ ഫോർട്ടുകൊച്ചി പയ്യമ്പള്ളി പി.ടി. വർഗീസാണ് ഭർത്താവ്. മക്കൾ: ഷാരൺ ലിസ് വർഗീസ്, തോമസ് വർഗീസ് (ബിസിനസ്). മരുമകൻ: ആരോമൽ സാജു കുന്നത്ത്.

Tags:    
News Summary - Sobha Annamma Eepan High Court Additional Judge

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.