വെള്ളാപ്പള്ളിക്കെതിരായ മൈക്രോഫിനാൻസ് തട്ടിപ്പ് കേസ്: വിജിലൻസ് എസ്.പി ഇന്ന് ഹൈക്കോടതിയിൽ ഹാജരാകും

കൊച്ചി: എസ്.എൻ.ഡി.പി. യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനടക്കം പ്രതിയായ മൈക്രോഫിനാൻസ് തട്ടിപ്പ് കേസിന്റെ അന്വേഷണ പുരോഗതി അറിയിക്കാൻ വിജിലൻസ് എസ്.പി ഇന്ന് ഹൈക്കോടതിയിൽ നേരിട്ട് ഹാജരാകും. 17 കേസുകളിൽ കുറ്റപത്രം തയ്യാറായിട്ടുണ്ടെന്നും സമാന സ്വഭാവമുള്ള കേസുകൾ ഏകീകരിച്ച് കുറ്റപത്രം സമർപ്പിക്കാനാണ് ശ്രമിക്കുന്നതെന്നും വിജിലൻസ് നേരത്തെ കോടതിയെ അറിയിച്ചിരുന്നു. എന്നാൽ കേസ് അന്വേഷണത്തിലെ കാലതാമസത്തിലും വിചാരണ നടപടികൾ വൈകുന്നതിലുമുള്ള കടുത്ത അതൃപ്തിയാണ് ഹൈക്കോടതി പ്രകടിപ്പിച്ചത്.

ഇതുവരെ സമർപ്പിച്ച റിപ്പോർട്ടുകൾ അപൂർണമാണെന്നും കുറ്റപത്രം നൽകാൻ വൈകുന്നുവെന്നും ചൂണ്ടിക്കാണിച്ചാണ് എസ്.പി. ശശിധരനോട് നേരിട്ട് ഹാജരാകാൻ കോടതി ഉത്തരവിട്ടിരുന്നത്. 2016-ലാണ് മൈക്രോഫിനാൻസ് തട്ടിപ്പുമായി ബന്ധപ്പെട്ട് വിജിലൻസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചത്. വെള്ളാപ്പള്ളി നടേശൻ, യോഗം പ്രസിഡന്റ് എം.എൻ. സോമൻ തുടങ്ങിയ പ്രതികൾ അന്വേഷണത്തിൽ നിന്ന് ഒഴിവാകാൻ ശ്രമിച്ചെങ്കിലും, പ്രതികൾ വിചാരണ നേരിടണമെന്ന് ഹൈക്കോടതി ഉത്തരവിടുകയായിരുന്നു. കേസ് അനന്തമായി നീട്ടിക്കൊണ്ടുപോകാൻ അനുവദിക്കില്ലെന്നും പ്രത്യേക സംഘത്തെ രൂപീകരിച്ച് അന്വേഷണ റിപ്പോർട്ട് സമർപ്പിക്കണമെന്നും 2024-ൽ കോടതി കർശന നിർദ്ദേശം നൽകിയിരുന്നു. തുടർന്ന് എസ്.പി. ശശിധരന്റെ നേതൃത്വത്തിലുള്ള പുതിയ അന്വേഷണ സംഘം ചുമതലയേൽക്കുകയും രണ്ട് കേസുകളിൽ കുറ്റപത്രം സമർപ്പിക്കുകയും ചെയ്തിരുന്നു.




Tags:    
News Summary - SNDP Microfinance Scam: Vigilance SP to Appear Kerala High Court

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.