ലാവലിന്‍: അന്തിമവാദത്തിന്  തയാറെന്ന് സി.ബി.ഐ  ഹൈകോടതിയില്‍

കൊച്ചി: ലാവലിന്‍ കേസിലെ റിവിഷന്‍ ഹരജിയില്‍ അന്തിമവാദത്തിന് തയാറെന്ന് സി.ബി.ഐ ഹൈകോടതിയില്‍. സി.ബി.ഐക്കുവേണ്ടി അഡീ. സോളിസിറ്റര്‍ ജനറല്‍ നടരാജനാണ് ഇക്കാര്യം കോടതിയെ അറിയിച്ചത്. കേസ് കേള്‍ക്കുന്ന റഗുലര്‍ ബെഞ്ചിലെ ജഡ്ജി അവധിയിലായിരുന്നതിനാല്‍ മറ്റൊരു ബെഞ്ച് മുമ്പാകെയാണ് ഹരജി പരിഗണനക്കത്തെിയത്. റഗുലര്‍ ബെഞ്ചുതന്നെ വാദം കേള്‍ക്കുന്നതാണ് നല്ലതെന്ന് കോടതി വാക്കാല്‍ നിരീക്ഷിച്ചു. തുടര്‍ന്ന് കേസ് നവംബര്‍ 29ലേക്ക് മാറ്റി. 
നേരത്തേ പലതവണ ഹരജി പരിഗണനക്ക് വന്നപ്പോഴും സി.ബി.ഐക്കുവേണ്ടി അഡീ. സോളിസിറ്റര്‍ ജനറലാണ് ഹാജരാകുന്നതെന്നും നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാനും കേസ് പഠിക്കാനും സമയം അനുവദിക്കണമെന്നുമാവശ്യപ്പെട്ട് മാറ്റിവെപ്പിക്കുകയായിരുന്നു. തുടര്‍ന്നാണ് അന്തിമ വാദത്തിന് അഡീ. സോളിസിറ്റര്‍ നേരിട്ട് ഹാജരായത്. കേസില്‍ കക്ഷിചേരാന്‍ നല്‍കിയ ഹരജികളെല്ലാം തള്ളിയ കോടതി സി.ബി.ഐ നല്‍കിയ റിവിഷന്‍ ഹരജി മാത്രമേ പരിഗണിക്കൂവെന്ന് നേരത്തേ വ്യക്തമാക്കിയിരുന്നു. 

ലാവലിന്‍ ഇടപാടുമായി ബന്ധപ്പെട്ട അഴിമതിക്കേസില്‍ മുഖ്യമന്ത്രി പിണറായി വിജയനുള്‍പ്പെടെയുള്ളവരെ കുറ്റവിമുക്തരാക്കിയ സി.ബി.ഐ പ്രത്യേക കോടതി വിധിക്കെതിരെയാണ് സി.ബി.ഐ റിവിഷന്‍ ഹരജി നല്‍കിയിട്ടുള്ളത്. പിണറായി വിജയന്‍ വൈദ്യുതി മന്ത്രിയായിരിക്കെ പന്നിയാര്‍, ചെങ്കുളം, പള്ളിവാസല്‍ ജലവൈദ്യുത പദ്ധതികളുടെ നവീകരണത്തിന് ലാവലിന്‍ കമ്പനിയുമായി ഉണ്ടാക്കിയ കരാര്‍ വഴി ഖജനാവിന് 374 കോടി രൂപയുടെ നഷ്ടം ഉണ്ടായെന്നാണ് സി.ബി.ഐ കേസ്. 2013 നവംബറിലാണ് പിണറായി അടക്കമുള്ള പ്രതികളെ കുറ്റവിമുക്തരാക്കി തിരുവനന്തപുരം സി.ബി.ഐ കോടതി ഉത്തരവിട്ടത്.
 
 

Tags:    
News Summary - snc lavalin

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.