'നല്ലൊരു മനുഷ്യനായി മാറും'; പുകവലിയും മദ്യപാനവും മോശം ശീലം, തിരുത്തുമെന്ന് വേടൻ

കൊച്ചി: മോശം ശീലങ്ങൾ തിരുത്തുമെന്നും നല്ലൊരു മനുഷ്യനായി മാറുമെന്നും റാപ്പർ വേടൻ. പുലിപ്പല്ല് കേസിൽ ജാമ്യം ലഭിച്ച് പുറത്തിറങ്ങിയതിന് പിന്നാലെയായിരുന്നു വേടന്‍റെ പ്രതികരണം. പുലിപ്പല്ല് കേസ് കോടതിയുടെ പരിഗണനയിലായതിനാൽ അക്കാര്യത്തിൽ അഭിപ്രായം പറയുന്നില്ല. പുകവലിയും മദ്യപാനവും മോശം ശീലമാണെന്ന് അറിയാം. തന്നോട് ക്ഷമിക്കണമെന്നും വേടൻ പറഞ്ഞു.

'കോടതിയുടെ പരിഗണയിലായതിനാൽ കേസിനെ കുറിച്ച് ഒന്നും പറയുന്നില്ല. ഒരുപാട് ആൾക്കാരോട് നന്ദിയുണ്ട്. എനിക്ക് വേണ്ടി പ്രാർഥിച്ചവരോട് നന്ദിയുണ്ട്. എന്നെ കേൾക്കുകയും കാണുക‍യും ചെയ്യുന്ന സഹാദരന്മാരോട് ഒരു കാര്യം പറയാനുണ്ട്. പുകവലിയും മദ്യപാനവുമെല്ലാം മോശം ശീലമാണെന്ന് എനിക്കറിയാം. ചേട്ടനോട് നിങ്ങൾ ക്ഷമിക്കണം. നല്ലൊരു മനുഷ്യനായി മാറാൻ പറ്റുമോയെന്ന് ഞാനൊന്ന് നോക്കട്ടെ' -വേടൻ പറഞ്ഞു.

മാലയിൽ പുലിപ്പല്ല് അണിഞ്ഞതുമായി ബന്ധപ്പെട്ട് വനംവകുപ്പ് രജിസ്റ്റർ ചെയ്ത കേസിൽ പെരുമ്പാവൂര്‍ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ്സ് മജിസ്ട്രേറ്റ് കോടതിയാണ് വേടന് ജാമ്യം അനുവദിച്ചത്. കേരളം വിട്ട് പോകരുത്, ഏഴുദിവസത്തിനുള്ളില്‍ പാസ്‌പോര്‍ട്ട് ഹാജരാക്കണം, എല്ലാ വ്യാഴാഴ്ചയും അന്വേഷണ ഉദ്യോഗസ്ഥന് മുന്നില്‍ ഹാജരാകണം തുടങ്ങിയ ഉപാധികളോടെയാണ് ജാമ്യം.

വേടന്റെ ജാമ്യാപേക്ഷയെ വനംവകുപ്പ് എതിര്‍ത്തിരുന്നു. വേടന്‍ രാജ്യം വിട്ട് പോകാന്‍ സാധ്യതയുണ്ടെന്നും തെളിവ് നശിപ്പിക്കാന്‍ സാധ്യതയുണ്ടെന്നുമായിരുന്നു വനംവകുപ്പിന്റെ വാദം. എന്നാൽ, ഈ വാദം കോടതി മുഖവിലക്കെടുത്തില്ല.

മാലയിൽ പുലിപ്പല്ല് അണിഞ്ഞതിന് വേടനെതിരെ ജാമ്യമില്ലാക്കുറ്റം ചുമത്തിയാണ് വനംവകുപ്പ് കേസെടുത്തിരുന്നത്. പുലിപ്പല്ല് കൈവശം വെക്കുന്നത് ഇന്ത്യയിൽ ജാമ്യമില്ലാ കുറ്റമാണ്. വിദേശത്തു നിന്ന് എത്തിക്കുന്നതും കുറ്റകരമാണ്. കുറ്റം തെളിഞ്ഞാൽ മൂന്നു മുതൽ ഏഴു വർഷം വരെ തടവും 10,000 രൂപ പിഴയും ശിക്ഷ ലഭിക്കും.

തിങ്കളാഴ്ച വൈറ്റില കണിയാമ്പുഴക്ക് സമീപത്തെ ഫ്ലാറ്റിൽ നടത്തിയ പരിശോധനയിലാണ് കഞ്ചാവുമായി വേടൻ ഉൾപ്പെടെ ഒമ്പതു പേരെ പൊലീസ് അറസ്റ്റ് ചെയ്തത്. ഇതിന് പിന്നാലെയാണ് പുലിപ്പല്ലുമായി ബന്ധപ്പെട്ട് വനംവകുപ്പ് കേസെടുത്തത്. കഞ്ചാവ് കേസിൽ അന്നുതന്നെ ജാമ്യം ലഭിച്ചിരുന്നു. 

Tags:    
News Summary - Smoking and drinking are bad habits, will correct myself vedan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.