പാലക്കാട്: മേയിൽ തുടങ്ങുമെന്ന് പ്രഖ്യാപിച്ചിരുന്ന സ്മാർട്ട് മീറ്റർ സ്ഥാപിക്കൽ ജോലി നീളുന്നു. സ്മാർട്ട് മീറ്ററുകളുടെ സംഭരണ നടപടികളിലാണ് ടെൻഡർ ഏറ്റെടുത്ത കമ്പനി. അടുത്ത സെപ്റ്റംബറോടെ മാത്രമേ സ്ഥാപിക്കൽ നടപടിയിലേക്ക് കടക്കാനാവൂവെന്നാണ് അറിയുന്നത്.
സ്മാർട്ട് മീറ്ററും ആശയവിനിമയ ശൃംഖലയും അനുബന്ധ സോഫ്റ്റ്വെയറും ഉൾപ്പെടുന്ന ഒന്നാം പാക്കേജ് ഒന്നര വർഷംകൊണ്ട് പൂർത്തിയാക്കണമെന്നാണ് കരാർ. 2026ഓടെ സ്മാർട്ട് മീറ്ററുകൾ സ്ഥാപിക്കുന്ന നടപടി പൂർത്തിയാക്കണമെന്നായിരുന്നു കേന്ദ്രനിർദേശം.
ഒന്നാം പാക്കേജിൽ കുറഞ്ഞ നിരക്കായ 160.9 കോടി രൂപ ക്വാട്ട് ചെയ്ത ഇസ്ക്രാമെക്കോ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ്, രാമലിംഗം കൺസ്ട്രക്ഷൻ കമ്പനി ലിമിറ്റഡ് എന്നിവയുടെ കൺസോർട്യത്തിനാണ് കരാർ ലഭിച്ചത്. എം.ഡി.എം.എസ് സോഫ്റ്റ്വെയർ, ഇന്റഗ്രേഷൻ എന്നിവയുൾപ്പെടുന്ന രണ്ടാം പാക്കേജിൽ കുറഞ്ഞ തുകയായ 4.45 കോടി രൂപ ക്വാട്ട് ചെയ്ത ഈസിയാസോഫ്റ്റ് എന്ന കമ്പനിയുമായാണ് കരാറിലെത്തിയത്.
ആദ്യ പാക്കേജ് ഒന്നര വർഷംകൊണ്ടും രണ്ടാം പാക്കേജ് ഒരു വർഷംകൊണ്ടും പൂർത്തിയാക്കണമെന്നാണ് വ്യവസ്ഥ. ഫീഡർ/ ബോർഡർ, വിതരണ ട്രാൻസ്ഫോമർ എന്നിവക്കും സർക്കാർ ഓഫിസുകൾ, ഹൈടെൻഷൻ (എച്ച്.ടി) ലൈൻ ഉപയോഗിക്കുന്ന വ്യവസായ സ്ഥാപനങ്ങൾ ഉൾപ്പെടെയുള്ള ഉപയോക്താക്കൾക്കുമാണ് ആദ്യ ഘട്ടത്തിൽ മൂന്നു ലക്ഷം സ്മാർട്ട് മീറ്ററുകൾ സ്ഥാപിക്കുന്നത്.
മെല്ലെപ്പോക്കിനെത്തുടർന്ന് ഇവ സംഭരിക്കാനുള്ള നടപടികൾ വൈകുകയായിരുന്നു. മൂന്നു മാസത്തിനകം മാത്രമേ പൂർത്തീകരിക്കാനാകൂവെന്നാണ് ബന്ധപ്പെട്ടവർ നൽകുന്ന സൂചന.
എന്നാൽ, ടെൻഡർ കാലാവധിയിൽ തന്നെ പദ്ധതി പൂർത്തീകരിക്കാനാകുമെന്ന് കെ.എസ്.ഇ.ബി അധികൃതർ വ്യക്തമാക്കി. സ്മാർട്ട് മീറ്ററും ഡേറ്റ ശേഖരണവും വ്യത്യസ്ത പാക്കേജുകളായി തിരിച്ച് ടെൻഡർ ചെയ്ത് കുറഞ്ഞ നിരക്കിൽ കരാർ ഉറപ്പിച്ചെങ്കിലും സ്മാർട്ട് മീറ്റർ സ്ഥാപിക്കുന്ന ജോലി കെ.എസ്.ഇ.ബി തന്നെ ചെയ്യേണ്ടിവരും.
ചെലവ് കുറക്കാൻ ബില്ലിങ് അനുബന്ധ സേവനം രൂപപ്പെടുത്തുക, ആശയവിനിമയത്തിന് കെ-ഫോൺ സംവിധാനം ഉപയോഗിക്കുക, വിവരം സൂക്ഷിക്കാൻ കെ.എസ്.ഇ.ബി ഡേറ്റ സെന്റർ പ്രയോജനപ്പെടുത്തുക, സ്ഥാപിക്കാൻ കെ.എസ്.ഇ.ബി ജീവനക്കാരെ നിയോഗിക്കുക എന്നീ നിബന്ധനകളും ടെൻഡറിലുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.