representational image

എതിർപ്പിനിടെ സ്മാർട്ട് മീറ്റർ നടപടികൾക്ക് തുടക്കം

തൃശൂർ: ഭരണാനുകൂല സംഘടനയുടെ എതിർപ്പിനിടെ ആദ്യഘട്ട സ്മാർട്ട് മീറ്ററുകൾ സ്ഥാപിക്കുന്ന നടപടികൾക്ക് തുടക്കമായി. 200 യൂനിറ്റിന് മുകളിൽ പ്രതിമാസ ഉപഭോഗമുള്ള സർക്കാർ സ്ഥാപനങ്ങളിലും വ്യവസായശാലകളിലും മറ്റുമാണ് മീറ്റർ ഘടിപ്പിക്കാനൊരുങ്ങുന്നത്. 37 ലക്ഷം മീറ്ററുകൾ 14 വൈദ്യുതി ഡിവിഷനുകളിലായി സ്ഥാപിക്കും.

തിരുവനന്തപുരം, കഴക്കൂട്ടം, എറണാകുളം, തൃപ്പൂണിത്തറ, ആലുവ, മൂവാറ്റുപുഴ, പെരുമ്പാവൂർ, ഫറോക്ക്, കോഴിക്കോട്, കണ്ണൂർ, പാലക്കാട്, തിരൂരങ്ങാടി, പള്ളം, കാസർകോട് ഡിവിഷനുകളിലാണ് സ്മാർട്ട് മീറ്ററുകൾ സ്ഥാപിക്കുക. സ്മാർട്ട് മീറ്ററുകൾക്കുള്ള ടെൻഡർ നടപടി തുടങ്ങി. കേന്ദ്ര പൊതുമേഖല സ്ഥാപനമായ ആര്‍.ഇ.സി പവര്‍ ഡിസ്ട്രിബ്യൂഷന്‍ കമ്പനിക്കാണ് നടത്തിപ്പ് ചുമതല. 10 വര്‍ഷത്തേക്കാണ് ആര്‍.ഇ.സിയുമായുള്ള കരാര്‍. 8,174.96 കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്ന പദ്ധതി ഡിസൈന്‍, ബില്‍ഡ്, ഫണ്ട്, ഓപ്പറേറ്റ്, ട്രാന്‍സ്ഫര്‍ മോഡലിലാണ് നടപ്പാക്കുന്നത്.

2022 നവംബർ 29ന് ആർ.ഇ.സിക്ക് വർക്ക് ഓർഡർ കൊടുത്തതാണെങ്കിലും ജീവനക്കാരുടെ സംഘടനയുടെ എതിർപ്പ് കാരണം നടപടി തുടങ്ങാൻ കഴിഞ്ഞിരുന്നില്ല. 17 ലക്ഷം മീറ്റർ സ്ഥാപിക്കാനായിരുന്നു അന്ന് കരാറെങ്കിലും പിന്നീട് 37 ലക്ഷമാക്കി വർധിപ്പിക്കുകയായിരുന്നു. രണ്ടാം പിണറായി സർക്കാറിന്റെ തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങളിലൊന്നായിരുന്നു സ്മാർട്ട് മീറ്റർ പദ്ധതി.

ഡോ. ബി. അശോക് ചെയര്‍മാനായിരുന്ന കാലത്ത് സ്മാര്‍ട്ട് മീറ്റര്‍ നടപ്പാക്കാന്‍ തീരുമാനിച്ചിരുന്നു. ഇടതു സംഘടനകള്‍ എതിര്‍ത്തതോടെ പിന്നീട് വന്ന മാനേജ്മെന്റ് തീരുമാനത്തിൽനിന്ന് പിന്മാറി. സ്വകാര്യവത്കരണമാണെന്ന് പറഞ്ഞ് ഇടതു യൂനിയനുകൾ എതിർക്കുന്നതിനിടെയാണ് ഇപ്പോൾ പദ്ധതി നടപ്പാക്കുന്നത്. പദ്ധതിക്ക് മന്ത്രിസഭയുടെ അംഗീകാരം ലഭിച്ചിട്ടുണ്ട്.

സ്മാർട്ട് മീറ്റർ വരുന്നതോടെ സ്ലാബ് സമ്പ്രദായം ഇല്ലാതാവും. ഉപയോഗിക്കുന്ന വൈദ്യുതിക്ക് മാത്രം പണമടച്ചാല്‍ മതിയെന്ന ഗുണവുമുണ്ട്. ഫിക്സഡ് ചാര്‍ജ് ഈടാക്കില്ല. എന്നാല്‍, രാത്രി നിരക്ക് കൂടുതലായിരിക്കും. സ്മാര്‍ട്ട് മീറ്ററിന് വില 6000 രൂപയോളമുണ്ടാകുമെന്നാണ് കരുതുന്നത്. ടെൻഡർ നപടികളുടെ അന്തിമഘട്ടത്തിലാണ് ഇതുസംബന്ധിച്ച് തീരുമാനമാകുക. ഉപഭോക്താക്കൾ ഈ വില നൽകേണ്ടെങ്കിലും മീറ്റർ വാടക നൽകേണ്ടിവരും.

Tags:    
News Summary - Smart meter measures started amid protest

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.