തിരുവനന്തപുരം: മുഖ്യമന്ത്രിയുടെയും കേരള അഡ്മിനിട്രേറ്റിവ് ൈട്രബ്യൂണലിെൻറയും നിർദേശങ്ങൾ കാറ്റിൽപറത്തി പൊലീസ് സേനയിൽ ദാസ്യപ്പണി തകൃതി. എ.ഡി.ജി.പിയുടെ മകൾ പൊലീസുകാരനെ മർദിച്ച സംഭവത്തിനുശേഷം ഐ.പി.എസുകാരിൽ നല്ലൊരു ശതമാനവും കൂടെയുണ്ടായിരുന്നവരെ പറഞ്ഞുവിട്ടെങ്കിലും വിവാദം കെട്ടടങ്ങിയതോടെ കാര്യങ്ങൾ പഴയപടിയായി. ക്യാമ്പ് ഫോളോവേഴ്സ് നിയമനങ്ങൾ പി.എസ്.സി വഴിയാക്കുമെന്നും കരട് ചട്ടം ഒരുമാസത്തിനകം തയാറാക്കുമെന്നും മുഖ്യമന്ത്രി ഉറപ്പുനൽകിയിരുന്നു. ഒന്നും നടന്നില്ല.
ഉദ്യോഗസ്ഥ-ഭരണപരിഷ്കാര വകുപ്പിനായിരുന്നു ചട്ടം തയാറാക്കാനുള്ള ചുമതല. എന്നാൽ, ഐ.എ.എസ്- ഐ.പി.എസ് അവിശുദ്ധ കൂട്ടുകെട്ട് ചുവപ്പുനാട കെട്ടി. അതിനിടെ പേരൂർക്കട എസ്.എ.പി ക്യാമ്പിന് സമീപത്തെ അഗസ്ത്യ പൊലീസ് ക്ലബ്ലിൽ കെട്ടിട നിർമാണത്തിന് ഇഷ്ടിക ചുമക്കുന്നതും സിമൻറ് കുഴക്കുന്നതും പൊലീസുകാരാണെന്ന് പുറത്തായി.
എട്ട് പൊലീസുകാരെയും അഞ്ച് ക്യാമ്പ് ഫോളോവർമാരെയുമാണ് നിർമാണ ജോലികൾക്കായി നിയോഗിച്ചിരിക്കുന്നത്. എട്ട് പൊലീസുകാരിൽ മൂന്നുപേർ സീനിയർ സിവിൽ പൊലീസ് ഓഫിസർമാരും അഞ്ചുപേർ സി.പി.ഒമാരുമാണ്. ക്യാമ്പ് ഫോളോവേഴ്സിൽ മൂന്നുപേർ സ്ഥിരം ജീവനക്കാരും രണ്ടുപേർ ദിവസവേതനക്കാരുമാണ്. കെട്ടിട നിർമാണത്തൊഴിലാളികൾക്ക് കൊടുക്കേണ്ട കാശ് ഇതിെൻറ പേരിൽ വകമാറ്റുന്നതായും പറയുന്നു. ഇതുസംബന്ധിച്ച് എസ്.എ.പി കമാൻഡൻറിന് ക്യാമ്പ് ഫോളോവേഴ്സ് പരാതി നൽകിയെങ്കിലും നടപടിയുണ്ടായിട്ടില്ല.
1136 പേരുണ്ടായിരുന്ന ക്യാമ്പ് ഫോളോവേഴ്സിൽ നിലവിൽ 840 പേരാണ് കുക്ക്, ബാർബർ, ഡോബി, സ്വീപ്പർ, വാട്ടർ കാരിയർ തസ്തികകളിൽ ജോലി ചെയ്യുന്നത്. മാസങ്ങൾക്കുമുമ്പ് ദിവസവേതനക്കരാറിൽ 350 പേരെ നിയമിച്ചെങ്കിലും ഇവരിൽ നല്ലൊരു ശതമാനവും ഇപ്പോൾ ഐ.പി.എസുകാരുടെ വീടുകളിലും പൊലീസ് ക്ലബുകളിലുമാണ് പണിയെടുക്കുന്നത്. തിരുവനന്തപുരം എസ്.എ.പി ക്യാമ്പിൽ 30 ക്യാമ്പ് ഫോേളാവർമാരുണ്ടെന്നാണ് രേഖ. എന്നാൽ, നിലവിൽ ജോലി ചെയ്യുന്നത് നാലുപേർ മാത്രം.
ബാക്കി 26 പേരും ഐ.പി.എസുകാരുടെ വീടുകളിൽ പട്ടിയെ കുളിപ്പിക്കലും അടുക്കളപ്പണിയും തുണികഴുകലുമായി കഴിയുകയാണ്. ഡി.ജി.പി റാങ്കിലുള്ള ഉന്നതെൻറ വീട്ടിൽ അടുക്കളപ്പണിക്ക് സഹായിക്കാൻ മൂന്ന് ക്യാമ്പ് ഫോേളാവർമാരെ നിയോഗിച്ചിട്ടുണ്ട്.
നേരത്തേ വിവാദങ്ങളുടെ പശ്ചാത്തലത്തിൽ ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ കീഴിൽ രേഖയില്ലാതെ ജോലി ചെയ്യുന്ന പൊലീസുകാരുടെ വിവരങ്ങൾ കേരള പൊലീസ് അസോസിയേഷൻ ശേഖരിച്ചെങ്കിലും ഐ.പി.എസുകാരുടെ സമ്മർദത്തെ തുടർന്ന് പട്ടിക വെളിച്ചംകണ്ടില്ല. ഐ.പി.എസുകാരുടെ വീടുകളിൽ ഇപ്പോഴും ദാസ്യപ്പണിയെടുക്കേണ്ട ഗതികേടിലാണ് ഭൂരിഭാഗവും.
ദാസ്യപ്പണിക്ക് വിസമ്മതിച്ചവർക്കെതിരെ ഐ.പി.എസ് ഉദ്യോഗസ്ഥർ കള്ളക്കേസെടുത്ത സംഭവങ്ങൾവരെയുണ്ടായി. മുഖ്യമന്ത്രിക്കും ഡി.ജി.പിക്കും നിരവധി തവണ പരാതി നൽകിയെങ്കിലും ഒന്നും സംഭവിച്ചില്ലെന്ന് ക്യാമ്പ് ഫോളോവേഴ്സ് അസോസിയേഷൻ ആരോപിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.