ഫോർട്ട്കൊച്ചി: താലൂക്ക് ഹെഡ് ക്വാർട്ടേഴ്സ് ആശുപത്രിയിൽനിന്ന് ആറ് ഓക്സിജൻ സിലിണ്ടർ കാണാതായതായി പരാതി. ലേബർ വാർഡിൽനിന്നാണ് കഴിഞ്ഞ ദിവസം ഇവ കാണാതായത്.ബ്രഹ്മപുരം തീപിടിത്തത്തെ തുടർന്ന് ഉയർന്ന പുകയുമായി ബന്ധപ്പെട്ട് നഗരസഭ പരിധിയിലെ എല്ലാ ആശുപത്രികളിലും ഓക്സിജൻ സജ്ജമാക്കണമെന്ന നിർദേശമുള്ളപ്പോഴാണ് ഫോർട്ട്കൊച്ചി ആശുപത്രിയിലെ സിലിണ്ടറുകൾ കാണാതായത് എന്നത് ദുരൂഹത ഉയർത്തുന്നു. ബ്രഹ്മപുരത്തെ പുക കൊച്ചി മേഖലയെയും ബാധിച്ചിരുന്നു.
ശ്വാസ സംബന്ധമായ അസുഖബാധിതർക്ക് മേഖലയിൽ വലിയ ബുദ്ധിമുട്ടും ഉളവാക്കിയിരുന്നു. സിലിണ്ടറുകൾ കാണാതായത് സംബന്ധിച്ച് പൊലീസിൽ പരാതി നൽകിയതായി ആശുപത്രി സൂപ്രണ്ട് പ്രസന്ന കുമാരി പറഞ്ഞു. സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായി ഫോർട്ട്കൊച്ചി പൊലീസും പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട് സ്റ്റോക് രജിസ്റ്റർ പരിശോധിച്ചതായും ഇവിടെ സിലിണ്ടറുകൾ വെക്കുന്ന ഏജൻസി അധികൃതരെ അന്വേഷണഭാഗമായി വിളിപ്പിച്ചിട്ടുണ്ടെന്നും പൊലീസ് വ്യക്തമാക്കി.
ആശുപത്രിയിൽ ഓക്സിജൻ സിലിണ്ടറുകൾ വെക്കുന്നതുംകൊണ്ട് പോകുന്നതും സംബന്ധിച്ച് ആശുപത്രി അധികൃതർ ശ്രദ്ധിക്കാത്ത സാഹചര്യമാണെന്ന് ആക്ഷേപം ഉയർന്നിട്ടുണ്ട്. അതേസമയം, ആശുപത്രി അധികൃതരുടെ അറിവോടെയാണ് സിലിണ്ടറുകൾ കാണാതായതെന്ന ആക്ഷേപവുമായി എ.ഐ.വൈ.എഫ് പ്രവർത്തകർ രംഗത്തെത്തി. നേതാക്കൾ ആശുപത്രി സൂപ്രണ്ട്, ആർ.എം.ഒ എന്നിവരുമായി സംസാരിച്ചു.പൊലീസിൽ പരാതി നൽകിയിട്ടുണ്ടെന്ന മറുപടിയാണ് ഇവരിൽനിന്ന് തങ്ങൾക്ക് ലഭിച്ചതെന്ന് എ.ഐ.വൈ.എഫ് കൊച്ചി മണ്ഡലം പ്രസിഡന്റ് കെ.എ. അനൂപ്, സെക്രട്ടറി പി.കെ. ഷിഫാസ് എന്നിവർ ‘മാധ്യമ’ത്തോട് പറഞ്ഞു.
കഴിഞ്ഞ രണ്ടര വർഷമായി ആശുപത്രിയിലെ ഒരു താൽക്കാലിക ജീവനക്കാരൻ ആരോഗ്യവകുപ്പിന്റെ വ്യാജ ഐ.ഡി കാർഡ് ഉപയോഗിച്ച് ഇവിടെ പ്രവർത്തിച്ചിരുന്നതായും ഇരുവരും ആരോപിച്ചു.എന്നാൽ, ഇങ്ങനെ ഒരു ജീവനക്കാരൻ ഇപ്പോൾ ആശുപത്രിയിൽ ഇല്ലെന്നും താൻ വരുന്നതിന് മുമ്പുള്ള കാര്യങ്ങളിൽ ആധികാരിക അഭിപ്രായം പറയാൻ കഴിയില്ലെന്നും ആശുപത്രി സൂപ്രണ്ടും വ്യക്തമാക്കി. ഏതായാലും പുകശല്യം അനുഭവപ്പെട്ട വേളയിലെ സിലിണ്ടർ മോഷണം വിവാദമായി മാറിയിരിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.