സ്വപ്നം ബാക്കിയാക്കി നവോമി മടങ്ങി; അവയവദാനം ആറു പേര്‍ക്ക് പുതുജീവനേകും

തൃശൂർ: ആദ്യ ജോലിയിൽ പ്രവേശിക്കാനുള്ള യാത്രക്കിടെ അപകടത്തിൽ മസ്തിഷ്ക മരണം സംഭവിച്ച യുവതിയുടെ മടക്കം ആറു​ പേർക്ക് പുതുജീവൻ പകർന്ന്. തൃശൂർ വടക്കാഞ്ചേരി പുല്ലാനിക്കാട് വാണിയം കിഴക്കേൽ വിൻസെന്റിന്റെ മകൾ നവോമി (23), ജീവിതത്തിലെ വലിയൊരു സ്വപ്നത്തിലേക്ക് ചുവടുവെക്കാൻ ഒരുങ്ങവെയാണ് മരണം കവർന്നത്.

മകളുടെ അപ്രതീക്ഷിത വേർപാടിന്റെ ആഘാതത്തിലും അവയവങ്ങൾ ദാനം ചെയ്യാൻ മാതാപിതാക്കളും കുടുംബവും തീരുമാനിച്ചത് ആറു പേർക്ക് പുതുജീവൻ പകരും. ഹൃദയം അടക്കം നവോമിയുടെ ആറ് അവയവങ്ങൾ വിവിധ ആശുപത്രികളിൽ കഴിയുന്നവരിൽ മാറ്റിവെക്കും. 

തിരുവനന്തപുരം കിംസില്‍ ആശുപത്രിയില്‍നിന്ന് തിങ്കളാഴ്ച ഹൃദയം എയര്‍ ആംബുലന്‍സില്‍ എറണാകുളം ലിസി ആശുപത്രിയിലേക്ക് എത്തിക്കും. രാവിലെ തിരുവനന്തപുരത്തുനിന്ന് എയർ ആംബുലൻസ് പുറപ്പെട്ട് കൊച്ചിയിൽ ഇറങ്ങുമെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.

ഒരു വൃക്ക തിരുവനന്തപുരം ഗവ. മെഡിക്കല്‍ കോളജിലേക്കും മറ്റൊന്ന് തിരുവനന്തപുരം കിംസ് ആശുപത്രിയിലേക്കും കൊണ്ടുപോകും. കരളും കിംസ് ആശുപത്രിയിൽ തന്നെ കഴിയുന്ന രോഗിയിലാണ് മാറ്റിവെക്കുക. 

ജൂൺ 25 ന് തൃശൂരിൽ നിന്ന് തിരുവനന്തപുരത്തേക്കുള്ള യാത്രക്കിടയിൽ കൊട്ടാരക്കരക്കു സമീപം വാളകത്ത് നവോമിയും കുടുംബവും സഞ്ചരിച്ച കാർ കാറും പാർസൽ ലോറിയുമായി കൂട്ടിയിടിച്ചായിരുന്നു അപകടം. ഗുരുതര പരിക്കേറ്റ് ചികിത്സയിലായിരുന്ന നവോമിയുടെ മസ്തിഷ്ക മരണം ഞായറാഴ്ചയാണ് സ്ഥിരീകരിച്ചത്. തുടർന്ന് കുടുംബം അവയവദാനത്തിന് അധികൃതരെ സന്നദ്ധത അറിയിക്കുകയായിരുന്നു.

തൃശൂർ സെന്റ് തോമസ് കോളജിൽനിന്ന് സൈക്കോളജിയിൽ ബിരുദാനന്തര ബിരുദം നേടിയ നവോമി, ഖോ-ഖോ മത്സരത്തിലും കഴിവ് തെളിയിച്ചു. അഭിനയരംഗത്തും ശോഭിച്ചിരുന്നു.

കളിക്കളത്തിലും ജീവിതത്തിലും എപ്പോഴും പോസിറ്റീവ് ഊർജം നിറച്ചിരുന്ന നവോമി, മരണശേഷവും ആറു പേരുടെ ജീവിതത്തിലൂടെ തന്റെ സാന്നിധ്യം നിലനിർത്തുകയാണ്. 

Tags:    
News Summary - Six Lives Saved as Naomi Departs

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.