കോട്ടക്കൽ: ആറുവരിപ്പാതയെന്ന സ്വപ്നപദ്ധതിക്കായി നടവഴിപോലും വിട്ടുകൊടുത്ത ഗൃഹനാഥൻ സ്വന്തമായൊരു വീട് നിർമിക്കാൻ പോലുമാകാതെ ദുരിതത്തിൽ. എടരിക്കോട് ചെറുശ്ശോല സ്വദേശി ഇല്ലിക്കൽ അബ്ദുൽ മജീദും കുടുംബവുമാണ് വീടിനായി നിർമിച്ച അടിത്തറക്കു മുന്നിൽ നിസ്സഹായരായി നിൽക്കുന്നത്. ആറുവരിപ്പാത കടന്നുപോകുന്ന കോട്ടക്കൽ ബൈപാസിലെ (288.800 കി.മീ) ഡ്രെയിനേജ് സംവിധാനമാണ് കുടുംബത്തിന് തിരിച്ചടിയായത്.
വീടിനോട് ചേർന്ന് ഏറെ ഉയരത്തിലാണ് പാത നിർമിച്ചിരിക്കുന്നത്. മഴ പെയ്യുന്നതോടെ മണ്ണും പാതയിൽനിന്നുള്ള മലിനജലവും വീട്ടുമുറ്റത്തേക്കും കിണറിലേക്കും ഒഴുകിയെത്തുന്ന അവസ്ഥ. വീട്ടിലേക്കുണ്ടായിരുന്ന വഴി പൂർണമായും തടസ്സപ്പെട്ടതോടെ വീട് നിർമാണത്തിനുള്ള സാധനങ്ങൾ എത്തിക്കാനോ ആശുപത്രിയിലേക്കടക്കുള്ള ആവശ്യങ്ങൾക്ക് പോകാനോ കഴിയാത്ത സ്ഥിതിയാണ്.
പാതക്കു താഴെ സർവിസ് റോഡുണ്ടാകുമെന്നായിരുന്നു അധികൃതർ നൽകിയ ഉറപ്പ്. ഇതിനായി കുറച്ച് ഭൂമി വിട്ടുകൊടുക്കുകയും ചെയ്തിരുന്നു. എന്നാൽ, ഏറ്റെടുത്ത സ്ഥലത്ത് നിർമിച്ച ഡ്രെയിനേജ് സംവിധാനമാണ് ഭീഷണി. മഴക്കു പിന്നാലെ മറുവശത്തുനിന്നും പാതയിൽ നിന്നുമുള്ള വെള്ളം താഴേക്ക് കുതിച്ചെത്തുകയാണ്. വീടിനായി നിർമിച്ച തറക്ക് അടിയിലൂടെ തറവാടിന്റെ മുറ്റത്തേക്കാണ് വെള്ളം കിനിഞ്ഞിറങ്ങുന്നത്.
പാതക്കായുള്ള ഭൂമിയെടുപ്പിനും മറ്റും മുൻനിരയിലുണ്ടായിരുന്നയാളാണ് മജീദ്. എന്നാൽ, നിർമാണം തുടങ്ങി വർഷങ്ങൾ കഴിഞ്ഞിട്ടും പരാതിക്ക് പരിഹാരമായില്ലെന്ന് ഇദ്ദേഹം പറയുന്നു. മലിനജലം തുറന്ന കിണറിലേക്ക് നേരിട്ട് ഒഴുകുന്നതിനാൽ ഉപയോഗിക്കാനാകുന്നില്ല. മാത്രമല്ല, മലിനീകരണം ആരോഗ്യഭീഷണിക്കും വഴിവെക്കുന്നു. കഴിഞ്ഞ മഴക്കാലത്തും വീട്ടിലേക്ക് മലിനജലം കുതിച്ചെത്തിയിരുന്നു.
ഏറ്റെടുത്ത ഭൂമിക്ക് സുരക്ഷാഭിത്തി നിർമിക്കാത്തതിനാൽ വീട്ടിലേക്കുള്ള താൽക്കാലിക വഴിയിലൂടെ വെള്ളം വീടിന്റെ അടിത്തറയിലേക്കാണ് ഒഴുകിയെത്തുന്നത്. പരിഹാരം വേണമെന്നാവശ്യപ്പെട്ടെങ്കിലും സ്വന്തം ചെലവിൽ നിർമിക്കണമെന്നാണ്, ഓട്ടോറിക്ഷ ഓടിച്ച് ഉപജീവനം നടത്തുന്ന മജീദിന് ലഭിച്ച മറുപടി.
ഏതു നിമിഷവും അപകടം പതിയിരിക്കുന്നതിനാൽ വീടിന്റെ പ്രവൃത്തികൾ മുന്നോട്ടുകൊണ്ടുപോകാൻ സാധിക്കുന്നില്ല. പഞ്ചായത്ത്, ദേശീയപാത അതോറിറ്റി, വകുപ്പുമന്ത്രി എന്നിവർക്ക് നിരവധി തവണ നിവേദനങ്ങൾ നൽകിയെങ്കിലും ലക്ഷ്യം കണ്ടില്ല. മണ്ണൊലിപ്പ്, ജലമലിനീകരണം, തടസ്സപ്പെട്ട വഴി എന്നിവ സംബന്ധിച്ച് ജില്ല കലക്ടർക്ക് കഴിഞ്ഞ മാസം നൽകിയ പരാതിക്ക് പരിഹാരമുണ്ടാകുമെന്ന ഉറപ്പാണ് ലഭിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.