ശിവൻകുട്ടിയെ യു.ഡി.എഫ് എം.എൽ.എമാർ തല്ലി ബോധം കെടുത്തി, വനിതാ എം.എൽ.എമാരെ കയറിപ്പിടിച്ചു -ഇ.പി ജയരാജൻ

കണ്ണൂർ: നിയമസഭാ കയ്യാങ്കളി സംഭവത്തിൽ വലിയ പങ്കുവഹിച്ചത് യു.ഡി.എഫ് അംഗങ്ങളാണെന്ന് എൽ.ഡി.എഫ് കൺവീനർ ഇ.പി. ജയരാജൻ. സംഘർഷം ഉണ്ടാക്കിയത് യു.ഡി.എഫാണ്. മന്ത്രി ശിവൻകുട്ടിയെ അന്ന് യുഡിഎഫ് അംഗങ്ങൾ തല്ലി ബോധം കെടുത്തുകയും വനിതാ എം.എൽ.എമാരുടെ തലയിലും അവിടെയും ഇവിടെയു​മെല്ലാം കടന്ന് പിടിക്കുകയും ചെയ്തു -ജയരാജൻ പറഞ്ഞു.

കയ്യാങ്കളി ആരംഭിച്ചത് യുഡിഎഫ് എം.എൽ.എമാരാണ്. ഇന്നത്തെ വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടിയെ യുഡിഎഫ് അംഗങ്ങൾ തല്ലി ബോധം കെടുത്തി. മറ്റ് പലരെയും ആക്രമിച്ചു. അതിക്രമത്തിൽനിന്ന് രക്ഷപ്പെടാൻ വനിതാ എം.എൽ.എക്ക് ഒരു യു.ഡി.എഫ് എം.എൽ.എയുടെ കൈ കടിക്കേണ്ടിവന്നു. എന്നാൽ, ഉമ്മൻചാണ്ടി സർക്കാർ അവർ നടത്തിയ അക്രമത്തിന്റെ ഭാഗങ്ങൾ ഒഴിവാക്കിയുള്ള ദൃശ്യങ്ങളാണ് പ്രചരിപ്പിച്ചത്. അവരും ഡയസിൽ കയറിയിട്ടുണ്ട്, അക്രമം നടത്തിയിട്ടുണ്ട്. പക്ഷേ, അതൊക്കെ ഒഴിവാക്കി പ്രതിപക്ഷത്തിന്റെ ദൃശ്യങ്ങളാണ് ഉമ്മൻചാണ്ടി സർക്കാർ പുറത്തുവിട്ടത്.


അന്ന് ബജറ്റ് അവതരിപ്പിക്കാൻ ആസൂത്രിതമായി പദ്ധതി തയ്യാറാക്കിയാണ് യുഡിഎഫ് അംഗങ്ങൾ സഭയിലേക്ക് പ്രവേശിച്ചത്. ഈ നിലപാടിനെതിരെ പ്രതിപക്ഷത്തുള്ളവർ (എൽ.ഡി.എഫ്) പ്രതിഷേധിച്ചു. നടുത്തളത്തിൽ സ്പീക്കറുടെ മുന്നിൽ ഇറങ്ങി മുദ്രാവാക്യം വിളിക്കുക മാത്രമാണ് തങ്ങൾ ചെയ്തത്. ഇതിനിടെ യുഡിഎഫ് പ്രകോപനപരമായി മുദ്രാവാക്യം വിളിക്കുകയും എൽഡിഎഫിന്റെ സ്ത്രീ എംഎൽഎമാരെയടക്കം പരിഹസിക്കുകയും അധിക്ഷേപിക്കുകയും ചെയ്തു. ഈ ഘട്ടത്തിലാണ് തങ്ങൾ പ്രതിഷേധിച്ചത്. ഈ പ്രതിഷേധത്തെ മസിൽ പവർകൊണ്ട് നേരിടാനാണ് യുഡിഎഫ് ശ്രമിച്ചത്. ഇതാണ് സംഘർഷത്തിലേക്ക് എത്തിയത്. ബജറ്റ് അവതരിപ്പിക്കാനാവാത്ത സ്ഥിതിയായി. ഇതിൽ വലിയ പങ്കുവഹിച്ചത് യു.ഡി.എഫ് അംഗങ്ങളാണ് -ജയരാജൻ പറഞ്ഞു.

Full View

ഇടത് എംഎൽഎമാർക്കെതിരെ കേസ് എടുത്തത് തികച്ചും ഏകപക്ഷീയമായാണ്. വാച്ച് ആന്റ് വാർഡിനെ ഉപയോഗിച്ച് പ്രതിപക്ഷത്തെ അടിച്ചമർത്താൻ ശ്രമിച്ചതിന്റെ ഫലമായിരുന്നു സംഘർഷം. ഒന്നാമത്തെ കുറ്റവാളികൽ യുഡിഎഫ് എംഎൽഎമാരും മന്ത്രിമാരുമാണെന്നും അദ്ദേഹം പറഞ്ഞു.


Tags:    
News Summary - Sivankutty beaten by UDF MLAs - EP Jayarajan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.