84ാമത് ശിവഗിരി തീര്‍ഥാടനത്തിന് ഇന്ന് തുടക്കം

വര്‍ക്കല: 84ാമത് ശിവഗിരി തീര്‍ഥാടനത്തിന് വെള്ളിയാഴ്ച തുടക്കം. രാവിലെ പത്തിന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും.
പുലര്‍ച്ചെ പര്‍ണശാല, ശാരദാമഠം, സമാധിമന്ദിരം എന്നിവിടങ്ങളിലെ പ്രത്യേക പൂജകള്‍ക്കും പ്രാര്‍ഥനകള്‍ക്കുംശേഷം ശ്രീനാരായണ ധര്‍മസംഘം ട്രസ്റ്റ് പ്രസിഡന്‍റ് സ്വാമി പ്രകാശാനന്ദ പീതപതാക ഉയര്‍ത്തുന്നതോടെ തീര്‍ഥാടനത്തിന് തുടക്കമാകും. തുടര്‍ന്നുനടക്കുന്ന സമ്മേളനത്തില്‍ സ്വാമി വിശുദ്ധാനന്ദ അധ്യക്ഷത വഹിക്കും. പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല മുഖ്യാതിഥിയായിരിക്കും.

പീതവസ്ത്രധാരികളായ പദയാത്രികര്‍ ശിവഗിരിയിലേക്ക് ഒഴുകിത്തുടങ്ങി. ചെറുതുംവലുതുമായ നൂറോളം പദയാത്രകളാണ് വ്യാഴാഴ്ച ശിവഗിരിയിലത്തെിയത്. 30, 31, ജനുവരി ഒന്ന് ദിവസങ്ങളിലായി നടക്കുന്ന തീര്‍ഥാടനത്തില്‍ ശ്രീനാരായണ ഗുരുവിന്‍െറ നിര്‍ദേശപ്രകാരമുള്ള എട്ട് വിഷയങ്ങളില്‍ വിവിധ സമ്മേളനങ്ങളാണ് സംഘടിപ്പിച്ചിട്ടുള്ളത്. വിപുലമായ ഒരുക്കങ്ങളാണ് ഇക്കുറി ശിവഗിരിയിലുള്ളത്. പതിനയ്യായിരം പേര്‍ക്ക് ഇരിക്കാന്‍ സൗകര്യമുള്ള പന്തലിലാണ് സമ്മേളനങ്ങളും കലാപരിപാടികളും നടക്കുന്നത്. ശിവഗിരിയിലേക്കുള്ള എല്ലാവഴികളും പീതവര്‍ണത്താല്‍ നിറഞ്ഞു. നഗരത്തിലും പ്രാന്തപ്രദേശങ്ങളിലും ആള്‍ത്തിരക്കേറിയിട്ടുണ്ട്.

റോഡുകളും ഇടവഴികളുമൊക്കെ പൂപ്പന്തലും കൊടിതോരണങ്ങളും ദീപാലങ്കാരങ്ങളുംകൊണ്ടു നിറഞ്ഞിട്ടുണ്ട്.  ശിവഗിരിക്കുന്നില്‍നിന്ന് എളുപ്പത്തില്‍ താഴ്വാരത്തെ സമ്മേളനപ്പന്തലില്‍ എത്തിച്ചേരാനായി മേല്‍പ്പാലം നിര്‍മിച്ചത് ഇക്കുറി തീര്‍ഥാടകര്‍ക്ക് ഏറെ സഹായമായി. വ്യാഴാഴ്ച താല്‍ക്കാലിക മേല്‍പ്പാലത്തിന്‍െറ ഉദ്ഘാടനം ഡോ. ബി. സീരപാണി നിര്‍വഹിച്ചു.

തീര്‍ഥാടന ദിവസങ്ങളില്‍ സമാധിമന്ദിരത്തിലെ ശ്രീനാരായണ ഗുരുവിന്‍െറ വിഗ്രഹത്തില്‍ ചാര്‍ത്താനുള്ള  മഞ്ഞപ്പട്ടും വഹിച്ചുകൊണ്ടുള്ള ശ്രീലങ്കയില്‍നിന്നുള്ള ഗുരുധര്‍മ പ്രചാരകരുടെ സംഘം ശിവഗിരിയില്‍ എത്തി. ശിവഗിരി ഗെസ്റ്റ്ഹൗസില്‍ സന്യാസിമാര്‍ ചേര്‍ന്ന് ശ്രീലങ്കന്‍ തീര്‍ഥാടകരെ സ്വീകരിച്ചു. സമാധിമന്ദിരത്തില്‍ നടന്ന ചടങ്ങില്‍ ശ്രീനാരായണ ധര്‍മസംഘം ട്രസ്റ്റ് പ്രസിഡന്‍റ് സ്വാമി പ്രകാശാനന്ദ മഞ്ഞപ്പട്ട് ഏറ്റുവാങ്ങി.

Tags:    
News Summary - sivagiri pilgrimage

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.