മോദിയുടെ അഴിമതിവിരുദ്ധ പോരാട്ടം ദലിതരെയും  പിന്നാക്കക്കാരെയും അടിച്ചമര്‍ത്തല്‍ –യെച്ചൂരി

കൊച്ചി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും ആര്‍.എസ്.എസിന്‍െറയും അഴിമതിവിരുദ്ധ പോരാട്ടം ദലിത്, പിന്നാക്ക വിഭാഗങ്ങളെ അടിച്ചമര്‍ത്തലായി മാറുകയാണെന്ന് സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. ഡി.വൈ.എഫ്.ഐ അഖിലേന്ത്യ സമ്മേളനത്തിന്‍െറ സമാപന പൊതുയോഗം കൊച്ചിയില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

അഴിമതിയെ ശക്തമായി എതിര്‍ക്കുമെന്നാണ് ഉത്തര്‍പ്രദേശിലെ തെരഞ്ഞെടുപ്പ് യോഗത്തില്‍ മോദിയും ബി.ജെ.പിയും പ്രഖ്യാപിച്ചത്. എല്ലാവര്‍ക്കും വിദ്യാഭ്യാസവും ആരോഗ്യവും തൊഴിലവസരവും നല്‍കാന്‍ മതിയായ വിഭവങ്ങള്‍ രാജ്യത്തുതന്നെയുണ്ടെങ്കിലും അവ സമ്പന്നര്‍ക്ക് കൊള്ളയടിക്കാന്‍ വിട്ടുകൊടുത്തിരിക്കുകയാണ്. ഒരുശതമാനം അതിസമ്പന്ന വിഭാഗം രാജ്യത്തിന്‍െറ 60 ശതമാനം വിഭവങ്ങള്‍ കൈകാര്യം ചെയ്യുകയാണ്. 

അസാധുവാക്കിയ നോട്ടുകളുടെ യഥാര്‍ഥ മൂല്യത്തേക്കാള്‍ കൂടിയ തുകയാണ് ബാങ്കുകളില്‍ തിരിച്ചത്തെിയത്. ഇതിലൂടെ വ്യാജ കറന്‍സികള്‍ നിയമപരമായി. കള്ളപ്പണം കൂടുതല്‍ ശക്തിയോടെ തിരിച്ചുവന്നു. കൈക്കൂലിയുടെയും അഴിമതിയുടെയും തോത് രണ്ടായിരത്തിലേക്ക് വളര്‍ന്നു. പുതിയ രണ്ട് കോടി തൊഴിലവസരങ്ങള്‍ ഉണ്ടാക്കുമെന്നാണ് വാഗ്ദാനമെങ്കിലും 55,000 പേര്‍ക്ക് തൊഴില്‍ നഷ്ടപ്പെടുകയാണുണ്ടായത്.

സമ്പന്നര്‍ക്ക് 70,000 കോടി നികുതിയിളവ് നല്‍കി 1.12 ലക്ഷം കോടി വായ്പ എഴുതിത്തള്ളി. എന്നാല്‍, കാര്‍ഷിക വായ്പ എഴുതിത്തള്ളാന്‍ തയാറായിട്ടില്ല. ദലിത് വിഭാഗത്തിന് ബജറ്റില്‍ നീക്കി വെച്ചത് 1.48 ശതമാനം തുക മാത്രം. പട്ടിക വര്‍ഗക്കാര്‍ക്ക് 2.4 ശതമാനവും വനിതകള്‍ക്ക് 5.3 ശതമാനവും വകകൊള്ളിച്ച സര്‍ക്കാര്‍ ന്യൂനപക്ഷ ഉന്നമനത്തിനായി ഒന്നും നീക്കിവെച്ചില്ല.

അഴിമതി ഇല്ലാതാകണമെങ്കില്‍ രാഷ്ട്രീയ കക്ഷികള്‍ക്ക് കോര്‍പറേറ്റുകള്‍ നേരിട്ട് സംഭാവന നല്‍കുന്ന രീതി നിരോധിക്കണം. തെരഞ്ഞെടുപ്പ് ചെലവ് പരിധി സ്ഥാനാര്‍ഥിക്ക് മാത്രമായി ചുരുക്കാതെ രാഷ്ട്രീയ കക്ഷികള്‍ക്ക് കൂടി ബാധകമാക്കണം. 

അക്രമവും കൊലപാതക പരമ്പരകളുമുണ്ടാക്കി ക്രമസമാധാനം ഇല്ലാതായെന്ന് വരുത്തി സംസ്ഥാന സര്‍ക്കാറിനെ പിരിച്ചുവിടാനുള്ള തന്ത്രമാണ് കേരളത്തില്‍ സംഘ്പരിവാര്‍ നടപ്പാക്കുന്നത്. ഇ. അഹമ്മദിന്‍െറ മരണം ഒളിച്ചുവെക്കാന്‍ ശ്രമിച്ചത് ഇതിന് മുമ്പ് കേട്ടുകേള്‍വി പോലുമില്ലാത്തതാണ്. രാജ്യത്തെ ജനാധിപത്യ സംവിധാനം തകര്‍ക്കാനുള്ള ശ്രമത്തെ യുവാക്കള്‍ തന്നെ നേരിടണമെന്നും യെച്ചൂരി പറഞ്ഞു.

Tags:    
News Summary - sitaram yechury

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.