തിരുവനന്തപുരം: സമഗ്ര വോട്ടർ പട്ടിക പരിഷ്കരണത്തിന് (എസ്.ഐ.ആർ) മുന്നോടിയായി 2002ൽ പ്രസിദ്ധീകരിച്ച വോട്ടർ പട്ടികയുടെയും നിലവിലെ വോട്ടർ പട്ടികയുടെയും സാങ്കേതിക പരിശോധന കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷൻ ആരംഭിച്ചു.
ഇരു പട്ടികകളും താരതമ്യം ചെയ്ത് എത്രത്തോളം വ്യത്യാസമുണ്ടെന്ന് ഐ.ടി സെല്ലിന്റെ സഹായത്തോടെ കണ്ടെത്തുകയാണ് ലക്ഷ്യം. കേരളത്തിൽ എസ്.ഐ.ആർ നടപടികളുടെ സമയക്രമവും മറ്റും കേന്ദ്രം പ്രഖ്യാപിക്കാനിരിക്കെ ഈ പരിശോധന നിർണായകമാണ്.
2002ലെ പട്ടികയെ അപേക്ഷിച്ച് 2025ലെ പട്ടികയിൽ 53.25 ലക്ഷം വോട്ടർമാർ കൂടുതലുണ്ട്. പരിശോധന രണ്ട് ദിവസത്തിനകം പൂർത്തിയാകും. 2002ലെയും 2025ലെയും വോട്ടർ പട്ടിക പരിശോധിക്കാൻ പൊതുജനങ്ങൾക്കുള്ള നിർദേശം കമീഷൻ പുറത്തിറക്കി.
എന്യൂമറേഷൻ ആരംഭം എസ്.ഐ.ആർ ഷെഡ്യൂൾ പ്രഖ്യാപിക്കുന്നതോടെ
തിരുവനന്തപുരം: എസ്.ഐ.ആർ ഷെഡ്യൂൾ പ്രഖ്യാപിക്കുന്നതോടെയാവും എന്യൂമറേഷൻ ആരംഭിക്കുക. കേരളത്തിലെ മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസറുടെ പോർട്ടലായ www.ceo.kerala.gov.in തുറന്ന ശേഷം Voter Search/ SIR 2002 എന്ന് തിരഞ്ഞാൽ 2002ലെ പട്ടിക പരിശോധിക്കാം. ജില്ല, നിയമസഭ മണ്ഡലം, വോട്ടറുടെ പേര്, പാർട്ട് സീരിയൽ നമ്പർ എന്നിവ ഉപയോഗിച്ചാണ് തിരച്ചിൽ നടത്തേണ്ടത്.
2025ലെ പട്ടികയിൽ പേരുണ്ടോയെന്ന് അറിയാൻ സി.ഇ.ഒ പോർട്ടലിലെ Electoral Search (https://electoralsearch.eci.gov.in) എന്ന ഓപ്ഷൻ ഉപയോഗിക്കണം. വോട്ടർ ഐ.ഡി കാർഡ് നമ്പർ, വ്യക്തിഗത വിവരങ്ങൾ, മൊബൈൽ ഫോൺ നമ്പർ എന്നിവയിലേതെങ്കിലും നൽകിയാൽ പട്ടികയിൽ പേരുണ്ടോയെന്ന് അറിയാം. 2002ലെ പട്ടികയിൽ ഒരു മണ്ഡലത്തിലും നിയമസഭ മണ്ഡല പുനർനിർണയത്തിന്റെ ഭാഗമായി പിന്നീട് മറ്റൊരു മണ്ഡലത്തിലേക്കും മാറിയാലും രണ്ടു പട്ടികകളിലും ഉള്ളതായി പരിഗണിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.