പുലാമന്തോൾ: പൂർണഗർഭിണിയായിട്ടും ആശുപത്രിയേയും ഡോക്ടറെയും സമീപിക്കാതിരുന്ന അസം വനിതക്ക് കാവലിരിക്കേണ്ടിവന്ന അനുഭവം ഓർത്തെടുക്കുകയാണ് ആമയൂർ സ്വദേശിനി സിന്ധു. പുലാമന്തോൾ പ്രാഥമികാരോഗ്യകേന്ദ്രത്തിൽ ഫീൽഡ് വർക്കറായി ജോലി ചെയ്യുേമ്പാഴാണ് അസം സ്വദേശി രഹന ബത്തൂലിനെ പെരിന്തൽമണ്ണ ഗവ. ആശുപത്രിയിൽ എത്തിച്ച് ഒമ്പത് ദിവസം കൂട്ടിരുന്നത്.
കഴിഞ്ഞ മാർച്ചിലായിരുന്നു സംഭവം. കുരുവമ്പലം നീലുകാവിൽ കുളമ്പിൽ ഗൃഹസന്ദർശനം നടത്തവെയാണ് കോഴിഫാമിലെ ജോലിക്കാരനായ ഭർത്താവുമൊത്ത് വാടകവീട്ടിൽ കഴിയുന്ന രഹനയെ കണ്ടെത്തുന്നത്. വിവരങ്ങൾ അന്വേഷിച്ചപ്പോൾ ഇതിനിടെ ഒരിക്കൽ മാത്രമാണ് ഡോക്ടറെ കണ്ടതെന്ന് പറഞ്ഞു. മൂത്ത കുട്ടിയെ അസമിലെ വീട്ടിലാണ് പ്രസവിച്ചതെന്നും ആശുപത്രിയിൽ പോവാനും താൽപര്യമില്ലെന്നും അവർ പറഞ്ഞു. ഒറ്റക്ക് വീട്ടിൽ വെച്ചുള്ള പ്രസവം അപകടകരമാണെന്ന് ബോധ്യപ്പെടുത്താൻ സിന്ധുവിന് ഏറെ പ്രയാസപ്പെടേണ്ടിവന്നു.
ഏറെ നിർബന്ധിച്ചശേഷമാണ് അവരെയും ഭർത്താവിനെയും മാർച്ച് ആറിന് പെരിന്തൽമണ്ണ ആശുപത്രിയിലെത്തിക്കാനായത്. പ്രസവത്തിന് ദിവസങ്ങൾ ബാക്കിയുണ്ടെന്നറിഞ്ഞതോടെ അവർ ആശുപത്രി വിടാനുള്ള ഒരുക്കത്തിലായിരുന്നു.
ആ അവസ്ഥയിൽ അവരെ പറഞ്ഞയക്കുന്നത് പന്തിയല്ലെന്ന് തോന്നിയതിനാൽ പ്രസവം കഴിയുന്നതുവരെ അവർക്ക് ദിവസങ്ങളോളം കാവലിരിക്കേണ്ടിവന്നു. മാർച്ച് 11ന് അവർ ആൺകുഞ്ഞിന് ജന്മം നൽകി. 14ന് ആശുപത്രിയിൽനിന്ന് ഡിസ്ചാർജ് ചെയ്തു. ഇപ്പോൾ അമ്മയും കുഞ്ഞും സുഖമായിരിക്കുന്നു. 13 വർഷമായി പുലാമന്തോൾ പ്രാഥമികാരോഗ്യകേന്ദ്രത്തിന് കീഴിൽ ജോലിചെയ്യുന്ന സിന്ധുവിന് ഭർത്താവും രണ്ടു മക്കളുമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.