കെ.എം. ബഷീർ കൊല്ലപ്പെട്ടിട്ട് മൂന്നുവർഷം; കേസ് അട്ടിമറിക്കപ്പെടുമോയെന്ന ആശങ്കയിൽ കുടുംബം

തിരൂർ: മാധ്യമപ്രവർത്തകനായിരുന്ന കെ.എം. ബഷീർ എന്ന കെ.എം.ബി കൊല്ലപ്പെട്ടിട്ട് ആഗസ്റ്റ് മൂന്നിന് മൂന്നുവർഷം തികയുമ്പോഴും നീതി തേടിയുള്ള പോരാട്ടത്തിലാണ് കുടുംബം. കേസിലെ മുഖ്യപ്രതി ശ്രീറാം വെങ്കിട്ടരാമനെ ആലപ്പുഴ ജില്ല കലക്ടറാക്കിയ നടപടി ജനരോഷത്തെ തുടർന്ന് കഴിഞ്ഞദിവസം സർക്കാർ പിൻവലിച്ചെങ്കിലും ഐ.എ.എസ് ഉദ്യോഗസ്ഥനെന്ന നിലയിൽ അദ്ദേഹം കേസ് അട്ടിമറിക്കാൻ നടത്തുന്ന നീക്കങ്ങൾ ബഷീറിന്‍റെ കുടുംബത്തെ ആശങ്കയിലാക്കുന്നുണ്ട്.

കലക്ടർ സ്ഥാനത്തുനിന്ന് മാറ്റി സർക്കാർ തെറ്റ് തിരുത്തിയതിൽ ബന്ധുക്കൾ ആശ്വാസം പ്രകടിപ്പിച്ചു. എന്നാൽ, കേസിൽ നീതി കിട്ടുമെന്ന പൂർണബോധ്യം വന്നിട്ടില്ലെന്ന് അവർ പറയുന്നു. കേസ് അട്ടിമറിക്കപ്പെട്ടുകൊണ്ടിരിക്കുകയാണെന്ന് ബഷീറിന്‍റെ സഹോദരൻ കെ. അബ്ദുറഹ്മാൻ പറഞ്ഞു. നീതികിട്ടുമെന്ന് പൂർണ ഉറപ്പില്ല.

ആലോചിച്ച് ചെയ്യേണ്ട വിഷയങ്ങൾ പോലും സമ്മർദമുണ്ടാവുമ്പോഴാണ് സർക്കാർ തിരുത്തുന്നതെന്ന് ശ്രീറാമിനെ ആലപ്പുഴ കലക്ടറായി നിയമിച്ചതും പിന്നീട് പിൻവലിച്ചതും ചൂണ്ടിക്കാട്ടി ബഷീറിന്‍റെ ഭാര്യസഹോദരൻ താജുദ്ദീൻ പറഞ്ഞു. ജേക്കബ് തോമസ് വിഷയത്തിൽ ഏതറ്റംവരെയും പോയ സർക്കാർ ശ്രീറാമിന്റെ കാര്യത്തിൽ ഒത്താശ ചെയ്യുകയാണ്. ഇങ്ങനെ പോയാൽ ബഷീറിന്‍റെ മാതാവിനെ കേസിൽ കക്ഷി ചേർക്കാൻ ആലോചിക്കുന്നതായും താജുദ്ദീൻ പറഞ്ഞു.

ബഷീറിന്‍റെ ഭാര്യക്ക് ജോലി നൽകിയതിൽ മാത്രമാണ് സർക്കാർ ഇതുവരെ വാക്കുപാലിച്ചത്. ബഷീറിന്‍റെ ഭാര്യ ജസീലയും രണ്ട് മക്കളും തിരൂർ വാണിയന്നൂരിൽ മൂത്ത സഹോദരൻ താജുദ്ദീനും കുടുംബത്തിനുമൊപ്പമാണ് താമസിക്കുന്നത്. തിരൂർ എം.ഇ.ടി സ്കൂളിൽ നാലാം ക്ലാസിലാണ് എട്ടുവയസ്സുകാരിയായ മൂത്ത മകൾ ജന്ന ബഷീർ പഠിക്കുന്നത്. രണ്ടാമത്തെ മകൾ അസ്മി ബഷീറിന് മൂന്ന് വയസ്സ് പിന്നിട്ടു.

Tags:    
News Summary - since Three years K.M. Bashir was killed; The family is worried that the case will be overturned

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.