ഗുജറാത്തില്‍ ജയിലില്‍ കഴിയുന്ന മക്കളെ കേരളത്തിലെ ജയിലുകളിലേക്ക്  മാറ്റാന്‍ സര്‍ക്കാര്‍ ഇടപെടണമെന്ന്


തിരുവനന്തപുരം: ഗുജറാത്തില്‍ ജയിലില്‍ കഴിയുന്ന മക്കളെ കേരളത്തിലെ ജയിലുകളിലേക്ക് മാറ്റാന്‍ സംസ്ഥാനസര്‍ക്കാര്‍ ഇടപെടണമെന്ന് സിമി പ്രവര്‍ത്തകര്‍ എന്ന പേരില്‍ 2008 മുതല്‍ ജയിലില്‍ കഴിയുന്ന ഷിബിലിയുടെയും ഷാദുലിയുടെയും പിതാവ് പി.എസ്. അബ്ദുല്‍ കരീമും അബ്ദുല്‍ സത്താറിന്‍െറയും അന്‍സാര്‍ നദ്വിയുടെയും പിതാവ് അബ്ദുല്‍ റസാഖും വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. 

ഭോപാല്‍ സെന്‍ട്രല്‍ ജയിലില്‍ വിചാരണ തടവുകാരായിരുന്ന എട്ട് മുസ്ലിംയുവാക്കളെ പൊലീസ് വെടിവെച്ചുകൊന്നത് ആശങ്കയുളവാക്കുന്നു. 2008 മാര്‍ച്ച് 26നാണ് തങ്ങളുടെ മക്കളെ പൊലീസ് അറസ്റ്റുചെയ്തത്. എന്നാല്‍, 2008 ജൂലൈയില്‍ നടന്ന സ്ഫോടനത്തില്‍ ഇവരെ പ്രതികളാക്കി. ഗുജറാത്ത്, മധ്യപ്രദേശ്, കര്‍ണാടക, കേരളം എന്നീ സംസ്ഥാനങ്ങളിലെല്ലാം ഇവര്‍ ഇപ്പോള്‍ കേസില്‍ പ്രതികളാണ്. എട്ട് വര്‍ഷമായി വിചാരണ പൂര്‍ത്തിയാക്കാതെ  ജയിലിലടച്ചിരിക്കുകയാണ്. കേരളത്തിലും കേസുള്ളതിനാല്‍ ഗുജറാത്തില്‍നിന്ന് ഇവിടത്തെ ജയിലിലേക്ക് മാറ്റണം. തങ്ങളുടെ മക്കള്‍ സൂര്യപ്രകാശം ഏല്‍ക്കാനായി ജയിലില്‍ നിരാഹാരസമരം നടത്തിയെന്നും അവര്‍ പറഞ്ഞു.

ഇവരെ ജയിലിലേക്ക് മാറ്റണമെന്നാവശ്യപ്പെട്ട് മനുഷ്യാവകാശപ്രവര്‍ത്തകര്‍ മുഖ്യമന്ത്രിക്ക് നിവേദനം നല്‍കുമെന്ന് വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്ത ഡോ.ജെ.ദേവിക പറഞ്ഞു. ഭോപാല്‍ ജയിലില്‍ കഴിഞ്ഞവരെ പ്രോസിക്യൂഷന്‍ പരാജയപ്പെടുമെന്ന് ഉറപ്പായപ്പോഴാണ് ജയിലിന് പുറത്ത് വെടിവെച്ചുകൊന്നത്. കഴിഞ്ഞവര്‍ഷം തെലങ്കാനയില്‍ അലെര്‍ എന്ന സ്ഥലത്ത് അഞ്ച് യുവാക്കളെയും ഇതുപോലെ വെടിവെച്ചുകൊന്നിരുന്നു. 
കോടതിക്ക് വെളിയില്‍ കൂട്ടക്കൊല നടത്തിയ പൊലീസ്, ഭരണഘടനയില്‍ അനുശാസിക്കുന്ന ജീവിക്കാനുള്ള അവകാശത്തെയും നീതിന്യായ വ്യവസ്ഥകളെയും പരസ്യമായി വെല്ലുവിളിക്കുകയാണെന്ന് അവര്‍ പറഞ്ഞു. ജനകീയ മനുഷ്യാവകാശപ്രസ്ഥാനം സെക്രട്ടറി സി.പി. റഷീദ്, റെനി ഐലിന്‍ തുടങ്ങിയവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
Tags:    
News Summary - simi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.