സിദ്ധാർഥന്റെ മരണം: വെറ്ററിനറി കോളജിലെ ഡീനിനെയും അസിസ്റ്റന്റ് വാർഡനെയും സർവീസിൽ തിരിച്ചെടുത്തു

കൽപറ്റ: വയനാട് പൂക്കോട് വെറ്ററിനറി കോളേജിലെ രണ്ടാം വർഷ വിദ്യാർഥി ജെ.എസ്.സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പട്ട് സസ്‌പെൻഷനിലായിരുന്ന രണ്ട് ഉദ്യോഗസ്ഥരെ സർവീസിൽ തിരിച്ചെടുത്തു. മുൻ ഡീൻ എം.കെ.നാരായണൻ, മുൻ അസി.വാർഡൻ കാന്തനാഥൻ എന്നിവരെയാണ് സർവീസിൽ തിരിച്ചെടുത്തത്. ഇരുവർക്കും തിരുവാഴംകുന്ന് കോളേജ് ഓഫ് ഏവിയൻ സയൻസസ് ആൻഡ് മാനേജ്മെന്റിലാണ് നിയമനം നൽകിയത്. ആറുമാസത്തെ സസ്‌പെൻഷൻ കാലാവധി പൂർത്തിയായ സാഹചര്യത്തിലാണണ് നടപടി.

ചൊവ്വാഴ്ച സർവകലാശാലയിൽ ചേർന്ന മാനേജ്മെന്റ് കൗൺസിൽ യോഗമാണ് സസ്പെൻഷൻ നീട്ടേണ്ടെന്നു തീരുമാനിച്ചത്. മാനേജ്മെന്റ് കൗൺസിൽ അംഗങ്ങളായ വൈസ് ചാൻസലർ കെ.എസ്. അനിൽ, ടി.സിദ്ദിഖ് എംഎൽഎ, ഫാക്കൽറ്റി ഡീൻ കെ.വിജയകുമാർ, അധ്യാപക പ്രതിനിധി പി.ടി.ദിനേശ് എന്നിവർ തീരുമാനത്തിൽ വിയോജിപ്പറിയിച്ചു. അച്ചടക്കനടപടികളിലേക്കു കടക്കണമെന്നാണു നാലുപേരും ശുപാർശ ചെയ്തത്. എന്നാൽ മറ്റ് 12 പേരുടെ പിന്തുണയോടെ സ്ഥലംമാറ്റ തീരുമാനം അംഗീകരിക്കുകയായിരുന്നു.

ഹൈകോടതിയുടെ പരിഗണനയിലുള്ള വിഷയമാണെന്നു ചൂണ്ടിക്കാട്ടിയാണ് കൂടുതൽ അച്ചടക്കനടപടികൾക്കു മുതിരാതെ ഇരുവരെയും സ്ഥലംമാറ്റാൻ തീരുമാനിച്ചത്. ഭൂരിപക്ഷാഭിപ്രായം മാനിച്ചാണു തീരുമാനമെടുത്തതെന്ന് വൈസ് ചാൻസലർ കെ.എസ്.അനിൽ പറഞ്ഞു. ഇവർക്കെതിരെ കൂടുതൽ നടപടി വേണമെന്ന് ചാൻസലർ ആരിഫ് മുഹമ്മദ് ഖാനും ആവശ്യപ്പെട്ടതായാണ് വിവരം. ചാൻസലറുടെ റിപ്പോർട്ടിൽ തുടർനടപടി സ്വീകരിക്കരുത് എന്നാവശ്യപ്പെട്ട് ഡോ.കാന്തനാഥൻ ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഇതിൽ തീർപ്പായിട്ടില്ല. ഹൈക്കോടതി നിലപാട് അറിഞ്ഞതിനുശേഷം തുടർനടപടി സ്വീകരിക്കാമെന്നാണ് മാനേജ്‌മെന്റ് കൗൺസിലിന്റെ തീരുമാനം.

കഴിഞ്ഞ ഫെബ്രുവരി 18നാണ് കോളജ് ഹോസ്റ്റലിലെ ശുചിമുറിയിൽ സിദ്ധാർഥനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ക്യാമ്പസിൽ ഉണ്ടായിരുന്നിട്ടും ഡീൻ ആൾക്കൂട്ട വിചാരണ അറിഞ്ഞില്ല, ഹോസ്റ്റൽ ചുമതലയുണ്ടായിരുന്ന കാന്തനാഥനും വീഴ്ചയുണ്ടായി എന്ന് കാണിച്ചായിരുന്നു സസ്‌പെൻഷൻ. ഇരുവരും ജോലിയിൽ തുടർന്നാൽ കേസ് അന്വേഷണത്തെ ബാധിക്കുമെന്നും ഹോസ്റ്റലിൽ നടന്ന സംഭവം അറിയില്ലെന്ന് പറയുന്നത് ഗുരുതര വീഴ്ചയാണെന്നും വ്യക്തമാക്കിയായിരുന്നു സസ്പെഷൻ. എന്നാൽ സംഭവത്തിൽ വീഴ്ച ഉണ്ടായിട്ടില്ലെന്നും സിദ്ധാർഥന്റെ മരണ വിവരം അറിഞ്ഞതിന് പിന്നാലെ വിഷയത്തിൽ ഇടപെട്ടുവെന്നുമായിരുന്നു ഡീൻ നൽകിയ വിശദീകരണം.

Tags:    
News Summary - Sidharthan's death: Dean and assistant warden of veterinary college reinstate

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.