ട്രെയിൻ യാത്രക്കിടെ ദേഹാസ്വാസ്ഥ്യം; രക്ഷകരായി സഹയാത്രികർ

അങ്കമാലി: ട്രെയിൻ യാത്രക്കിടെ നെഞ്ചുവേദനയെത്തുടർന്ന് കുഴഞ്ഞുവീണ അധ്യാപകന് തുണയായി ഒരുപറ്റം സഹയാത്രികർ. തൃശൂരിൽനിന്ന് എറണാകുളത്തേക്ക് പരശുറാം എക്സ്പ്രസിൽ യാത്ര ചെയ്യുകയായിരുന്ന മല്ലപ്പള്ളി അമ്പാട്ട് ഭാഗം ഗവ. എൽ.പി സ്കൂളിലെ പ്രധാനാധ്യാപകൻ റാന്നി സ്വദേശി മോൻസി കുര്യനാണ് (55) ദേഹാസ്വാസ്ഥ്യമുണ്ടായത്.

തൃശൂരിലെ ബന്ധുമിത്രാധികളെ സന്ദർശിച്ച് മടങ്ങവേ ചാലക്കുടിക്കും അങ്കമാലിക്കും മധ്യേയാണ് അസ്വാഭാവികമായി ശരീരം വിയർക്കുകയും അസ്വസ്ഥത അനുഭവപ്പെടുകയും ട്രെയിനിൽ കുഴഞ്ഞുവീഴുകയും ചെയ്തത്. ഉടൻ കമ്പാർട്ട്​മെൻറിലെ സഹയാത്രികർ പ്രാഥമിക പരിചരണം നൽകുകയും റെയിൽവേ അധികൃതരെ വിവരം അറിയിക്കുകയും ചെയ്തു.

ട്രെയിൻ അങ്കമാലി സ്റ്റേഷനിലെത്തിയപ്പോൾ സ്റ്റേഷൻ മാസ്റ്ററും അഗ്നിരക്ഷാസേനയും മറ്റും മോൻസിയെ ആശുപത്രിയിലെത്തിക്കാൻ എല്ലാ സൗകര്യങ്ങളുമൊരുക്കി കാത്തുനിൽക്കുന്നുണ്ടായിരുന്നു. അങ്കമാലി എൽ.എഫ് ആശുപത്രിയിലും സംഭവം അറിയിച്ചിരുന്നു. ട്രെയിനിൽനിന്ന് അപരിചിതരായ സഹയാത്രികർ അവരുടെ യാത്ര മുടങ്ങുന്നതോ മറ്റ് പ്രയാസങ്ങളോ കണക്കിലെടുക്കാതെയാണ്​ മോൻസിയെ താങ്ങിയെടുത്ത് ആംബുലൻസിലും എൽ.എഫ് ആശുപത്രിയിലുമെത്തിച്ചത്.

ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ച മോൻസിക്ക്​ ആശുപത്രിയിലെ ഹൃദ്രോഗവിദഗ്​ധരായ ഡോ. സാജൻ നാരായണൻ, ഡോ. സ്റ്റിജി ജോസഫ്, ഡോ. അൻവർ, ഡോ. രാജേഷ്, ഡോ. ഹരീഷ് തുടങ്ങിയവർ അടിയന്തര​ ചികിത്സ നൽകി. മോൻസിയുടെ റാന്നിയിലുള്ള കുടുംബം ഉടൻ ആശുപത്രിയിൽ എത്തുമെന്നറിഞ്ഞതോടെയാണ് സഹയാത്രികർ മേൽവിലാസംപോലും നൽകാൻ നിൽക്കാതെ മടങ്ങിയത്. പരിശോധനയിൽ രക്തക്കുഴലിൽ ബ്ലോക്കുള്ളതായി കണ്ടെത്തിയതിനാൽ അടിയന്തര ശസ്ത്രക്രിയക്ക് വിധേയമാക്കുകയും ബ്ലോക്ക് നീക്കംചെയ്യുകയും ചെയ്തു.

മോൻസിയെ യഥാസമയം ആശുപത്രിയിലെത്തിക്കാൻ സാധിച്ചതാണ് വിലപ്പെട്ട ജീവന് തുണയായതെന്ന് ആശുപത്രി ഡയറക്ടർ ഫാ. തോമസ് വൈക്കത്ത് പറമ്പിൽ പറഞ്ഞു. രണ്ടുദിവസത്തിനകം സുഖംപ്രാപിച്ച മോൻസിയെ യാത്രയാക്കാൻ ബെന്നി ബഹനാൻ എം.പിയും എത്തിയിരുന്നു.

Tags:    
News Summary - Sickness during train journey; Companions as saviors

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.