തിരുവനന്തപുരത്ത് ദക്ഷിണമേഖല കൗൺസിൽ യോഗത്തിനെത്തിയ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ സദസ്സിനെ വണങ്ങുന്നു. കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ, മുഖ്യമന്ത്രി പിണറായി വിജയൻ, തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ തുടങ്ങിയവർ സമീപം
തിരുവനന്തപുരം: ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾക്കിടയിലെ നദീജല തർക്കങ്ങളിൽ സംയുക്ത പരിഹാരമുണ്ടാക്കണമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ.കോവളത്ത് 30ാമത് സതേൺ സോണൽ കൗൺസിൽ യോഗത്തിൽ അധ്യക്ഷത വഹിക്കുകയായിരുന്നു അദ്ദേഹം. മയക്കുമരുന്നിനെ നേരിടാൻ സംസ്ഥാനങ്ങൾ നടപടി ശക്തിപ്പെടുത്തമെന്നും അമിത് ഷാ പറഞ്ഞു. മയക്കുമരുന്നുമായി ബന്ധപ്പെട്ട പ്രശ്നങ്ങളെ കേന്ദ്ര ആഭ്യന്തര മന്ത്രാലയം അതീവ ജാഗ്രതയോടെയാണ് നേരിടുന്നത്. സംസ്ഥാനങ്ങൾ നാർക്കോ കോഓഡിനേഷൻ സെന്റർ (എൻ.സി.ആർ.ഡി) യോഗങ്ങൾ പതിവായി നടത്തുകയും അവയെ ജില്ല തലത്തിൽവരെ എത്തിക്കുകയും വേണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സമുദ്രോൽപന്ന വ്യാപാര, കയറ്റുമതി വ്യവസായത്തിൽ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾക്ക് വലിയ സാധ്യതയാണുള്ളത്. രാജ്യത്തെ 3,416 മത്സ്യബന്ധന ഗ്രാമങ്ങളിൽ 1763 എണ്ണവും സതേൺ സോണൽ കൗൺസിലിന്റെ പരിധിയിൽ വരുന്ന സംസ്ഥാനങ്ങളിലാണുള്ളത്. സാഗർമാല പദ്ധതിക്കൊപ്പം തീരദേശ സംസ്ഥാനങ്ങളിലെ പ്രമുഖ തുറമുഖങ്ങളുടെ വികസനത്തിന് വിവിധ പദ്ധതികൾ നടപ്പാക്കിയത് പ്രധാനമന്ത്രിക്ക് ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളോടുള്ള താൽപര്യം കൊണ്ടാണെന്നും അമിത് ഷാ ചൂണ്ടിക്കാട്ടി.
12 കോടിയിലധികം മത്സ്യത്തൊഴിലാളികൾക്ക് ക്യു.ആർ അധിഷ്ഠിത പി.വി.സി ആധാർ കാർഡുകൾ നൽകിയിട്ടുണ്ട്. ഇത് തിരിച്ചറിയൽ രേഖ മാത്രമായല്ല, രാജ്യത്തിന്റെ സമുദ്ര സുരക്ഷ ശക്തിപ്പെടുത്തുന്നത് കൂടിയാണ്. ഓരോ അഞ്ച് കിലോമീറ്ററിലും ഒരു ബാങ്ക് ശാഖ എന്നതാണ് സർക്കാറിന്റെ ലക്ഷ്യം. ഇക്കാര്യത്തിൽ സംസ്ഥാനങ്ങൾക്ക് വലിയ പങ്ക് വഹിക്കാനുണ്ട്. ഗ്രാമങ്ങളിൽ ബാങ്കിങ് സൗകര്യമൊരുക്കുന്നതിനും പുതിയ ശാഖകൾ തുറക്കുന്നതിനും സഹകരണ ബാങ്കുകളെ പ്രോത്സാഹിപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു.
പ്രധാന വിഷയങ്ങളിൽ ഒമ്പതെണ്ണവും ആന്ധ്ര പ്രദേശിന്റെ പുനഃസംഘടനയുമായി ബന്ധപ്പെട്ടതായിരുന്നു. ഇനിയും തീർപ്പാക്കാനുള്ള പ്രശ്നങ്ങളിൽ ഇരുസംസ്ഥാനങ്ങളും പരിഹാരമുണ്ടാക്കണമെന്ന് അമിത് ഷാ നിർദേശിച്ചു. 26 വിഷയങ്ങൾ യോഗം ചർച്ചചെയ്തു. ഒമ്പതെണ്ണം പരിഹരിക്കപ്പെട്ടു. 17 വിഷയങ്ങൾ ചർച്ചകൾക്കായി മാറ്റി
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.