കോട്ടയം: പി.സി. ജോർജിന്റെ നാവ് ആർക്കുവേണ്ടിയും പൂട്ടിക്കെട്ടി താക്കോൽ പൊലീസിന്റെ കൈയിൽ കൊടുക്കാൻ ഉദ്ദേശിക്കുന്നില്ലെന്ന് മകനും ബി.ജെ.പി നേതാവുമായ അഡ്വ. ഷോൺ ജോർജ്. പൊതുപ്രവർത്തകൻ എന്ന നിലക്ക് തനിക്ക് മുന്നിൽ വരുന്ന തെറ്റുകളും കുറ്റങ്ങളും പൊതുസമൂഹത്തിന് മുന്നിൽ ചൂണ്ടിക്കാട്ടുകയാണ് പി.സി. ജോർജ് ചെയ്യുന്നതെന്നും കോട്ടയം പ്രസ്ക്ലബിൽ മാധ്യമപ്രവർത്തകരോട് ഷോൺ പ്രതികരിച്ചു.
പി.സി. ജോർജ് എന്ത് പറഞ്ഞാലും പൊലീസിനെ ഉപയോഗിച്ച് കേസെടുപ്പിച്ച് നിശ്ശബ്ദമാക്കാനാണ് ശ്രമം. ഇതുമായി ബന്ധപ്പെട്ട സംഘങ്ങൾക്കെതിരെ പ്രതികരിച്ചാലുടൻ കേസെടുക്കുന്ന നിലപാട് പൊലീസ് തുടർന്നാൽ അതിനെ നിയമപരമായും രാഷ്ട്രീയപരമായും നേരിടും. ‘‘ലവ് ജിഹാദുമായി ബന്ധപ്പെട്ട 28 ജഡ്ജ്മെന്റുകൾ ഉണ്ട്. അങ്ങനെയാണേൽ എന്റെയും ലവ് ജിഹാദല്ലേ. എന്നാൽ അതല്ല ഇവിടത്തെ പ്രശ്നം. വിവാഹം എന്ന പേരിൽ മതപരിവർത്തനം നടക്കുന്നതിനാലാണ് പ്രതികരിക്കുന്നത്’’ -ഷോൺ ജോർജ് പറഞ്ഞു.
കോട്ടയം: പാലാ ബിഷപ് വിളിച്ചുചേർത്ത കെ.സി.ബി.സി മദ്യവിരുദ്ധ സമിതിയുടെ ലഹരിവിരുദ്ധ സമ്മേളനത്തിലെ പി.സി. ജോർജിന്റെ പ്രസംഗത്തിൽ മതവിദ്വേഷം വളർത്തുന്നതായ ഒരു പരാമർശവും ഉണ്ടായിട്ടില്ലെന്ന് സമ്മേളനത്തിൽ അധ്യക്ഷത വഹിച്ച കെ.സി.ബി.സി മദ്യവിരുദ്ധ സമിതി സംസ്ഥാന സെക്രട്ടറി പ്രസാദ് കുരുവിള. ഈ സമ്മേളനം പൂർണമായും രൂപത അതിർത്തിക്കുള്ളിലെ ജനപ്രതിനിധികൾ, വിദ്യാഭ്യാസ സ്ഥാപന അധികൃതർ തുടങ്ങിയവർ ഉൾപ്പെട്ടതായിരുന്നു. മാരകലഹരി വിഷയത്തിൽ നിലപാട് വ്യക്തമാക്കാനും പരിഹാര നിർദേശങ്ങൾ ചർച്ച ചെയ്യാനുമായിരുന്നു യോഗം വിളിച്ചത്. നാനൂറോളം പേർ പങ്കെടുത്ത സമ്മേളനമായിരുന്നു ഇത്. പ്രത്യേക ഏതെങ്കിലും മതത്തെക്കുറിച്ച് പരാമർശം ഉണ്ടായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
കോട്ടയം: കേരളത്തിൽ ലഹരി-ലവ് ജിഹാദുകൾക്ക് രഹസ്യ സംരക്ഷണം ഒരുക്കുന്നവരുടെ പൊയ്മുഖം വൈകാതെ അഴിഞ്ഞുവീഴുമെന്ന് ബി.ജെ.പി മധ്യമേഖല പ്രസിഡന്റ് എൻ. ഹരി. പി.സി. ജോർജിനെതിരെ യൂത്ത് കോൺഗ്രസ്, യൂത്ത് ലീഗ് പ്രവർത്തകർ നൽകിയ പരാതികൾ ആരെ സന്തോഷിപ്പിക്കാനാണെന്ന് അറിയാം. പ്രസംഗത്തിന്റെ പേരിൽ ജോർജിനെ വേട്ടയാടാൻ അനുവദിക്കില്ലെന്നും ഹരി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.