കൊച്ചി: ശനിയാഴ്ച ഉച്ചക്ക് അപകടത്തിൽപെട്ട ലൈബീരിയൻ ചരക്കുകപ്പൽ എം.എസ്.സി എൽസയിൽ നിന്നുള്ള കണ്ടെയ്നറുകൾ എറണാകുളം, ആലപ്പുഴ തീരങ്ങളിൽ എത്തുമെന്ന് സൂചന. കാറ്റിന്റെ ദിശക്കനുസരിച്ച് കണ്ടെയ്നറുകൾ ഒഴുകാൻ തുടങ്ങിയിട്ടുണ്ടെന്നാണ് വിവരം.
മണിക്കൂറിൽ ഒരു കിലോമീറ്റർ വേഗത്തിലാണ് കണ്ടെയ്നർ നീങ്ങുന്നത്. ഞായറാഴ്ച ഉച്ചയ്ക്ക് ശേഷം കണ്ടെയ്നർ തീരത്ത് എത്തിയേക്കാൻ സാധ്യതയുണ്ട്. നേരത്തെ തന്നെ ഒമ്പതു കണ്ടെയ്നറുകൾ കടലിൽ വീണിരുന്നു. അറബിക്കടലിൽ കൊച്ചി തീരത്തുനിന്ന് 38 നോട്ടിക്കൽ മൈൽ (70.376 കി.മീ.) അകലെയാണ് കപ്പൽ ഉള്ളത്. തീരങ്ങളിൽ കണ്ടെയ്‌നറുകൾ ശ്രദ്ധയിൽപ്പെട്ടാൽ പൊലീസിനെ അറിയിക്കാൻ നിർദേശം നൽകിയിട്ടുണ്ട്. കണ്ടെയ്നറുകളുടെ അടുത്തേക്ക് പോകരുതെന്ന് നിർദേശം നൽകിയിട്ടുണ്ട്. അതേസമയം കണ്ടെയ്നറുകളിൽ നിന്ന് ചോരുന്ന ഓയിൽ ഏത് ഭാഗത്തേക്കാണ് നീങ്ങുന്നതെന്ന് വ്യക്തമായിട്ടില്ല. തൃശൂർ മുതൽ തിരുവനന്തപുരം വരെയുള്ള തീരങ്ങളിൽ ഓയിൽ എത്താൻ സാധ്യതയുണ്ടെന്നാണ് നിഗമനം.
കപ്പൽ കൂടുതൽ ചെരിയുകയാണെന്നാണ് ഏറ്റവും പുതിയ വിവരം. ഇതോടെ കൂടുതൽ കണ്ടെയ്നറുകൾ കടലിലേക്ക് വീണു. കപ്പലിൽ തുടർന്നിരുന്ന മൂന്ന് ജീവനക്കാരെയും സുരക്ഷിതമായി മാറ്റിയിട്ടുണ്ട്. 400ഓളം കണ്ടെയ്നറുകൾ കപ്പലിലുണ്ടെന്നാണ് വിവരം. കപ്പലിലുണ്ടായിരുന്ന 24 ജീവനക്കാരിൽ ഒമ്പതുപേർ അപകട സമയത്ത് തന്നെ ലൈഫ് ജാക്കറ്റ് ഉപയോഗിച്ച് കടലിൽ ചാടിയിരുന്നു. ഇവർ ഉൾപ്പെടെ 21 പേരെ കോസ്റ്റ് ഗാർഡും നാവികസേനയും ചേർന്ന് രക്ഷപ്പെടുത്തി.
23ന് വിഴിഞ്ഞം തുറമുഖത്തുനിന്ന് പുറപ്പെട്ട കപ്പൽ ശനിയാഴ്ച കൊച്ചി തുറമുഖത്ത് എത്തേണ്ടതായിരുന്നു. ഇതിനിടെയാണ് അപകടം. അടിയന്തരസഹായം ആവശ്യപ്പെട്ട് കപ്പലിൽനിന്ന് അറിയിപ്പ് ലഭിച്ചയുടൻ കോസ്റ്റ് ഗാർഡും നാവികസേനയും രക്ഷാപ്രവർത്തനം ആരംഭിച്ചു. നാവിക സേനയുടെ ഒരു കപ്പലും രണ്ട് തീരസേന കപ്പലുകളുമാണ് അപകട സ്ഥലത്തെത്തിയത്. നേവിയും കോസ്റ്റ്ഗാർഡും ചേർന്നാണ് രക്ഷാപ്രവർത്തനം തുടരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.