കോഴിക്കോട്: ഇന്ത്യ ചരിത്രത്തെ സമഗ്രമായി കാണാൻ കഴിയാതെ ഏതെങ്കിലും ഒരു വിശ്വാസ ദർശനത്തിലൂടെ മാത്രം കാണാൻ ശ്രമിക്കുന്നത് രാജ്യം നേരിടുന്ന വലിയ വെല്ലുവിളിയാണെന്ന് ഡോ. ശശി തരൂർ എം.പി അഭിപ്രായപ്പെട്ടു.
ഫോറം ഫോർ ഡെമോക്രസി ആൻഡ് കമ്യൂണൽ അമിറ്റി (എഫ്.ഡി.സി.എ) സംഘടിപ്പിച്ച വി.ആർ. കൃഷ്ണയ്യർ അനുസ്മരണ പ്രഭാഷണ പരിപാടിയിൽ 'ഇന്ത്യ ചരിത്രത്തിലെ ബഹുസ്വരത' എന്ന വിഷയത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ബഹുസ്വരത നന്നായി പ്രതിഫലിപ്പിക്കുന്ന ഭരണഘടനയാണ് നമുക്കുള്ളത്. കൈകാര്യം ചെയ്യുന്നവരുടെ കരങ്ങൾ നന്നായെങ്കിൽ മാത്രമേ ഭരണഘടനയുടെ സദ്ഫലം ജനങ്ങൾക്ക് അനുഭവിക്കാൻ കഴിയൂവെന്ന ഭരണഘടന ശിൽപി ബി.ആർ. അംബേദ്കറുടെ വാചകം ശ്രദ്ധേയമാണ്. ഹിന്ദുത്വശക്തികൾ രാജ്യത്തിെൻറ നിലനിൽപിനുതന്നെ ഭീഷണിയാവുന്ന കാലത്ത് അംബേദ്കറുടെ വാചകങ്ങൾ ഏറെ പ്രസക്തമാണെന്നും അദ്ദേഹം പറഞ്ഞു.
ഒരു ശബ്ദം മാത്രമേ കേൾക്കാവൂ എന്നത് സ്വേച്ഛാധിപതികളുടെ ലക്ഷണമാണെന്നും രാജ്യത്തെ സാഹചര്യങ്ങൾ ആ ദിശയിലേക്കാണ് നീങ്ങുന്നതെന്നും 'ബഹുസ്വരത നേരിടുന്ന വെല്ലുവിളികൾ' എന്ന വിഷയത്തിൽ പ്രഭാഷണം നടത്തിയ ഡോ. സെബാസ്റ്റ്യൻ പോൾ അഭിപ്രായപ്പെട്ടു.
ഹിന്ദുത്വ ശക്തികൾ ഉയർത്തുന്ന ഒരു രാജ്യം, ഒരു ദേശീയത, ഒരു മതം, ഒരു ഭാഷ എന്ന മുദ്രാവാക്യം ഒരിക്കലും അംഗീകരിക്കാൻ കഴിയില്ല.ഭരണകൂടത്തിന് അസ്വീകാര്യമായ അഭിപ്രായങ്ങളും പ്രകടിപ്പിക്കാൻ കഴിയുമ്പോഴാണ് സമൂഹം ബഹുസ്വരമാവുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സമാധാനവും സഹിഷ്ണുതയുമാണ് ഭരണഘടന വിഭാവനം ചെയ്യുന്നതെന്ന് അധ്യക്ഷത വഹിച്ച എഫ്.ഡി.സി.എ കേരള ചാപ്റ്റർ ചെയർമാൻ ജസ്റ്റിസ് കെ. സുകുമാരൻ അഭിപ്രായപ്പെട്ടു. ഭരണഘടന മൂല്യങ്ങൾ ഉയർത്തിപ്പിടിക്കാൻ ജനാധിപത്യ വിശ്വാസികൾ ഒന്നിച്ച് രംഗത്തു വരണമെന്നും അദ്ദേഹം പറഞ്ഞു.
കേരള ചാപ്റ്റർ ജനറൽ സെക്രട്ടറിയും മാധ്യമം മീഡിയവൺ ഗ്രൂപ് എഡിറ്ററുമായ ഒ. അബ്ദുറഹ്മാൻ, സെക്രട്ടറി ടി.കെ. ഹുസൈൻ തുടങ്ങിയവരും സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.