അടിമാലി: ഭൂപതിവ് ചട്ടം ലംഘിച്ചും റവന്യൂ വകുപ്പിന്റെ സ്റ്റോപ് മെമ്മോ അവഗണിച്ചും സി.പി.എം ഓഫിസ് കെട്ടിടം നിർമിക്കുന്നതായി കോൺഗ്രസ്. ശാന്തൻപാറ ടൗണിൽ നിർമിക്കുന്ന സി.പി.എം ജില്ല സെക്രട്ടറിയുടെ പേരിലുള്ള ഏരിയ കമ്മിറ്റി ഓഫിസിനെതിരെയാണ് ആക്ഷേപം. റവന്യൂ വകുപ്പിന്റെ നിരാക്ഷേപ പത്രം ഇല്ലാതെയാണ് നാലുനില കെട്ടിടം നിർമിച്ചത്.
കഴിഞ്ഞ നവംബർ 25ന് റവന്യൂ വകുപ്പ് സ്റ്റോപ് മെമ്മോ നൽകിയിരുന്നു. ഇത് അവഗണിച്ച് നിർമാണം തുടർന്നു. ഈ വിവരം വ്യക്തമാക്കി നവംബർ 30ന് വില്ലേജ് ഓഫിസർ ഉടുമ്പൻചോല തഹസിൽദാർക്ക് റിപ്പോർട്ട് നൽകി. എന്നാൽ, റവന്യൂ വകുപ്പ് തുടർനടപടികൾ സ്വീകരിച്ചില്ലെന്നും ഡി.സി.സി ജനറൽ സെക്രട്ടറി ബിജോ മാണി ചൂണ്ടിക്കാട്ടുന്നു.
ജില്ലയിൽ നിർമാണ നിയന്ത്രണങ്ങൾ ഉള്ളയിടങ്ങളിൽ വീട് നിർമിക്കുന്നതിന് റവന്യൂ വകുപ്പിന്റെ എൻ.ഒ.സി നിർബന്ധമാണ്. എൻ.ഒ.സി പോലും ഇല്ലാതെയാണ് സി.പി.എം ശാന്തൻപാറ ഏരിയ കമ്മിറ്റി ഓഫിസിന്റെ നിർമാണം. എന്നാൽ, 50 വർഷം പഴക്കമുള്ള കെട്ടിടം കാലപ്പഴക്കത്താൽ അപകടാവസ്ഥയിലായതിനാൽ പുനർ നിർമിക്കുകയാണുണ്ടായതെന്ന് സി.പി.എം നേതാക്കൾ വ്യക്തമാക്കുന്നു.
കോട്ടയം: ശാന്തൻപാറയിൽ നിയമങ്ങൾ ലംഘിച്ച് നിർമിക്കുന്ന സി.പി.എം ഓഫിസ് ഇടിച്ചുനിരത്തി കുറ്റക്കാർക്കെതിരെ കേസെടുക്കണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. മൂന്ന് സര്‍ക്കാര്‍ ഉത്തരവുകൾ ലംഘിച്ചാണ് കെട്ടിടം നിർമിക്കുന്നത്. മാത്യു കുഴല്‍നാടന്റെ വീട്ടില്‍ സർവേ നടത്തുന്നവര്‍ സി.പി.എമ്മിന്റെ ഓഫീസ് നിര്‍മ്മാണവും പരിശോധിക്കണമെന്ന് അദേഹം ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.