ശാന്താനന്ദ മഹർഷി
പന്തളം: വിദ്വേഷ പ്രസംഗത്തിൽ ശാന്താനന്ദ മഹർഷിക്കെതിരായ പരാതിയുടെ അടിസ്ഥാനത്തിൽ കോൺഗ്രസ് നേതാവിന്റെ മൊഴിയെടുത്തു. കോൺഗ്രസ് മാധ്യമവക്താവ് വി.ആർ. അനൂപ് വ്യാഴാഴ്ച രാവിലെ 11.30ഓടെ അന്വേഷണ ഉദ്യോഗസ്ഥനായ പന്തളം എസ്.എച്ച്.ഒ പി.ഡി. പ്രതീഷ് മുമ്പാകെ എത്തിയാണ് മൊഴി നൽകിയത്. അനൂപിനെക്കൂടാതെ പന്തളം കൊട്ടാരം കുടുംബാംഗം പ്രദീപ് വർമ, ഡി.വൈ.എഫ്.ഐ പന്തളം ബ്ലോക്ക് കമ്മിറ്റി എന്നിവരും സ്വാമിക്കെതിരെ പരാതി നൽകിയിട്ടുണ്ട്.
സംഘ്പരിവാർ പന്തളത്ത് നടത്തിയ ശബരിമല സംരക്ഷണ സംഗമത്തിൽ വാവരെ അധിക്ഷേപിച്ച ശ്രീരാമദാസ് മിഷൻ അധ്യക്ഷൻ ശാന്താനന്ദ മഹർഷിയുടെ വിവാദ പ്രസംഗത്തിന്മേൽ കഴിഞ്ഞദിവസം പന്തളം പൊലീസ് കേസെടുത്തിരുന്നു.
വ്യാഴാഴ്ച രാവിലെ അന്വേഷണ ഉദ്യോഗസ്ഥൻ മുമ്പാകെ ഹാജരായ പരാതിക്കാരൻ വി.ആർ. അനൂപിനോട് പ്രസംഗത്തിന്റെ ഡിജിറ്റൽ തെളിവുകൾ ഹാജരാക്കാൻ നിർദേശം നൽകി. തെളിവുകൾ ഉടൻ നൽകുമെന്ന് അനൂപ് ‘മാധ്യമ’ത്തോട് പറഞ്ഞു.
തിങ്കളാഴ്ച ശബരിമല കർമസമിതി പന്തളത്ത് നടത്തിയ ശബരിമല സംരക്ഷണ സംഗമത്തിലാണ് വിദ്വേഷപ്രസംഗം നടത്തിയത്. വാവർ തീവ്രവാദിയാണെന്നും മുസ്ലിം ആക്രമണകാരിയാണെന്നുമായിരുന്നു ശാന്താനന്ദ പറഞ്ഞത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.