തിരുവനന്തപുരം: കർക്കടക വാവുബലിയോടനുബന്ധിച്ച് വിവിധ കേന്ദ്രങ്ങളിൽ വിപുലമായ ഒരുക്കം. അപകട സാധ്യത കണക്കിലെടുത്ത് ശംഖുംമുഖം തീരപ്രദേശത്ത് ബലിതർപ്പണം അനുവദിക്കില്ലെന്ന് സിറ്റി പൊലീസ് കമീഷണർ ജി. സ്പർജൻ കുമാർ അറിയിച്ചു.
തിരുവല്ലം ശ്രീ പരശുരാമ സ്വാമി ക്ഷേത്രത്തിലെ വാവുബലിയോടനുബന്ധിച്ചുള്ള സുരക്ഷ ക്രമീകരണങ്ങളുടെ ഭാഗമായി ഭക്തജനങ്ങൾക്ക് സൗകര്യപ്രദമായി ബലിതർപ്പണം നടത്തുന്നതിന് പൊലീസ് വിപുലമായ സംവിധാനമൊരുക്കി. ക്ഷേത്രത്തിൽ ബലിതർപ്പണത്തിനായെത്തുന്ന വാഹനങ്ങൾ ബി.എൻ.വി സ്കൂൾ, അർച്ചന ഹോട്ടലിനു എതിർവശം, സമീപത്തുമുള്ള ഗ്രൗണ്ടുകൾ, ബൈപാസിന്റെ ഇരുവശം എന്നിവിടങ്ങളിൽ ഗതാഗത തടസ്സം കൂടാതെ പാർക്ക് ചെയ്യണം. കഴിവതും ഇരുചക്രവാഹനങ്ങൾ ഉപയോഗിക്കണം. ആഭരണങ്ങളും വിലപിടിപ്പുള്ള വസ്തുക്കളും നഷ്ടമാകാതെ സൂക്ഷിക്കണം.
അമ്പലത്തിന് മൂന്ന് കിലോമീറ്റർ ചുറ്റളവിൽ സി.സി. ടി.വി കാമറകൾ സ്ഥാപിച്ചിട്ടുണ്ട്. 500ഓളം പെലീസ് ഉദ്യോഗസ്ഥരെ സുരക്ഷ ക്രമീകരണങ്ങൾക്കായി നിയോഗിച്ചു.
ബാലരാമപുരം, നെയ്യാറ്റിൻകര, വെങ്ങാനൂർ ഭാഗങ്ങളിൽ നിന്ന് വരുന്ന വാഹനങ്ങൾ പാച്ചല്ലൂരിൽനിന്ന് ഇടത്തോട്ട് തിരിഞ്ഞ് വാഴമുട്ടം വഴി തിരുവല്ലം ഭാഗത്തേക്ക് വരണം. തമ്പാനൂർ, ശംഖുംമുഖം, കഴക്കൂട്ടം, കിഴക്കേകോട്ട തുടങ്ങിയ സ്ഥലങ്ങളിൽ നിന്ന് വരുന്നവർ തിരുവല്ലം പാലം വഴി ടോൾ ഗേറ്റിനു സമീപം റോഡരികിൽ പാർക്ക് ചെയ്യണം. വെള്ളായണി, കരുമം, കൈമനം വഴി വരുന്നവർ ബി.എൻ.വി സ്കൂൾ ഗ്രൗണ്ടിലാണ് പാർക്ക് ചെയ്യേണ്ടത്. തിരുവല്ലം ജങ്ഷൻ മുതൽ പാച്ചല്ലൂർ വരെയും ക്ഷേത്രത്തിന് സമീപത്തുനിന്ന് അമ്പലത്തറ വരെയും തിരുവല്ലം എൽ.പി.എസ് റോഡിൽ ബി.എൻ.വി വരെയും പാർക്കിങ് അനുവദിക്കില്ലെന്നും പൊലീസ് നിർദേശിക്കുന്ന ക്രമീകരണങ്ങളോട് പൊതുജനങ്ങൾ സഹകരിക്കണമെന്നും കമീഷണർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.